ബോളിവുഡ് ഇതിഹാസം ശശി കപൂർ അന്തരിച്ചപ്പോൾ ഇന്ത്യയിലെ ഒരു ചാനൽ ശശി തരൂർ അന്തരിച്ചുവെന്ന് തെറ്റായി വാർത്ത നൽകിയിരുന്നു. ശശി തരൂർ സംഭവം രസകരമായി എടുത്തെങ്കിലും സമാനമായൊരു പിഴവിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. കാരണം, അവിടെ തെറ്റുവരുത്തിയത് മറ്റാരുമല്ല. സാക്ഷാൽ ബിബിസിയാണ് ശശി കപൂറിന്റെ മരണവാർത്ത തെറ്റായി നൽകിയത്. ബിബിസിയുടെ നടപടി കടുത്ത വംശീയവിവേചനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ശശി കപൂർ അന്തരിച്ച വാർത്ത ബിബിസി അവരുടെ ന്യൂസ് അറ്റ് ടെൻ പരിപാടിയിൽ വിശദമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, മരണവാർത്തയ്‌ക്കൊപ്പം കാണിച്ച ക്ലിപ്പിങ്ങിലാണ് പിശകുവന്നത്. അതിലുണ്ടായിരുന്നത് ശശി കപൂറായിരുന്നില്ല. അമിതാബ് ബച്ചന്റെ ക്ലിപ്പിങ്ങാണ് ബിബിസി സംപ്രേഷണം ചെയ്തത്. തെറ്റുമനസ്സിലായപ്പോൾ, പകരം കാണിച്ചതാകട്ടെ ഋഷി കപൂറിന്റെ ദൃശ്യങ്ങളും. ഇതാണ് യുകെയിലെ ഇന്ത്യക്കാരെയും ബോളിവുഡ് ആരാധകരെയും പ്രതിഷേധത്തിലാക്കിയത്.

ഇന്ത്യക്കാരനായ താരം അന്തരിച്ച വാർത്ത തികഞ്ഞ ലാഘവത്തോടെയാണ് ബിബിസി കൈകാര്യം ചെയ്തതെന്ന് ആരാധകർ പറയുന്നു. വെള്ളക്കാരനായ താരമാണ് മരിച്ചിരുന്നതെങ്കിൽ ഇത്തരമൊരു പിഴവ് ബിബിസിക്ക് സംഭവിക്കുമായിരുന്നോ എന്ന് സോഷ്യൽ മീഡിയയിലുടെ പ്രതിഷേധം ചൊരിഞ്ഞ ആരാധകർ ചോദിക്കുന്നു. അഭിനേതാവും കൊമേഡിയനുമായ ആദിൽ റേയും പ്രതിഷേധം ട്വിറ്ററിലൂടെ രേഖപ്പെടുത്തി. പരിശോധിച്ച് ഉറപ്പുവരുത്താൻ വേണ്ടത്ര സംവിധാനമുള്ളപ്പോൾ ഇത്തരമൊരു പിഴവ് സംഭവിച്ചതിന് ന്യായീകരണമില്ലെന്ന് ആദിൽ റേ പറഞ്ഞു.

ശശി കപൂറിന്റെ മരണവാർത്ത തികച്ചും നിരുത്തരവാദപരമായാണ് ബിബിസി കൈകാര്യം ചെയ്തതെന്ന് മറ്റൊരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. പിഴവുപറ്റിയതിൽ ബിബിസി മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. അമിതാബ് ബച്ചന്റെ ദൃശ്യം കാണിച്ചത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയതായും ചിലർ പറഞ്ഞു. യഥാർഥ ശശി കപൂറിന്റെ ഒരു ചിത്രം പോലും ബിബിസിയിൽ ഇല്ലേയെന്നാണ് ചിലർ പരിഹാസരൂപേണ ചോദിച്ചത്.

പിഴവ് പറ്റിയത് മനസ്സിലാക്കിയ എഡിറ്റർ പോൾ റോയാൽ പിന്നിട് ഖേദപ്രകടനം നടത്തി. ശശി കപൂറിന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട് തെറ്റായ ദൃശ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിഴവ് ബിബിസിയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും പ്രേക്ഷകർക്കുണ്ടായ ആശയക്കുഴപ്പത്തിനും അസ്വസ്ഥതയ്ക്കും മാപ്പുചോദിക്കുന്നുവെന്നും ഖേദപ്രകടനത്തിൽ പറയുന്നു.