തിരുവനന്തപുരം: മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്.പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഏറെനാളത്തെ ഷൂട്ടിംഗിന് ശേഷം ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. നടൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചത്. 'ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു', എന്നാണ് മോഹൻലാൽ ചിത്രത്തിനൊപ്പം കുറിച്ചത്.

2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസൺ നാല് വേദിയിൽ മോഹൻലാൽ പറഞ്ഞിരുന്നു. 'ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ', എന്നായിരുന്നു മോഹൻലാൽ പറഞ്ഞിരുന്നത്.

പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ബറോസിൽ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേൽ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.