മൊഹാലി: ബിസിസിഐയുടെ വാർഷിക കരാറിൽ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ എന്നീ താരങ്ങൾക്ക് കനത്ത തിരിച്ചടി. അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡിൽനിന്ന് 3 കോടി പ്രതിഫലമുള്ള ബി ഗ്രേഡിലേക്ക് രഹാനെയും പുജാരയും താഴ്‌ത്തപ്പെട്ടത്.

വെറ്ററൻ പേസ് ബോളർ ഇഷാന്ത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ എന്നിവരാണ് കരാറിൽ തിരിച്ചടി നേരിട്ട മറ്റു താരങ്ങൾ. പൂജാര, രഹാനെ എന്നിവർക്കൊപ്പം ഗ്രേഡ് എയിൽനിന്ന് ബിയിലേക്കാണ് ഇഷാന്ത് ശർമയേയും തരംതാഴ്‌ത്തിയത്. ഇതുവരെ ഗ്രേഡ് ബിയിലായിരുന്ന സാഹയെ 'സി'യിലേക്കും മാറ്റി.

പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തുള്ള ഹാർദിക് പാണ്ഡ്യയ്ക്കും വാർഷിക കരാറിൽ തിരിച്ചടി നേരിട്ടു. ഗ്രേഡ് എ കരാറിൽ ഉൾപ്പെട്ടിരുന്ന പാണ്ഡ്യയെ ഗ്രേഡ് സിയിലേക്കാണ് മാറ്റിയത്. നിലവിൽ ഏകദിന ടീമിൽ മാത്രം കളിക്കുന്ന ഓപ്പണർ ശിഖർ ധവാനും ഗ്രേഡ് സിയിലാണ്. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരും ഗ്രേഡ് സിയിലേക്ക് തരംതാഴ്‌ത്തപ്പെട്ടു. മയാങ്ക് അഗർവാളും ഗ്രേഡ് ബിയിൽനിന്ന് സിയിലേക്ക് നീങ്ങി. കരാറിന്റെ ഭാഗമായിരുന്ന കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ പുതിയ പട്ടികയിൽ പുറത്തായി.

ഇതുവരെ ഗ്രേഡ് സിയിൽ ഉൾപ്പെട്ടിരുന്ന അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരെ ഗ്രേഡ് ബിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർപ്പൻ ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യർക്കും ഗ്രേഡ് ബി കരാർ ലഭിച്ചു. പേസർമാരായ ഉമേഷ് യാദവിനെയും ഭുവനേശ്വർ കുമാറിനെയും ബി ഗ്രേഡിൽ നിന്ന് ഒരു കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലേക്ക് തരംതാഴ്‌ത്തി. സമീപകാലത്തെ മോശം പ്രകടനമാണ് ഭുവനേശ്വർ കുമാറിനും ഉമേഷ് യാദവിനും തിരിച്ചടിയായത്.

മോശം ഫോമിനെത്തുടർന്ന് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായ പൂാജരയും രഹാനെയും ഇഷാന്തും ഇപ്പോൾ രഞ്ജി ട്രോഫിയിൽ കളിച്ച് ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. പരിക്കും ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും അലട്ടിയ ഹാർദ്ദിക് പാണ്ഡ്യ ലോകകപ്പിൽ നിരാശപ്പെടുത്തിയതിന് പിന്നാലെ ടീമിൽ നിന്ന് പുറത്തായിരുന്നു.

വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവരാണ് പ്രതിവർഷം ഏഴു കോടി രൂപ ലഭിക്കുന്ന എ പ്ലസ് വിഭാഗത്തിലുള്ളത്. വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ വിഭാഗത്തിൽ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവരും ഇടംപിടിച്ചു.

ഗ്രേഡ് ബി (വാർഷിക ശമ്പളം 3 കോടി രൂപ): ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ

ഗ്രേഡ് സി (വാർഷിക ശമ്പളം 1 കോടി രൂപ): ശിഖർ ധവാൻ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ദീപക് ചാഹർ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, യുസ്വേന്ദ്ര ചെഹൽ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ, മയാങ്ക് അഗർവാൾ