ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടന്ന പന്ത്രണ്ടാമത് എക്യൂമെനിക്കൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ സീറോ മലബാർ ടീം -2 ജേതാക്കളായി. റണ്ണേഴ്സ് ആപ്പായി ഷിക്കാഗോ ക്നാനായ ദേവാലയത്തിന്റെ ടീമും വിജയശ്രീലാളിതരായി.

വളരെ വാശിയേറിയ മത്സരത്തിൽ ഷിക്കാഗോയിലെ എട്ടു ദേവാലയങ്ങളിലെ ടീമുകളാണ് മാറ്റുരച്ചത്. രാവിലെ 8 മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. യൂത്ത് കൺവീനഴ്സ് ആയ ജോജോ ജോർജ്, കാൽവിൻ കവലയ്ക്കൽ, മെൽജോ വർഗീസ് എന്നിവർ രജിസ്ട്രേഷനു നേതൃത്വം നൽകി. രാവിലെ മുതൽ വളരെ വാശിയേറിയ മത്സരമാണ് വിവിധ ടീമുകൾ തമ്മിൽ നടന്നത്. ടീമുകളെ പ്രോത്സാഹിപ്പിക്കാൻ തങ്ങളുടെ ദേവാലയങ്ങളിൽ നിന്നും ധാരാളം കാണികളും തിങ്ങിനിറഞ്ഞിരുന്നു.

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ 2007-ൽ സിൽവർ ജൂബിലി ആഘോഷിച്ചപ്പോൾ മുതൽ ഷിക്കാഗോയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സ്പോർട്സ് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച ഈ ടൂർണമെന്റ് ഇന്നും വളരെ ഭംഗിയായി അച്ചടക്കത്തോടും, യുവജനങ്ങൾ തമ്മിലുള്ള സ്നേഹ സഹകരണത്തിലും നടന്നുവരുന്നു എന്നുള്ളതിൽ അഭിമാനമുണ്ടെന്നു പ്രസിഡന്റ് റവ ജോൺ മത്തായി പ്രസ്താവിച്ചു. റവ.ഫാ. ബാബു മഠത്തിപ്പറമ്പിലായിരുന്നു ഈവർഷത്തെ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് ചെയർമാനായി പ്രവർത്തിച്ചത്.

ടീന തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ, ജയിംസ് പുത്തൻപുരയിൽ, പ്രവീൺ തോമസ്, പ്രേംജിത്ത് വില്യംസ്, അച്ചൻകുഞ്ഞ് മാത്യു, മാത്യു മാപ്ലേട്ട് എന്നിവർ ആദ്യാവസാനം ഈ ടൂർണമെന്റിന് നേതൃത്വം നൽകിയവരിൽ ഉൾപ്പെടുന്നു.

ജേതാക്കളായ സീറോ മലബാർ കത്തീഡ്രൽ ബി. ടീമിനു റവ.ഫാ. കോശി പൂവത്തൂർ മെമോറിയൽ റോളിങ് ട്രോഫിയും, പ്രവീൺ വർഗീസ് മെമോറിയൽ റോളിങ് ട്രോഫിയും ലഭിക്കും. റണ്ണേഴ്സ് ആപ്പായ ക്നാനായ ടീമിന് എൻ.എൻ. പണിക്കർ മെമോറിയൽ റോളിങ് ട്രോഫിയും ലഭിക്കും.

ഡിസംബർ എട്ടിനു നടക്കുന്ന എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ സർവീസിൽ വച്ചു രണ്ടു ടീമുകൾക്കും ട്രോഫികൾ വിതരണം ചെയ്യും. ജോർജ് പണിക്കർ അറിയിച്ചതാണിത്.