ആലപ്പുഴ: ബിജെപി.യും ബി.ഡി.ജെ.എസും തമ്മിൽ വേർപിരിയുന്നു. വാഗ്ദാനം ചെയ്ത പദവികൾ നൽകാത് സാഹചര്യത്തിൽ എൻഡിഎ വിടാനാണ് തീരുമാനം. ഒക്ടോബർ 31നകം സ്ഥാനങ്ങൾ നൽകുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതോടെ എൻഡിഎ വിടാൻ തുഷാർ വെള്ളാപ്പള്ളി തീരുമാനിച്ചതായാണ് സൂചന. വിവിധ ജില്ലകളിലായി നടത്തിവരുന്ന പാർട്ടി പ്രവർത്തക കൺവൻഷനുകളിൽ ആരുമായും സഹകരിക്കാമെന്ന പ്രഖ്യാപനം തുഷാർ വെള്ളാപ്പള്ളി മുന്നോട്ടുവച്ചത് ഇതിന്റെ ഭാഗമാണ്. ഇതോടെ കേരളത്തിൽ എൻഡിഎ പ്രതിസന്ധിയിലാകുകയാണ്.

നാളികേര വികസന ബോർഡ് ചെയർമാൻ അടക്കം നാല് ബോർഡുകളിൽ ബി.ഡി.ജെ.എസ്. പ്രതിനിധികളുടെ നിയമനം ഒക്ടോബർ 31നകം നടത്തുമെന്നാണ് ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ ഉറപ്പു നൽകിയിരുന്നത്. സ്പൈസസ് ബോർഡ്, ഐ.ടി.ഡി.സി, എഫ്‌സിഐ, ദേശീയ ബാങ്ക് ബോർഡ് എന്നിവയിൽ അംഗത്വവും ഏഴ് സർക്കാർ പ്ളീഡർമാരെയും ബി.ഡി.ജെ.എസിന് നൽകാമെന്നും അഹമ്മദാബാദിൽവച്ച് തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ ചർച്ചയിൽ അമിത് ഷാ ഉറപ്പു നൽകിയിരുന്നു. പരിഗണിക്കപ്പെടേണ്ടവരുടെ പേരുകൾ തുഷാർ ബിജെപി നേതൃത്വത്തിനു നൽകുകയും ചെയ്തിരുന്നു.

വാഗ്ദാനങ്ങളിൽനിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാൽ താമസമുണ്ടായെന്നുമാണ് ബിജെപി വ്യക്തമാക്കുന്നത്. എന്നാൽ, മുന്നണിമാറ്റം സൂചിപ്പിച്ചുകൊണ്ട് ബി.ഡി.ജെ.എസ്. നേതാക്കൾ നടത്തുന്ന പ്രസ്താവനകളിൽ അദ്ദേഹവും അതൃപ്തനാണെന്നാണു സൂചന. ആലപ്പുഴയിൽ നടത്തിയ പാർട്ടി പ്രവർത്തക യോഗത്തിലാണ് തുഷാർ വെള്ളാപ്പള്ളി ബിജെപി. നിലപാടുകളോടുള്ള അതൃപ്തി വ്യക്തമാക്കിയത്. ജി.എസ്.ടി, നോട്ട് നിരോധനം എന്നീ വിഷയങ്ങളിൽ വിരുദ്ധ അഭിപ്രായങ്ങളാണുള്ളതെന്നു തുഷാർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ടുനേടാനായത് ബി.ഡി.ജെ.എസ്. കാരണമാണ്. ജയസാധ്യതയുള്ള 22 സീറ്റുകൾ ചർച്ചകൾക്കു മുമ്പുതന്നെ ബിജെപി. ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വോട്ടുകുറഞ്ഞ സീറ്റുകളാണു വിട്ടു നൽകിയത്. ഇവിടങ്ങളിൽനിന്ന് ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികൾ എൻ.ഡി.എയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചെന്നും അവഗണന സഹിച്ച് ആരുടെയെങ്കിലും കൂടെ നിൽക്കുമെന്ന് കരുതേണ്ടെന്നും തുഷാർ വിമർശിച്ചു.

ഡിസംബർ അഞ്ചിന് ബി.ഡി.ജെ.എസ്. രണ്ടാം വാർഷികത്തിന് മുന്നോടിയായി താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനാണു നീക്കം. പഞ്ചായത്ത് കമ്മിറ്റി നേതാക്കളോട് രണ്ടുമാസത്തിനകം എല്ലയിടങ്ങളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ നിർദ്ദേശം നൽകി. നിയോജകമണ്ഡലം ഭാരവാഹികൾ ഇത് വിലയിരുത്തും. തുടർന്ന് പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ലാതലങ്ങളിൽ സമ്മേളനം നടത്തിയശേഷം സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം. അതിന് ശേഷം മുന്നണി മാറ്റം പ്രഖ്യാപിക്കും.

തൂഷാറിന് യുഡിഎഫിനോടാണ് താൽപ്പര്യമെന്നാണ് സൂചന. വെള്ളാപ്പള്ളി ഇടതുപക്ഷത്തിലേക്കാണ് താൽപ്പര്യം കാട്ടുന്നത്. എന്നാൽ ബിഡിജെഎസിനെ എടുക്കില്ലെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ കോൺഗ്രസ് മുന്നണിയിലേക്ക് പോകാനേ കഴിയൂവെന്ന് തുഷാറും വിലയിരുത്തുന്നു. ഇതു സംഭവിച്ചാൽ കേരളത്തിൽ എൻഡിഎയ്ക്ക് തിരിച്ചടിയാകും. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ് ബിഡിജെഎസ്. മറ്റാരേയും മുന്നണിയിലേക്ക് അടുപ്പിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഫലത്തിൽ എൻഡിഎയുടെ തകർച്ചയാകും ഇത്.