ഓക്ക്‌ലാൻഡ്: കാനഡയുടെ പാത പിന്തുടർന്ന് ന്യൂസിലാൻഡും ബെനിഫിറ്റുകൾ റദ്ദാക്കാൻ ഒരുങ്ങുന്നു. പകരം പൗരന്മാർക്ക് അടിസ്ഥാനപരമായ വേതനം ഉറപ്പാക്കാൻ ബേസിക് സിറ്റിസൺസ് ഇൻകം എന്ന പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. യൂണിവേഴ്‌സിൽ ബേസിക് ഇൻകം (യുബിഐ) എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി നിലവിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു.

രാജ്യത്തെ ഓരോ പൗരനും അടിസ്ഥാനപരവും നിബന്ധനകളില്ലാത്തതും സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതുമായ ഒരു പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാൻ ലേബർ പാർട്ടി ഈ ആശയം പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവായ ആൻഡ്രൂ ലിറ്റിൽ വെളിപ്പെടുത്തി. ബേസിക് സിറ്റിസൺസ് ഇൻകം നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികൾക്ക് സ്ഥിരമായി ജോലിയിൽ നിന്ന് വിട്ട് പോകാനും മറ്റൊന്ന് സ്വീകരിക്കാനും അനായാസം സാധിക്കുമെന്നും അതിനിടെ അടിസ്ഥാന വേതനം ഉറപ്പാക്കപ്പെടുമെന്നും ലിറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഭാവിയിൽ തൊഴിൽ മേഖലയിൽ വരുന്ന മാറ്റങ്ങളും ഈ യൂണിവേഴ്‌സൽ ബേസിക് ഇൻകം എന്ന പദ്ധതി നടപ്പാക്കുന്നതിന് കാരണമായിത്തീരും. മാർച്ചിൽ പാർട്ടിയുടെ കോൺഫറൻസിൽ വച്ച് ഈ വിഷയം ചർച്ച ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു. അതേസമയം പാർട്ടി ഇതുസംബന്ധിച്ച ചർച്ച സംഘടിപ്പിക്കുമെന്നതിനാൽ ഇത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് അർഥമാക്കേണ്ടതില്ലെന്നും ലിറ്റിൽ പറയുന്നു.

ബേസിക് സിറ്റിസൺസ് ഇൻകം എന്ന പദ്ധതി കാനഡയിൽ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണെന്നും ഫിൻലാൻഡ്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ഇതേ മാതൃക ഉടൻ തന്നെ നടപ്പിലാക്കുമെന്നും പറയപ്പെടുന്നു. സ്വിറ്റ്‌സർലണ്ടിൽ ഈ വിഷയത്തിൽ ഈ വർഷം അവസാനം റഫറണ്ടം നടപ്പാക്കുന്നുണ്ട്.