തിരുവനന്തപുരം: വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സഹകരണസംഘം സെക്രട്ടറിയായ ബിഡിജെഎസ് നേതാവിനെതിരെ നടപടിയെടുക്കാതെ സഹകരണ വകുപ്പിന്റെ ഒളിച്ച് കളി. തിരുവനന്തപുരം റെപ്രസെന്റേറ്റീവ്സ് ആൻഡ് സെയിൽസ്മാൻ സഹകരണസംഘം സെക്രട്ടറിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ബിഡിജെഎസ് നേമം മണ്ഡലം പ്രസിഡന്റ് വിശ്വനാഥനും കൂട്ടാളികൾക്കുമെതിരെയാണ് നടപടിയെടുക്കാതെ സഹായിക്കുന്നത്. ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരിൽ 1.85 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പുറത്താക്കിയിട്ടും പണം തിരിച്ച് പിടിക്കാനുള്ള ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല.

സഹകരണ സംഘത്തിന്റെ ബോർഡ് അംഗങ്ങളായി സ്വന്തം ആളുകളെ കുത്തിനിറയ്ക്കാനുള്ള ശ്രമം മറുവിഭാഗം തടഞ്ഞതോടെയയാണ് വലി സാമ്പത്തിക തട്ടിപ്പിന്റെ കാര്യം സംഘത്തിലെ അംഗങ്ങൾ അറിയുന്നത് തന്നെ. സാമ്പത്തിക ക്രമക്കേട് നടത്തിയ സെക്രട്ടറി വിശ്വനാഥ്,ജൂനിയർ ക്ലർക്ക്ശ്രീകുമാർ,അറ്റന്ററായിരുന്ന കണ്ണനേയുമാണ് 2014ൽ പുറത്താക്കിയത്. പുറത്താക്കിയെന്നതൊഴിച്ചാൽ ഇവർക്കതിരെ മറ്റ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.സഹകരണ വകുപ്പിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും സംഘത്തിലെ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് മുകളിൽ ഒന്നും നടന്നിട്ടില്ല.

ഒരിക്കൽ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളിൽ നിയമിക്കരുതെന്ന ചട്ടവും ഇവിടെ കാറ്റിൽ പറത്തിയിരിക്കുകയാണ്. സഹകരണസംഘം ബൈലാ പ്രകാരം നടത്തിയിട്ടുള്ളവായ്‌പ്പാ ഇടപാടുകൾ എംഡിഎസ് നിക്ഷേപ പദ്ധതികൾ എന്നിവയുമായി ബന്ധഝപ്പെട്ട രജിസ്ട്രുകൾ,ഫയലുകൾ എന്നിവ വ്യാജ രേഖകളും വ്യാജ ഒപ്പും ഉൾപ്പെടുത്തി ബിനാമി പേരിൽ പണം അപഹരിച്ചുവെന്ന് സഹകരണ ഓഡിറ്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുമുണ്ട്.

ചിട്ടികളിലും ലോണുകളിലും ചേർന്ന ശേഷം മൂന്നോ നാലോ തവണകൾ മാത്രം അടച്ച ശേഷം പിന്നീട് അടയ്ക്കാത്തവരുടെ വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കിയായിരുന്നു പണം തട്ടിയത്. ഇതിൽ വ്യക്തമായ തെളിവും ഉദാഹരണവും നിരത്തയാണ് സഹകരണ ഓഡിറ്റ് ഡയറക്ടറുടെ റിപ്പോർട്ട്. ഇത്തരത്തിൽ വ്യാജ രേഖയുണ്ടാക്കി അടവ് മുടങ്ങിയവരുടെ മേൽവിലാസത്തിലേക്ക് പുതിയ ഭരണസമിതി കത്തയക്കുകയും നേരിട്ട് ഹാജരാകാൻ പറയുകയും ചെയ്തപ്പോഴാണ് ഇത്തരത്തിൽ കൃത്രിമം നടന്ന കാര്യം കണ്ടെത്തിയത്.

തട്ടിപ്പിന് നേതൃത്വം നൽകിയ അന്നത്തെ സെക്രട്ടറി വിശ്വനാഥൻ മുൻപ് ക്യാഷ്യറായി ജോലി ചെയ്തിരുന്ന താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണസംഘത്തിലും സമാനമായി സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം തട്ടിപ്പ് നടത്തിയവർക്കെതിരെ അന്വേഷണം വിജിലൻസിന് കൈമാറണമെന്നാണ് നിയമമെങ്കിലും ഇത് നടപ്പിലാക്കിയിട്ടില്ല. അന്വേഷണം നടന്നുവരുന്നു എന്ന് മാത്രമാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നും ലഭിക്കുന്ന വിവരാവകാശ രേഖയിൽ സൂചിപ്പിക്കുന്നത്. സഹകരണ നിയമ വകുപ്പ് ആക്റ്റ് 65 പ്രകാരം അന്വേഷണം നടക്കുന്നുവെന്നാണ് മറ്റൊരു വിവരം. സഹകരണ വകുപ്പിലെ പല ഉന്നതരുമായി ഇവർക്കുള്ള ബന്ധമാണ് ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ഇപ്പോഴും ഇവർ വിവിധ സംഘങ്ങളിൽ വിവിധ പദവികളിൽ ജോലി ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്.