- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ല; വരുന്ന ജൂൺ മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും; കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം; തിയേറ്ററുകളിൽ പോയി സിനിമകൾ കാണാം; 1979ന് മുമ്പുള്ള സഊദിയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ എംബിഎസ് തിരിച്ചുപിടിക്കുമ്പോൾ; ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ഈ വരുന്ന ജൂൺ മാസം മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും. അവർ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ്സ് സമുച്ചയങ്ങളും പടുത്തുയർത്തും. കുടുംബത്തിലെ ഒരു പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തന്നെ അവർക്ക് ഐ ഡി കാർഡുകൾ ലഭിക്കും, ആരുടേയും അകമ്പടിയില്ലാതെ അവർക്ക് യാത്രകൾ നടത്താൻ പറ്റും. കറുത്ത അബായകൾ ധരിക്കാതെ തന്നെ അവർക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയും. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം ലഭിക്കും. തിയേറ്ററുകളിൽ പോയി സിനിമകൾ കാണാൻ സാധിക്കും. സഊദി അറേബ്യയിൽ നിന്നുള്ള സാമൂഹ്യ പരിവർത്തനത്തിന്റെ വാർത്തകളെ മാറ്റത്തിന്റെ കാറ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ഉചിതമാകുക മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നതാകും. അത്ര വേഗത്തിലും ചടുലതയിലുമാണ് സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ സഊദി അറേബ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സങ്കല്പിക്കാൻ പോലും സാധിക്കാതിരുന്ന ഒരു സഊദി അറേബ്യയാണ് ഇനി ലോകത്തിന്റെ മുന്നിൽ കൺതുറക്കാൻ പോകുന്നത്. സഊദി അറേബ്യയുടെ ഭാവിനയങ്ങളെക്കു
ഈ വരുന്ന ജൂൺ മാസം മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും. അവർ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ്സ് സമുച്ചയങ്ങളും പടുത്തുയർത്തും. കുടുംബത്തിലെ ഒരു പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തന്നെ അവർക്ക് ഐ ഡി കാർഡുകൾ ലഭിക്കും, ആരുടേയും അകമ്പടിയില്ലാതെ അവർക്ക് യാത്രകൾ നടത്താൻ പറ്റും. കറുത്ത അബായകൾ ധരിക്കാതെ തന്നെ അവർക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയും. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം ലഭിക്കും. തിയേറ്ററുകളിൽ പോയി സിനിമകൾ കാണാൻ സാധിക്കും. സഊദി അറേബ്യയിൽ നിന്നുള്ള സാമൂഹ്യ പരിവർത്തനത്തിന്റെ വാർത്തകളെ മാറ്റത്തിന്റെ കാറ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ഉചിതമാകുക മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നതാകും. അത്ര വേഗത്തിലും ചടുലതയിലുമാണ് സാമൂഹികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ സഊദി അറേബ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സങ്കല്പിക്കാൻ പോലും സാധിക്കാതിരുന്ന ഒരു സഊദി അറേബ്യയാണ് ഇനി ലോകത്തിന്റെ മുന്നിൽ കൺതുറക്കാൻ പോകുന്നത്.
സഊദി അറേബ്യയുടെ ഭാവിനയങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ലോകത്തിന് മുന്നിൽ തുറന്ന് വെച്ചത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെയാണ്. പ്രധാനപ്പെട്ട രണ്ട് അഭിമുഖങ്ങളാണ് അമേരിക്കൻ മാധ്യമങ്ങൾക്ക് അദ്ദേഹം നൽകിയത്. ന്യൂയോർക്ക് ടൈംസിന്റെ തോമസ് ഫ്രീഡ്മാനും സി ബി എസ് ടെലിവിഷന്റെ നോറ ഒ ഡോണലിനും. ഈ രണ്ട് അഭിമുഖങ്ങളിലും സഊദി അറേബ്യയുടെ ഭാവി എങ്ങിനെയായിരിക്കുമെന്നതിനെക്കുറിച്ച വളരെ കൃത്യമായ നിലപാടുകളാണ് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത്. കൃത്യമായ നിലപാടുകൾ എന്ന് പറഞ്ഞാൽ ഒട്ടും അർത്ഥ ശങ്കക്കിടയില്ലാത്ത വിധം മാറുന്ന സഊദിയുടെ ഒരു ബ്ലൂ പ്രിന്റ് തന്നെ. വരികൾക്കിടയിൽ വായിക്കാനോ വിശദീകരിക്കാനോ സ്‌കോപ്പില്ലാത്തവ. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പതിന് മുമ്പുള്ള സഊദി അറേബ്യയുടെ സാമൂഹിക സാംസ്‌കാരിക ജീവിതത്തെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നുള്ള കൃത്യമായ പ്രഖ്യാപനം. സ്ത്രീകൾ ഡ്രൈവ് ചെയ്യുകയും തെരുവുകളിലൂടെ മുഖം മറക്കാതെ സാധാരണ വേഷത്തിൽ നടക്കുകയും ചെയ്തിരുന്ന കാലം. തൊഴിലിടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു കാലം. സിനിമാ ശാലകൾ ഉണ്ടായിരുന്ന കാലം. ആ കാലത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. അറുപതുകളിലും എഴുപതുകളിലും സഊദി അറേബ്യ എങ്ങിനെയായിരുന്നു എന്ന് ധാരണയില്ലാത്തവർ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കൂ എന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പതിന്റെ പ്രത്യേകത ഇറാനിൽ ആയത്തുള്ള ഖൊമേനി അധികാരത്തിൽ വന്ന വർഷമാണെന്നതാണ്. ഷാ ഭരണത്തെ തകർത്ത് 'ഇറാനിയൻ വിപ്ലവം' കൊടി പാറിച്ച വർഷം. അതേ വർഷം തന്നെയാണ് സൗദി അറേബ്യയിൽ മതചിന്തകളിൽ തീവ്രസ്വഭാവമുള്ള വിഭാഗം സ്വാധീനം ഉറപ്പിച്ചതായി രാജകുമാരൻ ചൂണ്ടിക്കാണിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലുള്ള സാമൂഹ്യ ജീവിതത്തിൽ നിന്നും വ്യത്യസ്തമായി മതത്തിന്റെ പേരിലുള്ള കണിശതകളിലേക്ക് രാജ്യം മാറിയത് അത്തരം ചിന്താഗതികൾ പിടിമുറുക്കിയതുകൊണ്ടാണെന്നും അതിൽ നിന്നുള്ള സമ്പൂർണ്ണ മോചനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം തുറന്നു പറയുന്നു. ഏതാണ്ട് മൂന്നര പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന അത്തരമൊരു സാമൂഹ്യ ക്രമത്തെ പെട്ടെന്ന് ഉടച്ചു വാർക്കേണ്ടതുണ്ടെന്നും ആ ഉടച്ചു വാർക്കലിന് വേണ്ടി ഇനിയും കുറെ പതിറ്റാണ്ടുകൾ നഷ്ടപ്പെടുത്താൻ വയ്യെന്നും മുപ്പത്തിരണ്ടുകാരനായ കിരീടാവകാശി പറയുമ്പോൾ അത് സഊദി യുവത്വത്തിന്റെ കൂടി ശബ്ദമാവുകയാണ്. തന്റെ തലമുറയിൽ പെട്ട യുവതീ യുവാക്കളാണ് മതതീവ്ര നിലപാടുകളുടെ പേരിലുണ്ടായ പ്രയാസങ്ങൾ കൂടുതൽ അനുഭവിച്ചിട്ടുള്ളതെന്നും അതിനൊരു മാറ്റം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്. അതായത് മാറ്റങ്ങൾക്ക് വേണ്ടി ഇനിയൊരു തലമുറ കൂടി കാത്തിരിക്കാൻ സമയമില്ലെന്ന് തന്നെ.
വിഷൻ 2030 എന്ന് പേരിട്ടിട്ടുള്ള നയരേഖയാണ് സഊദി അറേബ്യയുടെ ഭാവിയിലേക്കുള്ള മാനിഫെസ്റ്റോ. സൽമാൻ രാജാവിന്റെ മേൽനോട്ടത്തിൽ തയ്യാർ ചെയ്യപ്പെട്ട ഈ പത്രികയുടെ പ്രധാന സൂത്രധാരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തന്നെയാണ്. സാമ്പത്തികം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലുമുള്ള മാറ്റത്തിന്റെ കരട് രേഖയാണിത്. വലിയ അഴിച്ചു പണികളാണ് എല്ലാ മേഖലകളിലും നടക്കാൻ പോകുന്നത്. തൊഴിൽ രംഗത്തെ മാറ്റങ്ങൾ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികളെക്കൂടി ബാധിക്കുന്നതാണ്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കൂടുതൽ തൊഴിൽ മേഖലകൾ സഊദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മലയാളികൾ വളരെയേറെ തൊഴിലെടുത്തിലിരുന്ന മൊബൈൽ ഇലക്ട്രോണിക് ഷോപ്പുകൾ നൂറ് ശതമാനം സ്വദേശിവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഏറെക്കുറെ മലയാളികളുടെ കുത്തകയെന്ന് വിളിക്കാവുന്ന 'ബക്കാലകൾ' അഥവാ ചെറുകിട ഗ്രോസറി ഷോപ്പുകൾ അടുത്ത ഘട്ടത്തിൽ സമ്പൂർണ സ്വദേശിവത്കരത്തിലേക്ക് നീങ്ങും.
ഇൻഷുറൻസ് സ്ഥാപനങ്ങൾ, തുണി ഷാപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങി എല്ലാ മേഖലകളിലേക്കും ഇത് കടന്നു വരുന്നതോടെ ലക്ഷക്കണക്കിന് മലയാളികൾ തിരിച്ചു വരേണ്ടി വരും. അതിന്റെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. കേരള മൈഗ്രെഷൻ സർവ്വേ പ്രകാരം അഞ്ചര ലക്ഷം മലയാളികളാണ് സഊദി അറേബ്യയിലുള്ളത്. ഇവരിൽ വലിയൊരു ശതമാനം ഇതിനകം തന്നെ നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരിൽ എത്ര ശതമാനം പേർക്ക് പുതിയ തൊഴിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സഊദിയിൽ തുടരാൻ പറ്റുമെന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നമാണ്. നമ്മുടെ സമ്പദ്ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉയർത്തിയേക്കാവുന്ന ഈ കുടിയിറക്കത്തെക്കുറിച്ച് കേരളത്തിൽ കാര്യമായ ചർച്ചകളൊന്നും നടക്കുന്നില്ല എന്നത് അത്ഭുതകരം തന്നെയാണ്.
പെട്രോളിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു എക്കോണമിയെ കുറേക്കൂടി വൈവിധ്യപൂർണ്ണമാക്കാനുള്ള ശ്രമമാണ് സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സഊദിയിൽ നടക്കുന്നത്. എണ്ണയുടെ വിലയിടവ് ആഭ്യന്തര വരുമാനത്തിൽ സൃഷ്ടിച്ച വൻകുറവ് മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തിക്കൊണ്ട് പരിഹരിക്കുവാനുള്ള ശ്രമം. ക്രൂഡ് ബാരലിന് നൂറ്റി അമ്പതു ഡോളർ വരെ ഉയർന്ന് നിന്നിരുന്ന ഒരു കാലത്തിൽ നിന്ന് അതിന്റെ വില ഘട്ടം ഘട്ടമായി ഇടിഞ്ഞു മുപ്പത് ഡോളറിലേക്കും അതിന് താഴേക്കും പൊയ്‌ക്കൊണ്ടിരുന്ന അവസ്ഥ വന്നു. അത്തരമൊരു ഘട്ടത്തിലാണ് സഊദി അറേബ്യ സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. സഊദി അറേബ്യക്ക് മാത്രമല്ല, പെട്രോൾ മുഖ്യ വരുമാനമായ എല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക നിലയെ തകിടം മറിക്കുന്നതായിരുന്നു ഇന്ധന വിലയിലുണ്ടായ ഈ തകർച്ച.
അമേരിക്കൻ ഷെയിൽ ഓയിലിന്റെ വരവും ആൾട്ടർനേറ്റീവ് എനർജി രംഗത്തുണ്ടായ മാറ്റങ്ങളുമൊക്കെയാണ് ഇന്ധന വില തകർച്ചക്ക് പ്രധാന കാരണം. പെട്രോൾ വരുമാനത്തെ പൂർണമായി ആശ്രയിക്കുന്നതിൽ നിന്ന് ചടുലമായ മാറ്റം അനിവാര്യമാക്കിയ സാമ്പത്തിക പ്രതിസന്ധി. വിദേശ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമുള്ള ലെവികളും വാറ്റ് അടക്കമുള്ള ടാക്‌സുകളുമൊക്കെ സർക്കാരിന് നടപ്പിലാക്കേണ്ടി വന്നത് ഇത്തരമൊരു നിർബന്ധിത സാഹചര്യത്തിലാണ്. സമ്പൂർണ്ണ തകർച്ചയിൽ നിന്ന് പെട്രോളിന്റെ വില ഇപ്പോൾ കരകയറിയിട്ടുണ്ടെങ്കിലും ഭാവിയിൽ അത് ഏത് ദിശയിലേക്ക് നീങ്ങുമെന്ന് പറയുക വയ്യാത്തതിനാൽ സാമ്പത്തിക പരിഷ്‌കാരങ്ങളിൽ നിന്നും ലെവികളിൽ നിന്നും ഒരു പിന്മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
മുസ്ലിംകളല്ലാത്ത മറ്റ് വിശ്വാസ സമൂഹങ്ങളെക്കൂടി ഉൾകൊള്ളാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ബഹുസ്വരതയുടെ സംസ്‌കാരം കൂടി സഊദി മണ്ണിൽ തളിർത്ത് വരുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലദ്ധ്യക്ഷൻ സർക്കാരിന്റെ ക്ഷണപ്രകാരം സഊദിയിലെത്തിയത് അതിന്റെ സൂചനയാണ്. ലബനാൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയർക്കിസ് കർദിനാൾ ബിഷാറ അൽറായുടെ സഊദി സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയത്.
സ്ത്രീ ശാക്തീകരണ വിഷയത്തിലടക്കം ചടുലമായ മാറ്റങ്ങളോട് സഊദി സമൂഹം സമരസപ്പെടുവാൻ സമയമെടുത്തെന്ന് വരാം. അത് തികച്ചും സ്വാഭാവികവുമാണ്. ശീലിച്ചു പോയ സമ്പ്രദായങ്ങളിൽ നിന്നും മതപരമായ വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതുന്ന ദൈനംദിന ജീവിത രീതികളിൽ നിന്നും പെട്ടെന്നൊരു മാറ്റം ഒരു സമൂഹവും അംഗീകരിക്കില്ല. അതിന് അതിന്റേതായ സമയമെടുക്കും. അത്തരമൊരു സമയദൈർഘ്യം സൗദിയിലെ മാറ്റങ്ങൾക്കും ഉണ്ടാകും. സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം നൽകുവാൻ രാജകുടുംബം മുമ്പേ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പൊതുവിൽ യാഥാസ്ഥിതിക ചിന്താധാരകളോട് അടുപ്പം പുലർത്തുന്ന പൊതുസമൂഹം അതിനെ ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് അനുകൂലമായി അബ്ദുല്ല രാജാവ് രണ്ടായിരത്തി അഞ്ചിൽ തന്നെ അഭിപ്രായം പ്രകടിപ്പിച്ചതാണ്. സമൂഹം അതിനു പാകപ്പെടുന്ന ഒരു നാൾ വരുമെന്നും അന്നവർക്ക് അത് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വസ്ത്രധാരണത്തിലെ കടുംപിടുത്തങ്ങളിൽ നിന്നുള്ള മാറ്റവും സഊദി രാജകുമാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കറുത്ത അബായയും കറുത്ത ശിരോവസ്ത്രവും സ്ത്രീകൾ അണിയണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും പൊതു ഇടങ്ങളിൽ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും മാന്യമായ വസ്ത്രം ധരിക്കുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ കാഴ്ചപ്പാടെന്നും അദ്ദേഹം പറയുന്നു. പൊതുമര്യാദകൾക്കും സംസ്‌കാരത്തിനും അനുയോജ്യമായ രൂപത്തിൽ സ്ത്രീകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നർത്ഥം.
സഊദി പാർലിമെന്റ് എന്ന് വിളിക്കാവുന്ന ശൂറ കൗൺസിലിൽ സ്ത്രീകൾക്ക് ഇരുപത് ശതമാനം സംവരണമുണ്ട്. ശൂറയിലെ നൂറ്റമ്പത് മെമ്പർമാരിൽ മിനിമം മുപ്പത് പേർ സ്ത്രീകളായിരിക്കണം. 2013 ഫെബ്രുവരിയിൽ മുപ്പത് സ്ത്രീകൾ അബ്ദുല്ല രാജാവിന്റെ സാന്നിധ്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ശൂറ കൗൺസിലിൽ എത്തിയപ്പോൾ സ്ത്രീ ശാക്തീകരണ രംഗത്ത് അതൊരു വിപ്ലവമായിരുന്നു. ലിംഗനീതിക്ക് വേണ്ടി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന രാജ്യങ്ങളിൽ പോലും ഉറപ്പ് വരുത്താൻ സാധിക്കാത്ത വിധമുള്ള സ്ത്രീ പ്രാതിനിധ്യമായിരുന്നു അത്. ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനും തുല്യ പ്രാതിനിധ്യത്തിനും വേണ്ടി നിരവധി നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ലോക്‌സഭയിലെ സ്ത്രീ പ്രാതിനിധ്യം 11.3 ശതമാനം മാത്രമാണ് എന്നോർക്കുക. അത് തന്നെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ത്രീ പ്രാതിനിധ്യമാണ്. വിദ്യാഭാസം, ആരോഗ്യം, സാഹിത്യം, കല തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളെ രാജാവ് നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ശൂറ കൗൺസിലിൽ മാത്രമല്ല, സഊദി ക്യാബിനറ്റിലും രാജാവിനോടൊപ്പമിരുന്ന് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്ന വനിതാ മന്ത്രിമാരുണ്ട്. മതവിധികൾ പുറപ്പെടുവിക്കാനുള്ള (ഫത്വ) അവകാശം പുരുഷന്മാർക്ക് മാത്രമായിരുന്നത് എടുത്ത് കളഞ്ഞു കൊണ്ട് സ്ത്രീകൾക്കും അതിനുള്ള അവകാശമുണ്ടെന്ന് ശൂറ കൗൺസിൽ വോട്ടിനിട്ട് പാസ്സാക്കിയത് കഴിഞ്ഞ വർഷമാണ്.
തൊഴിൽ മേഖലയിൽ ഇന്ന് സഊദിയിൽ ഇരുപത്തിരണ്ട് ശതമാനം സ്ത്രീകളുണ്ട്. അവരുടെ പ്രാതിനിധ്യം മുപ്പത് ശതമാനത്തിലേക്ക് ഉയർത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ കമ്പനികളിലും തൊഴിലിടങ്ങളിലും സ്ത്രീകളുടെ നിയമനത്തിന് വൻ പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്. സൗദിയിലെ വൻകിട സൂപ്പർ മാർക്കറ്റുകളിലെ ക്യാഷ് കൗണ്ടറുകളിലെല്ലാം സഊദി സ്ത്രീകൾ നിരന്നിരിക്കുന്ന കാഴ്ച അവിടെ കയറിയിറങ്ങുന്ന ആർക്കും ഇന്ന് കാണാൻ പറ്റും. ഏതാനും വർഷങ്ങൾക്ക് മുമ്പ് പേരിന് പോലും ഒരു സഊദി സ്ത്രീ ജോലിക്കാരിയായി ഇല്ലാത്ത ഇടങ്ങളായിരുന്നു ഇവയെല്ലാം. സ്വകാര്യ ആശുപത്രികളുടെ റിസ്പഷൻ കൗണ്ടറുകളിൽ, ലാബുകളിൽ, നഴ്സിങ് റൂമുകളിൽ തുടങ്ങി എല്ലായിടത്തും സഊദി വനിതകളുടെ ശക്തമായ സാന്നിധ്യം ഇന്നുണ്ട്. ഒരു ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തിലാണ് മാറ്റം സൗദിയിലേക്ക് എത്തുന്നത് എന്ന്ചുരുക്കം.
എഴുപതിനായിരം സ്ത്രീകൾക്ക് ഡ്രൈവിങ് പരിശീലനം നൽകുവാനുള്ള വൻ സജ്ജീകരണങ്ങളാണ് പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സഊദി സ്പോർട്സ് അഥോറിറ്റിയുടെ വൈസ് ചെയർമാനായി കഴിഞ്ഞ വർഷം നിയമിതയായ പ്രിൻസസ് റീമ അൽ സഊദ് ഒരഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരമാണ്. 'സഊദി സ്ത്രീകളുടെ കഴിവുകളിലേക്കും അവരുടെ പ്രതിഭകളിലേക്കുമാണ് നാം ഫോക്കസ് ചെയ്യേണ്ടത്, അവരുടെ വസ്ത്രത്തിലേക്കല്ല' സഊദി വനിതകളുടെ ഒരു ഒളിമ്പിക് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സൗദി സ്പോർട്സ് കൗൺസിലിനെ നയിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയുള്ള പ്രിൻസസ് റീമ. 'ഡ്രൈവ് ചെയ്യാനും സ്റ്റേഡിയത്തിൽ കയറാനുമുള്ള അവകാശങ്ങൾ നേടിയെടുത്തതിൽ സന്തോഷമുണ്ട്. എന്നാൽ അവിടെ അവസാനിക്കുന്നില്ല സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമങ്ങൾ.. അതിനിയും ഏറെ മുന്നോട്ട് പോവുക തന്നെ ചെയ്യും'. പ്രിൻസസ് റീമയുടെ വാക്കുകളിൽ തെളിയുന്നത് സഊദി വനിതകളുടെ മാറ്റത്തിന്റെ ചക്രവാളമാണ്.
(ബഷീർ വള്ളിക്കുന്ന് തന്റെ ബ്‌ളോഗായ വള്ളിക്കുന്ന് ഡോട്‌കോമിൽ എഴുതിയ ലേഖനം)