മുംബൈ: ഐപിഎൽ പൂർത്തിയായതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് വരുന്ന എന്ന വാർത്തകൾ
സജീവമായത്.ഗാംഗൂലിയുടെ നിർബന്ധത്തിന് വഴങ്ങി രാഹുൽ ദ്രാവിഡ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അതിന് പിന്നാലെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബിസിസിഐ.

മുഖ്യ പരിശീലകൻ, ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച്, ഫീൽഡിങ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്പോർട്സ് സയൻസ്/മെഡിസിൻ തലവൻ സ്ഥാനത്തേക്കും അപേക്ഷകൾ ക്ഷണിച്ചതായാണ് ബിസിസിഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്.

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒക്ടോബർ 26 വൈകിട്ട് അഞ്ച് മണിയാണ് അപേക്ഷ നൽകാനുള്ള അവസാന സമയം. മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാൻ നവംബർ മൂന്ന് വരെ അവസരമുണ്ട്. യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി അവസാനിക്കുന്നത്.

ഇതോടെ നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുന്ന ബാറ്റിങ് ജീനിയസ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായെത്തുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ ഐപിഎൽ ഫൈനലിനിടെ ദ്രാവിഡിനെ കണ്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇക്കാര്യം ഉറപ്പാക്കിയതായായിരുന്നു വാർത്ത.

നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളെ ആറ് വർഷക്കാലമായി പരിശീലിപ്പിക്കുന്ന പരിചയം ദ്രാവിഡിനുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.