- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്ക് ബാധ്യതയായി ബിഡിജെഎസ്; കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ വേണമെന്ന ആവശ്യവുമായി ബിജെപിക്ക് മുന്നിൽ; കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് മത്സരിക്കാൻ പദ്ധതിയിട്ട് ബിജെപിയും; മത്സരിക്കാൻ ഇല്ലെന്ന നിലപാടിൽ തുഷാറും തുടരുമ്പോൾ ബിഡിജെഎസിന്റെ നിലപ പരിതാപകരം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി സാന്നിധ്യമായിരുന്നു പുതുതായി രൂപം കൊടുത്ത ബിഡിജെഎസ് പാർട്ടി. എന്നാൽ, അഞ്ച് കൊല്ലം കഴിയുമ്പോൾ ഈ പാർട്ടിയുടെ നില തീർത്തും പരിതാപകരാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിടത്തെല്ലാം വമ്പൻ പരാജയം നേരിട്ട പാർട്ടി ഇപ്പോൾ നിയമസഭാ സീറ്റിൽ അവകാശവാദങ്ങൾ ഒട്ടും കുറയ്ക്കുന്നില്ല. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ വേണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ, ഈ സീറ്റുകളിൽ ഏഴെണ്ണം ബിജെപി തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ്.
ഇക്കാര്യത്തിൽ ബിഡിജെഎസ് തർക്കത്തിനില്ലെങ്കിലും നേരത്തേ മത്സരിച്ച ചില സീറ്റുകൾ മാറ്റിനൽകണമെന്നു നിലപാടെടുത്തു. ംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നു യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, തുഷാർ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നു ബിജെപി നേതൃത്വം അറിയിച്ചു. കരള കോൺഗ്രസ് 11 സീറ്റും കാമരാജ് കോൺഗ്രസ് തിരുവനന്തപുരം ജില്ലയിൽ 3 സീറ്റും നാഷനലിസ്റ്റ് കോൺഗ്രസ് 9 സീറ്റും ആവശ്യപ്പെട്ടു.
ബിഡിജെഎസിന് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി മത്സരത്തിൽനിന്നു വിട്ടുനിൽക്കാനാണു തുഷാറിന്റെ തീരുമാനം. വർക്കലയിലോ കുട്ടനാട്ടിലോ തുഷാർ മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ ആവശ്യമുയർന്നെങ്കിലും ഈ 2 സീറ്റുകളിലും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തി പ്രചാരണത്തിനു ചുക്കാൻപിടിക്കാനാണു തുഷാറിന്റെ തീരുമാനം.
ഒരു വിഭാഗം വഴി പിരിഞ്ഞുപോയതോടെ എൻഡിഎയിൽ ബിഡിജെഎസ് അശക്തരായ നിലയിലാണ്. 37 സീറ്റുകൾ വേണമെന്ന് നിർബന്ധമില്ലെന്ന് എൻഡിഎ സീറ്റ് വിഭജന ചർച്ചയിൽ ബിഡിജെഎസ് പറഞ്ഞതും തങ്ങൾ ക്ഷീണിച്ചു എന്നറിഞ്ഞു കൊണ്ടു തന്നെയാണ്. 2016ൽ 37 സീറ്റിലാണ് ബിഡിജെഎസ് മൽസരിച്ചിരുന്നത്. ഇത്തവണ അതിനേക്കാൾ കൂടുതൽ സീറ്റ് വേണമെന്ന് പാർട്ടി ആദ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് 37 സീറ്റിൽ കുറയരുത് എന്ന് നിലപാടെടുത്തു. 37 സീറ്റ് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല എന്നാണ് ഇപ്പോഴത്തെ നിലപാട്.
അതേസമയം, ബിജെപി മൽസരിക്കാൻ താൽപ്പര്യപ്പെടുന്ന തലസ്ഥാനത്തെ സീറ്റുകളിൽ സഖ്യകക്ഷികളും നോട്ടമിടുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. പിസി തോമസ് വിഭാഗം ഇത്തവണ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന് കേരള കാമരാജ് കോൺഗ്രസ് ആവശ്യപ്പെട്ടു. എൽജെപി ആറ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് 9 സീറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസും സി കൃഷ്ണകുമാറുമാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.
അതിനിടെ ബിജെപി സംസ്ഥാനതല തിരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. മെട്രോമാൻ ഇ.ശ്രീധരനെയും ഉൾപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ എം ടി. രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശൻ, സഹ ജനറൽ സെക്രട്ടറി കെ.സുഭാഷ്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയതാണു കമ്മിറ്റി. സംസ്ഥാനത്തിന്റെ പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്.
മറുനാടന് മലയാളി ബ്യൂറോ