- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ; ജഡേജ മടങ്ങിയെത്തി; രാഹുലും മായങ്കും ടീമിനു പുറത്ത്; കലാശപ്പോരാട്ടം വെള്ളിയാഴ്ച മുതൽ
സതാംപ്ടൺ: വെള്ളിയാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും ടീമിലുണ്ട്. റിഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയും 15 അംഗ ടീമിൽ ഇടംപിടിച്ചു. ഈ ടീമിൽ നിന്നാവും അന്തിമ ഇലവനെ തെരഞ്ഞെടുക്കുക.
ഓപ്പണർ മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ എന്നിവർ ടീമിൽ ഇടംപിടിച്ചില്ല. പേസർ ഷാർദൂൽ ഠാക്കൂർ, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരും പുറത്താണ്. ഇതോടെ ഫൈനലിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയുമാകും ഓപ്പണർമാരെന്ന് ഉറപ്പായി.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ടീം അംഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ രവീന്ദ്ര ജഡേജയും റിഷഭ് പന്തും ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും തിളങ്ങിയിരുന്നു. ജഡേജ 74 പന്തിൽ 54 റൺസടിക്കുകയും ബൗളിംഗിൽ മൂന്നു വിക്കറ്റെടുക്കുകയും ചെയ്തപ്പോൾ റിഷഭ് പന്ത് 94 പന്തിൽ 121 റൺസടിച്ചിരുന്നു. ബാറ്റിംഗിൽ ഹനുമാ വിഹാരിയും ബൗളിംഗിൽ ഉമേഷ് യാദവും 15 അംഗ ടീമിലുണ്ട്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ പരിക്കുമൂലം കളിക്കാതിരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും ടോം ലാഥമിനെയും ഉൾപ്പെടുത്തി ന്യൂസിലൻഡും 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സതാംപ്ടണിൽ തുടങ്ങുക.
ഫൈനലിൽ ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാകും പേസ് ബോളിങ് വിഭാഗത്തിനു ചുക്കാൻ പിടിക്കുക.
ടീം: വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
സ്പോർട്സ് ഡെസ്ക്