ലണ്ടൻ: ചാനൽ വാർത്ത അവതരണത്തിനിടയിലെ അമളികളും നാക്കുടക്കലുമൊക്കെ പിന്നീട് വീഡിയോകളായി സോഷ്യൽ മീഡിയെ ചിരിപ്പിക്കാറുണ്ട്.ഇത്തരം വീഡിയോകളെ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കാറ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്.പാന്റ്സ് ധരിക്കാതെ, ഷോട്സ് ധരിച്ച് വാർത്ത വായിക്കുന്ന ഒരു വാർത്താ അവതാരകനാണ് സമൂഹമാധ്യമങ്ങളിലെ സംസാര വിഷയം. ബിബിസി വാർത്താ ആവതാരകനായ ഷോൺ ലെ ഷോർട്ട്സ് ധരിച്ച് തത്സമയ ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

അവതാരകനായ ഷോൺ ലെ ജാക്കറ്റും ടൈയും ധരിച്ചിട്ടുണ്ടെങ്കിലും പാന്റിന് പകരം ഷേർട്ട്സാണ് ധരിച്ചിരിക്കുന്നത്.ഇസ്രായലിനേക്കുറിച്ചുള്ള വാർത്ത വായിക്കുന്ന വേളയിൽ സ്റ്റുഡിയോയുടെ വൈഡ് ആങ്കിൾ ഷോട്ട്സിലാണ് ഷോൺ ലെയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഗുരുതരമായ വിഷയം ചർച്ചചെയ്യുന്നതിനിടയിൽ സ്യൂട്ടും ഷോർട്ട്സും ധരിച്ച അവതാരകന്റെ ദൃശ്യങ്ങൾ വളരെപ്പെട്ടന്നാണ് വൈറലായത്. ഗാർഡിയൻ ന്യൂസ് യൂട്യൂബിൽ അപ്ലോഡുചെയ്ത വീഡിയോ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

വീഡിയോയും ചിത്രങ്ങളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രസകരമായ കമന്റുകളാണ് ഉപയോക്താക്കൾ കുറിച്ചത്. 'ഇത് ഒരു സൂം കോൾ അല്ലെന്ന് ബിബിസി ന്യൂസ് റീഡർ ഷോൺ ലേയോട് ആരെങ്കിലും പറയാൻ മറന്നോ?'എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ചോദിച്ചത്. ഷോൺ ലെ ഷോട്സ് മാത്രം ധരിച്ച് വാർത്ത വായിച്ച ദിവസം ഈ വർഷം യു.കെയിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നതിനാൽ ഷോൺ ലേയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. 'കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം' എന്നാണ് മറ്റൊരാൾ പറഞ്ഞത്.