- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപ് വാര്യർ അടക്കമുള്ള നേതാക്കന്മാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കും; ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കും; ആർഎസ്എസ് എസ്ഡിപിഐക്ക് പഞ്ചിങ് കിറ്റുകൾ മാത്രമാണ്; ബാസിത് ആൽവിയുടെ കൊലവിളി പ്രസംഗം വിവാദമാകുന്നു; മറുപടിയുമായി സന്ദീപ് വാര്യരും
കൊല്ലം: പ്രസംഗത്തിൽ നേതാക്കൾ ആവേശഭരിതരാകുന്നത് കാണാറുണ്ട്. സദസിനെ കൈയിലെടുക്കാൻ ചില്ലറ പൊടിക്കൈകൾ ഒക്കെ എല്ലാ നേതാക്കളുടെ കൈയിലും സ്റ്റോക്കുണ്ട്. എന്നാൽ, ഇത് വെറും ആവേശ പ്രസംഗം അല്ല എന്ന് പറഞ്ഞുകൊണ്ട് കൊലവിളി പ്രസംഗം നടത്തിയാലോ? കൊല്ലം പള്ളിമുക്കിൽ അംബേദ്കർ സ്ക്വയറിൽ കഴിഞ്ഞ ദിവസം നടന്നത് തീപ്പൊരി പ്രസംഗമല്ല, മറിച്ച് പച്ചയായ വർഗ്ഗീയത വിളിച്ചുപറയലും, കൊലവിളിയും ആയിരുന്നു. തഗ്ഗുകളുടെ രാജകുനാരൻ എന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന എസ്ഡിപിഐയുടെ ബാസിത് ആൽവി എന്ന ചെറുപ്പക്കാരനാണ് ഞെട്ടിക്കുന്ന തരത്തിലുള്ള കൊലവിളി പ്രസംഗം നടത്തുന്നത്. പ്രസംഗം കേട്ട് ആളുകൾ കൈയടിക്കുന്നുമുണ്ട്.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടാണ് പ്രസംഗം. പ്രസംഗത്തിനിടെ വത്സൻ തില്ലങ്കേരിയുടെയോ, സന്ദീപ് വാര്യരുടെയോ, ഗുരുജിയുടെയോ ഗോപിനാഥിന്റെയോ അടക്കമുള്ള ഇന്ത്യയിലെ ആർഎസ്എസ്കാരുടെ നേതാക്കന്മാർക്ക്, നേതാക്കന്മാരുടെ ഭാര്യമാർക്ക് അധികാരികളുടെ മുന്നിൽ വിധവാ പെൻഷന് അപേക്ഷിക്കേണ്ട സാഹചര്യം വരുമെന്ന ഭീഷണിയാണ് ബാസിത് ആൽവി ഉയർത്തുന്നത്.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
'ഞങ്ങൾക്ക് പറയാനുള്ളത് മുസ്ലിം സമുദായത്തിൽ പ്രശ്നം ഉണ്ടാക്കാതെ ഇരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. മറിച്ച് ഏതെങ്കിലും ആർഎസ്എസുകാരൻ ഈ പ്രസ്ഥാനത്തിനോ ഈ സമുദായത്തിനോ, എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ഞങ്ങളുടെ പൗരത്വം തെളിയക്കുന്നതിന് വേണ്ടിയിട്ട് എന്തെങ്കിലും അധികാരികളുടെ ഉമ്മറപ്പടിയിൽ, ഞങ്ങളുടെ ഉമ്മമാര്, പെങ്ങന്മാര് ക്യൂ നിൽക്കേണ്ട സാഹചര്യം വന്നാൽ, വത്സൻ തില്ലങ്കേരിയുടെയോ, സന്ദീപ് വാര്യരുടെയോ, ഗുരുജിയുടെയോ ഗോപിനാഥിന്റെയോ അടക്കമുള്ള ഇന്ത്യയിലെ ആർഎസ്എസ്കാരുടെ നേതാക്കന്മാർക്ക് നേതാക്കന്മാരുടെ ഭാര്യമാർക്ക് അധികാരികളുടെ മുന്നിൽ വിധവാ പെൻഷന് അപേക്ഷിക്കേണ്ട സാഹചര്യം ഇന്ത്യാ രാജ്യത്ത് രൂപപ്പെടണമെന്നാണ് ഞങ്ങൾ പറയുന്നത്. ഇത് പത്ത്പേരെ കണ്ടിട്ടോ..കേൾക്കാൻ നിൽക്കുന്ന 20 പേരെ കണ്ടിട്ടോ..ആവേശ പ്രസംഗം നടത്തുന്നതല്ല എസ്ഡിപിഐ. ഞങ്ങളെ സംബന്ധിച്ച് ആർഎസ്എസ് എന്ന് പറയുന്നത്, കാവി നിക്കറിട്ട, വെള്ള ഷർട്ടിട്ട പഞ്ചിങ് കിറ്റുകൾ മാത്രമാണ്. '
ബാസിത് ആൽവിയുടെ കൊലവിളി പ്രസംഗത്തിന് സന്ദീപ് വാര്യർ മറുപടി പോസ്റ്റിട്ടു.
എസ്ഡിപിഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു. ഈ സീൻ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു. പല അഭ്യുദയകാംക്ഷികളും സഹപ്രവർത്തകരും പൊലീസ് സുരക്ഷ തേടണം എന്ന് നിർബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല . ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ് ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി പൊലീസിൽ വിശ്വാസവുമില്ല .
പാലക്കാട്ടെ, ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പൊലീസ് സംശയിക്കുന്നത് എസ്ഡിപിഐയെ ആണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ബാസിത് ആൽവിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടേക്കും. കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
സഞ്ജിത്തിന്റെ ഭാര്യയും കേസിലെ ദൃക്സാക്ഷിയുമായ അർഷികയിൽ നിന്ന് വിവരങ്ങൾ ചേദിച്ചറിഞ്ഞാണ് രേഖാചിത്രം തയ്യാറാക്കിയത്. അക്രമികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും പൊലീസ് പുറത്തുവിടും. പ്രതികൾ സഞ്ചരിച്ച വെള്ള മാരുതി 800 കാർ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണസംഘം.കഴിഞ്ഞ ദിവസം ദേശീയപാതയ്ക്ക് സമീപം കണ്ണനൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ വടിവാളുകളുടെ ഫോറൻസിക് ഫലം ഇതുവരെ കിട്ടിയിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.45 നായിരുന്നു കൊലപാതകം നടന്നത്.
മറുനാടന് മലയാളി ബ്യൂറോ