ലണ്ടൻ: ഇന്ത്യൻ ഇല്ലായ്മയുടെ കഥ പറഞ്ഞ് സായിപ്പന്മാരുടെ കയ്യടി നേടുക പാശ്ചാത്യ മാദ്ധ്യമങ്ങൾ എക്കാലത്തെയും ചെയ്യുന്ന പരിപാടിയാണ്. എന്നും ഇത്തരം ടാബ്ലോയിഡുകളിൽ ഇന്ത്യയിലെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ പതിവാണ്. എന്തു നല്ല കാര്യം പറഞ്ഞാലും അതിൽ ഇന്ത്യൻ ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഒരു ചിത്രമെങ്കിലും പാശ്ചാത്യ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കും. മുംബൈയിലെ ചേരികളും മുംബൈ സബർബൻ ട്രെയിനുകളിലെ ആൾ തിരക്കുമാണ് ഇവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ. എന്നാൽ പതിവ് തെറ്റിച്ച് ബിബിസി ഇപ്പോൾ ഇന്ത്യയുടെ വിജയഗാഥകൾ പറയാൻ ഒരുങ്ങുന്നു. പറഞ്ഞ് വരുമ്പോൾ പട്ടിണിക്കഥയാവുമോ എന്ന് ഉറപ്പില്ലെങ്കിലും ഈ 27 ന് തുടങ്ങുന്ന ഇന്ത്യ സീസൺ എന്ന പരിപാടി ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യാക്കാർ കാത്തിരിക്കുന്നത്.

ടെക്‌നോളജി - വ്യവസായ രംഗത്ത് അടക്കം ഇന്ത്യൻ വിജയഗാഥകൾ തുടരുമ്പോഴാണ് ബിബിസിയും ചുവടുമാറ്റുന്നതെന്നതാണ് പ്രത്യേകത. സത്യാ നദല്ലെയും സുന്ദർ പച്ചൗരിയെയും പോലുള്ള പ്രതിഭകൾ ഭാരതത്തിന്റെ സംഭാവനയാണ്. വരാനിരിക്കുന്ന ലോക ശക്തിയും ഇന്ത്യയാണെന്ന കാര്യം ബ്രിട്ടീഷുകാർക്ക് ബോധ്യമുണ്ട്. അതുകൊണ്ട് കൂടിയാണ് ഇപ്പോൾ ഇന്ത്യൻ സീസണുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ മാദ്ധ്യമങ്ങളിൽ നമ്മുടെ വിജയകഥകൾ വരാറുണ്ടെങ്കിലും അവ പാശ്ചാത്യർ അവഗണിക്കുകയാണ് പതിവ്. ഈ ശീലം ബിബിസയുടെ വരവോടെ മാറുമെന്നാണ് പ്രതീക്ഷ.

അതിവേഗം വളരുന്ന രാജ്യത്തെ സാമ്പത്തിക മേഖലയുടെ വിവിധ വശങ്ങൾ അനാവരണം ചെയ്യുന്ന പ്രത്യേക പരിപാടികളുടെ തുടക്കം ഈ മാസം 27ന്. ഇരുരാജ്യങ്ങളിലുമുള്ള ബിബിസി ലേഖകർ ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെപ്പറ്റി പരിപാടികൾ തയാറാക്കും.

ഇന്ത്യയുടെ വളർച്ച ലോകം ശ്രദ്ധിക്കുന്ന ഈ സമയമാണ് പുതിയ പരിപാടികൾ തുടങ്ങാൻ ഉചിതമെന്നു ബിബിസി വേൾഡ് സർവീസ് കൺട്രോളർ മേരി ഹോക്കഡെ പറഞ്ഞു. ഇന്ത്യയിലെ സജീവമായ കലാരംഗവും അദ്ഭുതകരമായ രുചി വൈവിധ്യങ്ങളും വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യവും ലോകമെമ്പാടുമുള്ള ബിബിസി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നും ഹോക്കഡെ പറയുന്നു.

'ഇന്ത്യ റൈസിങ്' ആണ് 27നു നടക്കുന്ന ആദ്യപരിപാടി. സാമ്പത്തികകാര്യ ലേഖകർക്കൊപ്പം നൊബേൽ ജേതാവ് അമർത്യ സെന്നും ഈ പരിപാടിയിലെത്തുന്നു. മൂന്നാം ലോകരാജ്യത്തിൽ നിന്നും വികസിത രാഷ്ട്രമെന്ന വിധത്തിലേക്ക് ഇന്ത്യയുടെ കുതിപ്പ് തുടങ്ങിയെന്നാണ് ആദ്യ എപ്പിസോഡിൽ ബിബിസി വ്യക്തമാക്കുക. ഫോബ്‌സ് അടക്കമുള്ള സാമ്പത്തിക മാഗസിനുകൾ ഇന്ത്യയും ചൈനയുമാണ് നാളയെ നയിക്കുക എന്നത് അടിവരയിട്ടു പറയുകയാണ്.

പാശ്ചാത്യ മാദ്ധ്യമങ്ങളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പരിചിതമായ മാദ്ധ്യമം കൂടിയാണ് ബിബിസി. വർഷങ്ങളായി ഇന്ത്യയുടെ വാർത്തകൾ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുന്ന ബിബിസി ഇപ്പോൾ ഇന്ത്യയെ പുകഴ്‌ത്തിയുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിൽ പ്രത്യേകം അജണ്ടയുമുണ്ട്. ഇന്ത്യൻ മാർക്കറ്റ് പിടിക്കുക എന്നത് തന്നെയാണ് ഇതിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. എന്തായാലും ബിബിസിയുടെ പാതയിൽ ഇന്ത്യയിലെ വിജയഗാഥകൾ പറഞ്ഞുകൊണ്ട് മറ്റ് പാശ്ചാത്യ മാദ്ധ്യമങ്ങളും രംഗത്തെത്തുമെന്ന കാര്യം ഉറപ്പാണ്.