മനാമ: ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമായി ബഹ്‌റിനിൽ മിനിമം വേജ് നടപ്പാക്കുന്നതിന് അംഗീകാരം ലഭിച്ചു. അതേസമയം വിദേശികളെ പിന്തള്ളി സ്വദേശികൾക്കാണ് ഈ മിനിമം വേജ് പദ്ധതികൊണ്ട് ഏറെ ഗുണം ലഭിക്കുക. 300 ബഹ്‌റിൻ ദിനാര്ഡ മിനിമം വേജ് ആക്കിയാണ് കാബിനറ്റ് ഇന്നലെ അംഗീകാരം നൽകിയത്.

മിനിമം വേജ് പദ്ധതിക്ക് സർക്കാർ സബ്‌സിഡി കൂടി അനുവദിച്ചിരിക്കുന്നതിനാൽ 300 ദിനാർ അടിസ്ഥാന ശമ്പളമായി നൽകുമ്പോൾ അതിന്റെ അമിതഭാരം ഹോട്ടലുടമകൾക്ക് വരില്ല. ഹോസ്പിറ്റാലിറ്റി മേഖലകളിൽ ജോലി ചെയ്യുന്ന ബഹ്‌റിനികൾക്ക് അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് ഓണേഴ്‌സ് നേരത്തെ തന്നെ അനുമതി നൽകിയിരുന്നതാണ്.

പദ്ധതി അനുസരിച്ച് സുപ്രിം കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയ്‌നിങ് ആണ് ശമ്പളം സബ്‌സിഡിയുടെ ചെലവുകൾ വഹിക്കേണ്ടത്.  മന്ത്രാലയത്തിന്റെ 30 മില്യൺ ദിനാർ നാഷണൽ എംപ്ലോയ്‌മെന്റ് പ്രൊജക്ട് (എൻഇപി) പ്രകാരമാണ് മിനിമം വേജ് നടപ്പാക്കുന്നതെന്ന് ലേബർ മിനിസ്ട്രി അണ്ടർ സെക്രട്ടറി സബാഹ് അൽ ഡോസറി വ്യക്തമാക്കി. സ്വകാര്യമേഖലകളിലേയും പൊതുമേഖലകളിലേയും തൊഴിലന്വേഷകരും എംപ്ലോയർമാരും തമ്മിലുള്ള ധാരണപ്രകാരം തൊഴിലില്ലായ്മ കുറച്ചു കൊണ്ടു വരികയാണ് ഇതിന്റെ ലക്ഷ്യമെന്നും ഡോസറി വ്യക്തമാക്കി.

അടുത്ത രണ്ടു വർഷത്തേക്ക് 10,000 ബഹ്‌റിനികൾക്ക് തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയെ മെച്ചപ്പെടുത്തുന്നതിനായി ശമ്പള ഇനത്തിൽ എൻഇപി സബ്‌സിഡിയും അനുവദിക്കുന്നുണ്ട്. നിലവിൽ ഹോട്ടൽ മേഖലകളിൽ ശമ്പളം തീരെ കുറവാണ് നൽകിവരുന്നത്. ഇതിന് കാരണമായി എംപ്ലോയർമാർ പറയുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ്. ഇതിന്റെ ഭാഗമായി സ്വദേശികൾ ഏറെ സഹിക്കേണ്ടിവരികയാണെന്ന് അണ്ടർ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

രണ്ടു വർഷത്തേക്ക് ശമ്പള ഇനത്തിൽ സബ്‌സിഡി അനുവദിക്കുന്നതോടെ എംപ്ലോയർമാർ കൂടുതൽ തൊഴിലാളികളെ നിയമിക്കുമെന്നും ഈ മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോസറി പറയുന്നു.