പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞദിവസം ദർശനത്തിനെത്തിയ തൃശ്ശൂർ സ്വദേശിയായ ലളിത എന്ന ഭക്തയ്ക്ക് പ്രായം അൻപത് വയസ്സിന് താഴെയാണ് എന്നാരോപിച്ച് സംഘപരിവാർ പ്രവർത്തകർ കൊലവിളി നടത്തുകയും ഇവരെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഘപരിവാർ പ്രവർത്തകരിൽ ഒരാൾ ഇവരെ നാളികേരം ഉപയോഗിച്ച് എറിയാൻ ശ്രമിച്ച ചിത്രം ഇന്ന് മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. ാെരു ഭക്തയ്ക്ക് നേരെ അക്രമം നടത്താൻ ശ്രമിക്കുന്ന ചിത്രം പക്ഷേ മാതൃഭൂമി പത്രത്തിലെത്തിയപ്പോൾ അക്രമിയുടെ മുഖം കാണിക്കാതെ ക്രോപ്പ് ചെയ്ത് മാറ്റിയാണ് പ്രസിദ്ധീകരിച്ചതും. മാതൃഭൂമിയുടെ ഈ നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയും.

അക്രമിയുടെ പടം ക്രോപ്പ് ചെയ്ത് മാറ്റിയ നിലപാടിനെതിരെ ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഭക്തയുടെ തല തേങ്ങ കൊണ്ട് എറിഞ്ഞുടയ്ക്കാൻ ശ്രമിച്ചുകൊണ്ടുള്ള ആചാരസംരക്ഷണം ആണല്ലോ സ്വാഭാവികമായും വരേണ്ടത്. എന്നാൽ അത് ഒഴിവാക്കിയ നടപടിയെ കണക്കിന് പരിഹസിക്കുകയാണ് വള്ളിക്കുന്ന്.

ബഷീർ വള്ളിക്കുന്നിന്റെ പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

മാതൃഭൂമീ, ഇത് കലക്കി..

തേങ്ങ എറിയുന്ന സംഘിയുടെ തല എത്ര കൃത്യമായാണ് ക്രോപ്പ് ചെയ്ത് മാറ്റിയതെന്ന് നോക്കൂ.

അമ്പത്തിരണ്ട് വയസ്സ് പ്രായമുള്ള ഒരു പാവം ഭക്തയുടെ തല തേങ്ങ കൊണ്ട് എറിഞ്ഞു പൊട്ടിക്കാൻ ഒരു 'ആചാരസംരക്ഷകൻ' ശ്രമിക്കുമ്പോൾ അതാണ് ആ ഫ്രയിമിലെ ഏറ്റവും കൂടുതൽ എക്‌സ്‌പോസ് ചെയ്യപ്പെടേണ്ട ഭാഗം.. അതങ്ങ് കൃത്യമായി ക്രോപ് ചെയ്തിരിക്കുന്നു.

സത്യം പറയാമല്ലോ, ഇന്നലെ മാതൃഭൂമിക്കാരന് സന്നിധാനത്ത് അടി കിട്ടിയപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് അവനൊരു അടി ആവശ്യമുണ്ട് എന്ന് തന്നെയാണ്.

റിപ്പബ്ലിക്ക് ടി വിക്കാരിയേയും മാതൃഭൂമിക്കാരനെയും തിരഞ്ഞു പിടിച്ച് വേണ്ടതുകൊടുക്കുന്ന സംഘികൾക്ക് വകതിരിവില്ല എന്ന് ഇനി ആരും പറയരുത്. :D