ലണ്ടൻ: ബിബിസിയുടെ ദ അപ്രന്റീസ് പരിപാടിയിലൂടെ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുത്ത സാജൻ ഷായും പരിപാടിയിൽനിന്ന് പുറത്തായി. ലോർഡ് സുഗറിനെ പ്രീതിപ്പെടുത്താനാകാതെയാണ് സാജൻ ഷോയിൽനിന്ന് പുറത്തായത്. പുതിയ കാറുകൾ മാർക്കറ്റ് ചെയ്യുകയെന്ന ടാസ്‌കിലാണ് സാജൻ പുറത്തായത്.

അപ്രന്റീസിൽനിന്ന് പുറത്താകുന്ന ഏഴാമത്തെ മത്സരാർഥിയാണ് സാജൻ. പുതിയ കാറുകൾ മാർക്കറ്റ് ചെയ്യുന്നതിനുള്ള ടിവി പരസ്യം നിർമ്മിക്കുകയെന്നതായിരുന്നു സാജനുകിട്ടിയ ടാസ്‌ക്. എന്നാൽ, അതിൽ വിജയിക്കാൻ ഇന്ത്യൻ വംശജനായില്ല. സാജനടക്കം നാലുപേരാണ് ഫൈനൽ ബോർഡ് റൂമിൽ ഉണ്ടായിരുന്നത്. അതിൽനിന്ന് പുറത്തായത് സാജൻ മാത്രമാണ്.

ഫൈനൽ ബോർഡിലെ മത്സരാർഥിയായിരുന്ന എലിസബത്തിനൊപ്പം പ്രവർത്തിച്ചതാണ് തന്റെ പുറത്താകലിന് കാരണമായതെന്ന് സാജൻ പറഞ്ഞു. അവസാന ഘട്ടത്തിൽ തന്റെ പ്രവർത്തനങ്ങളൊക്കെ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്നും പുറത്താകലിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സാജൻ പറഞ്ഞു.

അപ്രന്റീസിൽനിന്ന് പുറത്തായെങ്കിലും അനേകായിരം ആരാധകരെ നേടിയാണ് സാജൻ പുറത്താകുന്നത്. പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത സാജന് അപ്രന്റീസ് കൂടുതൽ ജനപ്രീതി നേടിക്കൊടുക്കുകയായിരുന്നു. ബ്രിട്ടനിൽ ഏറെ പ്രിയങ്കരനായ ലൈഫ് കോച്ചുകൂടിയാണ് സാജൻ.

ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായംകുറഞ്ഞ ലൈഫ് കോച്ചെന്ന പെരുമയും സാജനുണ്ട്. ലീഡർഷിപ്പ് പ്രോഗ്രാമുകൾ, യൂത്ത് ഡവലപ്‌മെന്റ്, മോട്ടിവേഷണൽ പ്രോഗ്രാമുകൾ, റിലേഷൻഷിപ്പ് മാനേജ്‌മെന്റ്, സെയ്ൽസ് ആൻഡ് മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ട്രാൻസഫർമേഷൻ തുടങ്ങി പല മേഖലകളിലും സാജന്റ് ക്ലാസ്സുകൾ ശ്രദ്ധേയമാണ്.