മലപ്പുറത്തെ പെൺകുട്ടികളുടെ ഡാൻസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ ആർ ജെ സൂരജിന് നേരെയുള്ള ഭീഷണികളും അതേത്തുടർന്നുണ്ടായ സംഭവ വികാസങ്ങളും ശ്രദ്ധിക്കാനിടയായി..

എന്താണ് സൂരജ് ചെയ്ത തെറ്റ്?

പെൺകുട്ടികളുടെ ഫ്ളാഷ് മോബിനെക്കുറിച്ച് ചിലർ കടുത്ത ഭാഷയിൽ വിമർശനമുയർത്തി. ആ പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു. സ്വാഭാവികമായും ആ അവഹേളങ്ങൾക്കെതിരെ സ്വാതന്ത്ര്യ ബോധമുള്ള പലരും പ്രതികരിച്ചു. ഞാനും പ്രതികരിച്ചിരുന്നു. സൂരജിന്റെ പ്രതികരണവും ഞാൻ ഇപ്പോൾ കണ്ടു.. ആ പ്രതികരണത്തിൽ പ്രതിഷേധമുയർത്തേണ്ട ഒരു തരിമ്പും ഉണ്ടായിരുന്നില്ല. ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ മലപ്പുറത്തെ പെൺകുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്പിക്കുന്നില്ലേ എന്ന വളരെ സ്വാഭാവികമായ ഒരു ചോദ്യമാണ് തന്റേതായ ശൈലിയിൽ ആ യുവാവ് ഉയർത്തിയത്. അതിനാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. അയാൾക്ക് ഭീഷണി, അയാൾ വർക്ക് ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഭീഷണി. അയാളുടെ പേജിൽ തെറികളുടെ പ്രവാഹം. അവസാനം ആ യുവാവിന് മാപ്പ് പറയേണ്ടി വന്നിരിക്കുന്നു. റേഡിയോയിലെ ജോലി ഉപേക്ഷിക്കുകയാണ് എന്ന് പറയേണ്ടി വന്നിരിക്കുന്നു.

എന്തൊരു ദുരന്ത കാലത്തിലൂടെയാണ് നാമൊക്കെ കടന്നു പോകുന്നത്. നാണം കൊണ്ട് തൊലിയുരിഞ്ഞു പോകുന്നു. മതവിശ്വാസത്തെക്കുറിച്ച് ഒരു ചെറിയ സാമൂഹ്യ വിമർശനം പോലും ഉൾകൊള്ളാൻ സാധിക്കാത്ത വിധം ഭ്രാന്ത് തലക്ക് കയറിയ ഒരു കൂട്ടം പേപ്പട്ടികൾ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ വല്ലാതെ മലിനപ്പെടുത്തുകയാണ്. വിമർശനങ്ങളുടെ പെരുമഴക്കാലത്തിലൂടെയാണ് പ്രവാചകൻ കടന്ന് പോയത്. അതിരൂക്ഷമായ വിമർശനങ്ങളോട് പോലും ക്ഷമയും സമചിത്തതയും കൈവിടാതെ പ്രതികരിച്ച ഒരു പ്രാവാചകന്റെ അനുയായികളെന്നു പറയുന്ന ചിലർ കാട്ടിക്കൂട്ടുന്ന അസഹിഷ്ണുത കാണുമ്പോൾ അറിയാതെ ചോദിച്ചു പോവുകയാണ്.. നിങ്ങളൊക്കെ ഏത് പ്രവാചകന്റെ അനുയായികളാണ്?.

സംഘ പരിവാർ ഫാസിസത്തെ എതിർക്കുന്ന ആളുകളാണല്ലോ നിങ്ങളൊക്കെ.. നിങ്ങളൊക്കെ എന്ന് പറഞ്ഞാൽ സൂരജിന് നേരെ ഉറഞ്ഞു തുള്ളിയ ആളുകളൊക്കെ എന്നാണ് ഉദ്ദേശിക്കുന്നത്, മറ്റാരെയുമല്ല. ഏത് ഫാസിസത്തെയാണ് നിങ്ങൾ എതിർക്കാൻ പോകുന്നത്. അതിനുള്ള നിങ്ങളുടെ അർഹത എന്തുണ്ട്?. ഒരു ചെറിയ സാമൂഹ്യ വിമർശനം നടത്തിയ വ്യക്തിയോട് പോലും സഹിഷ്ണുത കാണിക്കാന് പഠിച്ചിട്ടില്ലാത്ത നിങ്ങൾക്ക്, മറ്റുള്ളവന്റെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കാൻ എന്താണ് അർഹത.

കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുക എന്നൊരു പ്രയോഗമുണ്ട്.. ആ കാറ്റാണ് നിങ്ങളിൽ ചിലർ വിതയ്ക്കുന്നത്. കൊടുങ്കാറ്റ് കൊയ്യേണ്ടി വരും.. അപ്പോൾ നിലവിളിക്കരുത്.

സൂരജിന് പിന്തുണ.. സൂരജിന് മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിനും സഹിഷ്ണുതക്കും വേണ്ടി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും പിന്തുണ. അതിനെ എതിർക്കുന്ന മുഴുവൻ പേപ്പട്ടികളോടും വിയോജിപ്പ്..