കണ്ണൂർ: മാഹിയിൽ കണ്ണിപ്പൊയിൽ ബാബു കൊലക്കേസിൽ പിടിയിലായ ആർഎസ്എസ്. പ്രവർത്തകൻ പാനൂർ ചെണ്ടയാട്ടെ കുനുമ്മൽ കുനിയിൽ കമലദളത്തിൽ ശ്യാംജിത്ത് (23) പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിച്ചത് വടിവാൾകൊണ്ട്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആർഎസ്എസ് ക്വട്ടേഷൻ ഗ്യാങിലെ പ്രധാനിയാണ് ശ്യാംജിത്ത്.

പള്ളൂരിൽ സിപിഎം. ലോക്കൽ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ചയാണ് ശ്യാംജിത്ത് മാഹി സബ് ജയിലിൽ റിമാൻഡിലായത്. മെയ്‌ അഞ്ചിനായിരുന്നു ശ്യാംജിത്തിന്റെ പിറന്നാൾ ആഘോഷം. ശ്യാംജിത്ത് അറസ്റ്റിലായതോടെ വടിവാൾകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായി. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല് വധശ്രമക്കേസുൾപ്പെടെ 13 കേസുകളിൽ ശ്യാംജിത്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയാണ് താനെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചിത്രവും.

ചെണ്ടയാട് വരപ്രയിൽ 2017 ജനുവരി ഒന്നിന് മൂന്ന് സിപിഐഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ച കേസിലും ബാലസംഘം പാനൂർ ഏരിയാ സെക്രട്ടറി അക്ഷയിനെ ആക്രമിച്ചതടക്കമുള്ള കേസിലും പ്രതിയാണ്. നേരത്തെ കേസിൽ പിടിയിലായ പാനൂർ ചെണ്ടയാട്ടെ ജെറിൻ സുരേഷ് നാട്ടിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഭീകരനാണ്. മാഹി കേന്ദ്രീകരിച്ചും പാനൂർ മേഖലയിലും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് സംഘത്തിലെ കണ്ണിയാണ് ജെറിൻ സുരേഷ്.

ജെറിനെ വിവാഹ ദിവസമാണ് മാഹി പൊലീസ് പിടികൂടിയത്. ശ്യാംജിത്ത് അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഈസ്റ്റ് പള്ളൂർ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയിൽ ഹൗസിൽ പി കെ നിജേഷ് (34), പന്തക്കൽ ശിവഗംഗയിൽ പി കെ ശരത്ത്(25)എന്നിവരും പിടിയിലായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. നിജേഷിന്റെ കുറ്റസമ്മത മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

സിപിഐ എം പള്ളൂർ ലോക്കൽകമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ ഏഴിന് രാത്രിയാണ് വീടിന് സമീപത്ത് ആർഎസ്എസ്സുകാർ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയത്. പാനൂർ, കൂറ്റേരി, ചെണ്ടയാട്, പുല്ലൂക്കര, കൊച്ചിയങ്ങാടി, മാഹി, ചെമ്പ്ര, ഈസ്റ്റ്പള്ളൂർ പ്രദേശങ്ങളിലുള്ള കൊലയാളി സംഘത്തെ മുഴുവൻ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളിൽ പ്രതിയാണ് ചൊവ്വാഴ്ച പിടിയിലായ ശ്യാംജിത്ത്.