- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉമേഷ് മതിയെന്ന് ദ്രാവിഡ്; ഇശാന്തിനായി ക്യാപ്ടൻ; നായകന്റെ ആഗ്രഹം അശ്വിനെ മാറ്റി രഹാനയ്ക്കും വിഹാരിക്കുമൊപ്പം കളിക്കാൻ; ബൗളിങ്ങിന് വ്യത്യസ്തത വരാൻ സ്പിന്നറും വേണമെന്ന് കോച്ചും; കോച്ചിപിടിത്തം മാറി മൂന്നാം ടെസ്റ്റിൽ കോലി കളിക്കാൻ എത്തുമോ? ഇന്ത്യൻ ടീമിനെ അറിയാൻ ടോസ് വരെ കാത്തിരിക്കേണ്ടി വരും
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോലി തന്നെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടോസിന് തൊട്ടുമുമ്പു വരെ ഒന്നും പറയാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ടെസ്റ്റിൽ വിരാട് കോലിക്ക് ടീമിൽ എങ്ങനെ സ്ഥാനം നൽകുമെന്ന ചർച്ചകളും സജീവമാണ്. കോലിക്ക് പകരം രണ്ടാം ടെസ്റ്റിൽ കളിച്ച ഹനുമന്ത് വിഹാരി രണ്ടാം ഇന്നിങ്‌സിൽ മികച്ച ചെറുത്തു നിൽപ്പ് പുറത്തെടുത്തു. 40 റൺസ് നേടി പുറത്താകാതെ നിൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിരാടിന് വേണ്ടി ആരു പുറത്തു പോകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം മുഹമ്മദ് സിറാജിന് പകരം ആരെ ടിമിലെടുക്കണമെന്ന ചർച്ചയും സജീവമാണ്.
സിറാജിന് പരിക്കാണ്. പകരക്കാരായി ഉമേഷ് യാദവോ ഇശാന്ത് ശർമ്മയോ കളിക്കും. ഇതിൽ ഉമേഷിനൊപ്പമാണ് ടീം കോച്ച് രാഹുൽ ദ്രാവിഡിന്റെ മനസ്സ്. ഇശാന്തിനൊപ്പമാണ് കോലി. ഡൽഹിയിലെ സഹതാരത്തിന് വേണ്ടി കോലി നിർബന്ധം പിടിക്കാൻ സാധ്യതയും ഏറെയാണ്. ഇതിന് ദ്രാവിഡ് വഴങ്ങുമോ എന്നതും ശ്രദ്ധേയമാണ്. സിറാജിന് പകരമായി അതേ ശൈലിയിൽ പന്തെറിയുന്ന ഉമേഷിന് തന്നെയാണ് നല്ലതെന്ന വിലയിരുത്തലുമുണ്ട്. ഇതിനൊപ്പമാണ് ആർക്ക് പകരം കോലി ടീമിലെത്തുമെന്ന ചോദ്യം. അജിങ്ക രഹാനെയെ തഴഞ്ഞ് കോലിയെ ടീമിലെടുക്കാനാണ് അലോചനയെന്നാണ് പുറത്തു വരുന്ന സൂചന. കോലിയും രഹാനയും ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ട് കാലമേറെയായി. ഈ സാഹചര്യവും ടീം തെരഞ്ഞെടുപ്പിനെ സങ്കീർണ്ണമാക്കുന്നു.
അതിനിടെ ദക്ഷിണാഫ്രിക്കയിൽ അശ്വിനെ ടീമിലെടുത്തതു കൊണ്ട് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന വാദവും സജീവമാണ്. അശ്വിനെ ടീമിൽ നിന്ന് മാറ്റി രഹാനയെ നിലനിർത്തി കോലിയെ എത്തിക്കണമെന്ന ആവശ്യവും സജീവമാണ്. കോലിക്കും ഈ ഫോർമുലയോടാണ് താൽപ്പര്യം. കോലിക്കെതിരെ പലപ്പോഴും പരാതിയുമായി എത്തിയിട്ടുള്ള താരമാണ് അശ്വിൻ. പല പരമ്പരയിലും അശ്വിന് മുകളിൽ പ്രാധാന്യം രവീന്ദ്ര ജഡജ എന്ന സ്പിന്നർക്ക് ക്യാപ്ടൻ കോലി നൽകിയത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ കോലി മടങ്ങി എത്തിയാൽ ആരാണ് പുറത്താകുക എന്നത് നിർണ്ണായകമാണ്. തന്റെ ആഗ്രഹത്തിനൊപ്പിച്ച് കാര്യങ്ങൾ നടന്നില്ലെങ്കിൽ മൂന്നാം ടെസ്റ്റിലും കോലി വിശ്രമിക്കാനാകും സാധ്യത. ഇതെല്ലാം ടോസിന് തൊട്ടു മുമ്പ് മാത്രമേ വ്യക്തമാകൂ.
ടീമിനുള്ളിലെ ചർച്ചകൾ പരമാവധി പുറത്താകാതെ ബിസിസിഐ നോക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിൽ കോലി കളിക്കുന്നില്ലെന്ന കാര്യം കമന്ററി പറയുന്ന മുൻ താരങ്ങൾ പോലും അറിഞ്ഞിരുന്നില്ല. അത്രയും രഹസ്യമായാണ് ടീമിൽ കാര്യങ്ങൾ നടക്കുന്നത്. രണ്ട് ഗ്രൂപ്പുകൾ കളിക്കാർക്കിടയിൽ സജീവമായ സാഹചര്യത്തിലാണ് ഇത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കുമെന്ന് ദ്രാവ്ഡ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രണ്ടാം ടെസ്റ്റ് അവസാനിച്ച ശേഷം താത്കാലിക ക്യാപ്റ്റൻ കെ.എൽ രാഹുലാണ് ഇക്കാര്യം സ്ഥിരീകരി്കുകയും ചെയ്തു.
കടുത്ത പുറംവേദന കാരണം ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. കോലി സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങൾ നെറ്റ്സിൽ പരിശീലിച്ചുവെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ''സിറാജിനെ നെറ്റ്സിൽ നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. കാലിലെ പേശികൾക്ക് പരിക്കേറ്റാൽ പെട്ടെന്ന് തിരികെയെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ നമുക്ക് ഉമേഷിന്റെയും (ഉമേഷ് യാദവ്) ഇഷാന്തിന്റെയും രൂപത്തിൽ നല്ല ബെഞ്ച് സ്ട്രെങ്ത് ഉണ്ട്. പരമ്പരയ്ക്കായി ഇവിടെ എത്തിയപ്പോൾ തന്നെ ഇത്തരം പ്രതിസന്ധികൾ പ്രതീക്ഷിച്ചിരുന്നു.'' - ഇതായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.
ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം തന്നെ അറിയിച്ചത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു മാത്രമാണെന്ന് കോലി വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന റിപ്പോർട്ടുകളും കോലി തള്ളിയിരുന്നു. ഇതെല്ലാം ചിലരുടെ ഭാവനകൾ മാത്രമാണെന്നും, ഏകദിന പരമ്പരയിൽനിന്ന് വിശ്രമം ആവശ്യപ്പെട്ട് ബിസിസിഐയെ സമീപിച്ചിട്ടില്ലെന്നും കോലി വ്യക്തമാക്കി.
നേരത്തേ, ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനം ഒഴിയാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിരാട് കോലിക്ക് 48 മണിക്കൂർ സമയം അനുവദിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, കോലി പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ മാറ്റി രോഹിത് ശർമയെ ഏകദിന ടീമിന്റെയും നായകനായി പ്രഖ്യാപിച്ചതെന്നും പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലായിരുന്നു് വിരാട് കോലിയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ