- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക പ്രസക്തിയോടെ വിശ്വവിഖ്യാതമായ മൂക്ക് വീണ്ടും അരങ്ങിൽ
കൊച്ചി: ''കൊച്ചി മെട്രോയെക്കുറിച്ച് മൂക്കന് എന്താണ് അഭിപ്രായം?'' ചോദ്യത്തിന് മൂക്കന് ഉത്തരമില്ല. മൂക്കന്റെ മൗനത്തിന് ഉടൻ കൂടെയുള്ളവർ അർഥം നൽകി. കൊച്ചി മെട്രോ അടുത്ത കാലത്തെങ്ങും നടക്കില്ല... സദസ്സിൽനിന്ന് നീണ്ട കരഘോഷം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചൊവ്വാഴ്ച വൈകിട്ട് ലോകധർമി അവതരിപ്പിച്ച 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന നാടകത്തിലാണ
കൊച്ചി: ''കൊച്ചി മെട്രോയെക്കുറിച്ച് മൂക്കന് എന്താണ് അഭിപ്രായം?'' ചോദ്യത്തിന് മൂക്കന് ഉത്തരമില്ല. മൂക്കന്റെ മൗനത്തിന് ഉടൻ കൂടെയുള്ളവർ അർഥം നൽകി. കൊച്ചി മെട്രോ അടുത്ത കാലത്തെങ്ങും നടക്കില്ല... സദസ്സിൽനിന്ന് നീണ്ട കരഘോഷം. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചൊവ്വാഴ്ച വൈകിട്ട് ലോകധർമി അവതരിപ്പിച്ച 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന നാടകത്തിലാണ് കൊച്ചി മെട്രോയും മറ്റ് സാമൂഹിക വിഷയങ്ങളും അരങ്ങിലെത്തിയത്. വൈക്കം മുഹമ്മദ്ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്' എന്ന അമൂല്യ സൃഷ്ടിക്കാണ് ലോകധർമി നാടക പഠനകേന്ദ്രം വ്യത്യസ്ത നാടകാവിഷ്‌കാരം ഒരുക്കിയത്.
ലോകധർമി ഡയറക്ടർ ചന്ദ്രദാസനും വാഷിങ്ടൺ സ്റ്റേറ്റ് സർവകലാശാല നാടകവിഭാഗം പ്രൊഫ. ഡോ. ടെറി കൺവേഴ്‌സും ചേർന്നാണ് ബഷീറിന്റെ കഥയ്ക്ക് നാടകഭാഷ്യം നൽകിയത്. കൂടുതൽ ശബ്ദവിന്യാസങ്ങളുടെയും രംഗസജ്ജീകരണങ്ങളുടെയും സഹായമില്ലാതെ മുഖംമൂടിയണിഞ്ഞാണ് എല്ലാ കഥാപാത്രങ്ങളും വേദിയിലെത്തിയത്. ഒരു പാചകക്കാരന്റെ മൂക്കിന് അസാധാരണ വലിപ്പം വയ്ക്കുന്നതും അതുയർത്തുന്ന സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രശ്‌നങ്ങളുമാണ് നാടകം പറഞ്ഞത്.
50 മിനിറ്റുള്ള നാടകത്തിൽ 14 കലാകാരന്മാരാണ് അണിനിരന്നത്. മലയാളവും ജല്പന ഭാഷയും ഒരുപോലെ ഉപയോഗിച്ച നാടകത്തിൽ മൂക്കനെ അവതരിപ്പിച്ചത് തൃപ്പൂണിത്തുറ സ്വദേശി വി ആർ സെൽവരാജാണ്. ആദ്യമായാണ് എല്ലാ കലാകാരന്മാരെയും മുഖംമൂടി അണിച്ച് ലോകധർമി നാടകം ചെയ്യുന്നതെന്ന് ചന്ദ്രദാസൻ പറഞ്ഞു. സമൂഹത്തിലെ മുഖംമൂടിയണിഞ്ഞ പൊള്ളത്തരങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ നാടകമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ടെറി കൺവേഴ്‌സും ചന്ദ്രദാസനും ചേർന്ന് മൂന്നുമാസം നടത്തിയ അഭിനയപരിശീലന കളരിയുടെ ഭാഗമായാണ് നാടകം രൂപപ്പെട്ടത്. നാടത്തിനുമുമ്പ് നടന്ന ചടങ്ങിൽ ലോകധർമിയിലെ കലാകാരന്മാർക്ക് കവി എസ് രമേശൻ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.