തിരുവനന്തപുരം: എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാനുറച്ച് ബിഡിജെഎസ്. തുഷാർ വെള്ളാപ്പള്ളിയെ രാജ്യസഭാ അംഗമാക്കാൻ ചില തടസ്സങ്ങളുണ്ടെന്ന സൂചന ബിജെപി ദേശീയ നേതൃത്വത്തിൽ നിന്ന് കിട്ടിയതോടെയാണ് ഇത്. കാത്തിരിക്കണമെന്നാണ് ആവശ്യം. നേരത്തെ അടുത്ത് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ തുഷാറിനെ ബിജെപി എംപിയാക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതിൽ നിന്നാണ് ബിജെപി പിന്മാറിയത്. തുഷാറിനെ എംപിയാക്കിയാൽ കേരളത്തിലെ നിഷ്പക്ഷ വോട്ടുകൾ ബിജെപിയിൽ നിന്ന് അകലുമോ എന്ന ആശങ്ക ബിജെപിയിൽ സജീവമാണ്. എൻഎസ്എസിന്റെ അതൃപ്തിക്ക് ഇത് കാരണമാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വും നിലപാട് എടുത്തു. ഇതോടെയാണ് രാജ്യസഭാ സീറ്റ് നൽകുന്നതിൽ ബിജെപി പിന്നോട്ട് പോയത്.

ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകുമെന്ന് ബിജെപി പറയുന്നു. എന്നാൽ ഇതും ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് കണ്ടുള്ള കള്ളക്കളിയാണെന്ന് ബിഡിജെഎസ് കരുതുന്നു. സാമൂഹിക നീതിക്ക് വേണ്ടി നിൽക്കാത്ത മുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ ബി.ഡി.ജെ.എസ്, ബിജെപി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന സൂചന തുഷാർ തന്നെ നൽകുന്നത്. തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവർക്ക് 14 കോർപറേഷൻ സ്ഥാനങ്ങളും നൽകുമെന്ന വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എൻ.ഡി.എ മുന്നണി വിടാൻ ബി.ഡി.ജെ.എസ് തയ്യാറാകുന്നത്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശം അനുസരിച്ചാണ് ഇത്.

കേന്ദ്രം വച്ച് നീട്ടുന്ന ഒരു സ്ഥാനവും വേണ്ടെന്ന നിലപാടിലാണ് തുഷാർ വെള്ളാപ്പള്ളി. 14 ന് ആലപ്പുഴയിൽ ചേരുന്ന ബി.ഡി.ജെ.എസ് യോഗം എൻ.ഡി.എ വിടുന്നതടക്കമുള്ള അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു. അതിനിടെ എംപി സ്ഥാനം ഉറപ്പിക്കാനുള്ള സമ്മർദ്ദമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്. തുഷാറിനെ എംപിയാക്കി കേന്ദ്രമന്ത്രിയാക്കുമെന്ന പ്രതീക്ഷ ബിഡിജെഎസിനുണ്ട്. ഇത് നടക്കാത്തതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്ത് നിലപാട് എടുക്കണമെന്നതും തുഷാർ തീരുമാനിക്കും. എൻ.ഡി.എയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് മുന്നണി വിടുന്നതെന്ന് തുഷാർ പറഞ്ഞു.

രണ്ട് വർഷമായി മുന്നണിക്കൊപ്പം നില്ക്കുന്നു. ഒരു കാര്യവുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് ബി.ഡി.ജെ.എസിന്റെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയിൽ നിന്നിട്ട് കാര്യമില്ല. മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് ബി.ഡി.ജെ.എസിനും പ്രാതിനിദ്ധ്യം ഉണ്ടാവും എന്നാണ് ഉറപ്പ് തന്നിരുന്നത്. പക്ഷേ, ആ വാക്ക് പാലിച്ചില്ല. ബി.ഡി.ജെ.എസ് വിടുന്നതോടെ ബിജെപി കേരളത്തിൽ ഒന്നുമല്ലാതാകും-തുഷാർ പറയുന്നു.

ബിജെപിയെ ശക്തമായി നേരിടും. കെട്ടിവച്ച പണം കിട്ടാത്ത ബിജെപിയായിരുന്നു ബി.ഡി.ജെ.എസ് വരുന്നതിന് മുമ്പുണ്ടായിരുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലൂടെ അത് വീണ്ടും തെളിയിക്കും. മുമ്പ് 6 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 16 ശതമാനമായി. കൂടിയ 10 ശതമാനവും ബി.ഡി.ജെ.എസിന്റെ വോട്ടാണ്. മുപ്പത് വർഷമായി ബിജെപി മത്സരിച്ചിട്ടും ഇത്രയും വോട്ട് ഇതിന് മുമ്പ് കിട്ടിയിട്ടില്ല. ബി.ഡി.ജെ.എസിന്റെ കരുത്താണ് ബിജെപിക്ക് ബലമായതെന്ന സത്യം അവർ മറന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്ത് വന്നു. ഒരു മണ്ഡലത്തിൽ വിജയിച്ചു. അതുപോലെയുള്ള മാറ്റം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും കണ്ടതാണ്. എന്നിട്ട് ഇപ്പോൾ അവർ അഹന്തകാണിക്കുന്നു. അത് അംഗീകരിക്കാനാവില്ല. എൽ.ഡി.എഫും യു.ഡി.എഫും ബി.ഡി.ജെ.എസിന് ഒരുപോലെയാണ്. ആരോടും വിരോധമില്ല. എൻ.ഡി.എ വിട്ട് തത്കാലം നിഷ്പക്ഷമായി നില്ക്കുമെന്നും എൻ.ഡി.എയിലുള്ള മറ്റ് ഘടകകക്ഷികളുടെ യോഗം വിളിച്ച് ഭാവി പരിപാടി ആലോചിക്കുമെന്നും തുഷാർ അറിയിച്ചു. ഇതോടെ ബിജെപിയുമായി എൻഡിഎ അകലുകയാണെന്ന വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്.