തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുന്നുവെന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ. ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഞാൻ ബിജെപിയിൽ ചേർന്നതുകൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നാണ് അനുമാനം. ഞാൻ ബിജെപിയിൽ ചേർന്ന ഒറ്റ സംഗതി മതി കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട് ലഭിക്കും'. ഈ വിഷയത്തിൽ ഇ.ശ്രീധരന്റെ സാമൂഹിക പാഠം ശരിയല്ലെന്ന് വാദിക്കുകയാണ്ബഷീർ വള്ളിക്കുന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ.

 

'ഇത്ര പ്രായമായിട്ടും കേരള സമൂഹത്തെക്കുറിച്ച്, അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് ഒരു നയാപ്പൈസയുടെ തിരിച്ചറിവ് തനിക്കില്ല എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് അത്. ഒരു കാര്യം ഉറപ്പാണ്, എൺപത്തിയെട്ട് വയസ്സിന്റെ ജീവിതാനുഭവങ്ങൾ നൽകാത്ത സാമൂഹ്യ പാഠം അദ്ദേഹത്തിന് ഇനി വരുന്ന നാളുകൾ നല്കും. ഇരുമ്പും കമ്പിയും സിമന്റുമൊക്കെ അദ്ദേഹം പഠിച്ചിരിക്കും, പക്ഷേ കേരള ജനത എന്താണെന്ന് പഠിക്കാനിരിക്കുന്നതേയുള്ളൂ.'-ബഷീർ വള്ളിക്കുന്ന് കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇ ശ്രീധരൻ അദ്ദേഹം ജോലി ചെയ്ത ഫീൽഡിൽ നല്ല പെർഫോമൻസ് കാഴ്ച വെച്ച ആളാണ്. ആ ബഹുമാനം അദ്ദേഹത്തിന് കേരള സമൂഹം നൽകിയിട്ടുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വീക്ഷണങ്ങളോട് ആ ബഹുമാനവും ആദരവും കേരള സമൂഹം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കരുത്. മനുഷ്യരെ മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ തമ്മിൽ തല്ലിച്ച് ആ ധ്രുവീകരണം വോട്ടാക്കി മാറ്റി അധികാരത്തിൽ എത്തുക എന്ന രാഷ്ട്രീയ വീക്ഷണം ഒരാൾ എപ്പോൾ എൻഡോർസ് ചെയ്യുന്നുവോ ആ നിമിഷം അയാളുടെ സാമൂഹ്യവീക്ഷണം വിഷലിപ്തമായി എന്ന് പറയേണ്ടി വരും..

ഈ വസ്തുത കൃത്യമായി തിരിച്ചറിഞ്ഞ ഒരു സമൂഹമാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെയാണ് ഈ മണ്ണിൽ ആ വർഗീയ വിത്തിന് വേരോടാനുള്ള അവസരം ലഭിക്കാത്തത്. 'എന്നെപ്പോലെ ഇമേജുള്ള ഒരാൾ ബിജെപിയിൽ ചേരുന്നതോടെ ആ പാർട്ടിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകും' എന്ന് അദ്ദേഹം പറഞ്ഞതായി വായിച്ചു. ഇത്ര പ്രായമായിട്ടും കേരള സമൂഹത്തെക്കുറിച്ച്, അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് ഒരു നയാപ്പൈസയുടെ തിരിച്ചറിവ് തനിക്കില്ല എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരു പ്രസ്താവനയാണ് അത്. ഒരു കാര്യം ഉറപ്പാണ്, എൺപത്തിയെട്ട് വയസ്സിന്റെ ജീവിതാനുഭവങ്ങൾ നൽകാത്ത സാമൂഹ്യ പാഠം അദ്ദേഹത്തിന് ഇനി വരുന്ന നാളുകൾ നല്കും.

ഇരുമ്പും കമ്പിയും സിമന്റുമൊക്കെ അദ്ദേഹം പഠിച്ചിരിക്കും, പക്ഷേ കേരള ജനത എന്താണെന്ന് പഠിക്കാനിരിക്കുന്നതേയുള്ളൂ.