സൗത്ത് ഇന്ത്യൻ സിനിമാവ്യവസായത്തിന് ഇനി ലോക സിനിമയ്ക്ക് മുന്നിൽ തലയുയർത്തി നിൽക്കാം..ലോകസിനിമയോട് കിടപിടിക്കുന്ന സിനിമകൾ നിർമ്മിക്കാൻ തങ്ങൾക്കും സാധിക്കുമെന്ന് ചങ്കൂറ്റത്തോടെ ഉറപ്പിച്ച് പ്രഖ്യാപിക്കാം. ലോകത്തിലെ ഏറ്റവും അംഗീകൃതമായ ചാനലായ ബിബിസി ബാഹുബലി2വിനെക്കുറിച്ച് ഒരു ന്യൂസ് വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്.എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രം അമേരിക്കൻ ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്തെത്തിയെന്ന് ബിബിസി ഇതിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇതിന് പുറമെ യുകെയിലെ ബോക്സ് ഓഫീസിൽ ആദ്യത്തെ 10 റാങ്കിംഗിൽ ഉൾപ്പെട്ടുവെന്നും ബിബിസി വെളിപ്പെടുത്തുന്നു. ഈ ഇന്ത്യൻ സിനിമാ അത്ഭുതം കാണാനായി വെള്ളക്കാർ വരെ തിക്കും തിരക്കും കൂട്ടി എത്തിയതോടെ ചിത്രം യുകെയിൽ വമ്പൻ കുതിപ്പ് നടത്തുകയായിരുന്നു. വിദേശങ്ങളിൽ മലയാളം അടക്കം എല്ലാ ഭാഷകളിലുമുള്ള ബാഹുബലി തകർത്തോടുകയാണ്. പത്ത് ദിവസംകൊണ്ട് 1000 കോടി നേടിയ ബാഹുബലി ഇത്തരത്തിൽ വിദേശത്തും വെന്നിക്കൊടി പാറിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഈ ഇന്ത്യൻ സിനിമാ അത്ഭുതത്തെ വാഴ്‌ത്തി ബിബിസി പ്രത്യേക പരിപാടി തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ചിത്രം ശ്രദ്ധിക്കപ്പെടാൻ ഈ പരിപാടി നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബാഹുബലി ടീം ലണ്ടനിലെത്തുകയും അവിടെ അവർക്കായി സ്പെഷ്യൽ സ്‌ക്രീനിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. രാജമൗലിക്ക് പുറമെ ഈ ടീമിൽ ഉൾപ്പെട്ട എംഎം കരീം , ഷോബു യാർലഗഡ തുടങ്ങിയവർ സുകുടുംബം ഹോളിഡേ ആഘോഷിക്കാൻ ലണ്ടനിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ബിബിസി പരിപാടിയിൽ രാജമൗലിയുമായും അനുഷ്‌ക ഷെട്ടിയുമായുള്ള അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാഹുബലി ആഘോഷത്തിന്റെ ഭാഗമായി രാജമൗലി ഒരു വലിയ കേയ്ക്ക് മുറിക്കുന്നതിന്റെ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇതിൽ റാണ ഡഗുബാട്ടി, തമന്നാ എന്നിവരെയും കാണാം.

ഒരു ഫാന്റസി ഇതിഹാസമെന്നും എക്കാലത്തെയും വിജയചിത്രമെന്നുമാണ് ബാഹുബലിയെ ബിബിസി വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ തങ്ങൾക്ക് ശക്തരായ നായക കഥാപാത്രങ്ങളേറെയുണ്ടെന്നും എന്നാൽ ബാറ്റ്മാൻ , സൂപ്പർമാൻ പോലുള്ള നായകന്മാരിൽ ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളതെന്നും ബിബിസി അഭിമുഖത്തിൽ രാജമൗലി വെളിപ്പെടുത്തി.അത്തരം കഥാപാത്രങ്ങളെ ആസ്വദിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും എന്നാൽ തങ്ങൾക്ക് തങ്ങളുടെ സംസ്‌കാരത്തിൽ വേരുള്ള നായകന്മാരെ ആവശ്യമാണെന്നും രാജമൗലി പറയുന്നു. ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ ശക്തമായ മസിൽ വെളിപ്പെടുത്തുന്ന സിനിമയാണിതെന്നാണ് ഗാർഡിയന് വേണ്ടി സിനിമാ നിരൂപണം നടത്തുന്ന മൈക്ക് മാക് കാഹിൽ ബാഹുബലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

 ഏപ്രിൽ 28ന് ലോകവ്യാപകമായി 9000 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ബാഹുബലി 2 ഇന്ത്യയിൽ നിന്നും പത്ത് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 1000 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിൽ നിന്നും 1000 കോടി ക്ലബിലെത്തുന്ന ചിത്രവുമായി ഇത്. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം വിദേശങ്ങളിൽ നിന്നും 200 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. അമേരിക്കയിൽ നിന്നു മാത്രം 100 കോടിയാണ് നേടിയിരിക്കുന്നത്. രാജമൗലിയുടെ തന്നെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയിരുന്ന ബാഹുബലി ഒന്ന് 650 കോടി രൂപയായിരുന്നു കളക്റ്റ് ചെയ്തിരുന്നത്.

വടക്കെ ഇന്ത്യൻ സിനിമാലോകത്ത് അത്രയ്ക്ക് അറിയപ്പെടുന്ന താലമല്ലാതിരുന്നിട്ട് കൂടി പ്രഭാസ് ഹീറോ ആയ ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പ് ആദ്യവാരം 245 കോടിയാണ് കളക്റ്റ് ചെയ്തത്. ഈ ചിത്രം നേടിയ വിജയത്തിന് മുന്നിൽ ബോളിവുഡ് നായകന്മാരുടെ ചിത്രങ്ങളുടെ പേരിലുള്ള റെക്കോർഡുകൾ പഴങ്കഥകളായി. കളക്ഷന്റെ പേരിൽ ആമിർഖാന്റെ പികെ, ദംഗൽ, സൽമാന്റെ സുൽത്താൻ, എന്നീ സിനിമകളെ ബാഹുബലി തോൽപ്പിച്ചു. പികെ എന്ന ചിത്രം 792 കോടിയേ നേടിയിട്ടുള്ളൂ.

മെയ്‌ ആറ് മുതൽ യുകെയിലെ വിവിധ കേന്ദ്രങ്ങളിൽ ബാഹുബലി മലയാളം പതിപ്പിന്റെ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ജോൺ എന്റർടെയിന്മെന്റാണ് ചിത്രം യുകെയിൽ എത്തിച്ചിരിക്കുന്നത്.ബെൽഫാസ്റ്റ്, ഇപ്സ്വിച്ച്, ബേസിങ്സ്റ്റോക്ക്, ബാത്ത്, ബെർമിങ്ഹാം ബ്രോഡ്വോ പ്ലാസ, കാർഡിഫ്, കോർചെസ്റ്റർ, എഡിൻബർഗ്, എക്സിറ്റർ, ഗ്ലാസ്‌കോ, ഗ്രീൻവിച്ച്, ലീ വാലി, ലെയ്സസ്റ്റർ,ലിവർപൂൾ, മെയ്ഡൻഹെഡ്, മെയ്ഡ്സ്റ്റോൺ, മാഞ്ചസ്റ്റർ ട്രാഫോർഡ്, മെട്രോ സെന്റർ, മിൽട്ടൻ കെയിൻസ്, പ്രിസ്റ്റൻ, ഷെഫീൽഡ്, സൗത്താംപ്ടൺ, എന്ീ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന ആദ്യ സിനിമയുടെ ഉത്തരം തേടിയാണ് പ്രേക്ഷകർ ആകാംക്ഷയോടെ ബാഹുബലി 2 കാണാനെത്തിയത്. ആനയുദ്ധവും കാളയുദ്ധവും വെള്ളത്തിലും ആകാശത്തും ഒരു പോലെ സഞ്ചരിക്കാവുന്ന മാന്ത്രികക്കപ്പലും അതീവ ഭംഗിയുള്ള കൊട്ടാരക്കെട്ടും പുത്തൻ ആയോധന തന്ത്രങ്ങളും പ്രണയവും പ്രതികാരവും സംഗമിച്ച അപൂർവ അനുഭവമായി അന്താരാഷ്ട്രതലത്തിലും ബാഹുബലി ഇന്ത്യൻ സിനിമയുടെ യശസുയർത്തുകയാണ്.