- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതുപക്ഷത്തിന്റെ വിജയത്തിന് മുഖ്യപങ്കു വഹിച്ചത് എൻഡിഎ മുന്നണി കൺവീനറുടെ നിലപാട്; ബിജെപിക്കൊപ്പം നിന്നു സിപിഎമ്മിന് വേണ്ടി കരുക്കൾ നീക്കിയപ്പോൾ ബിഡിജെഎസ് ആകെ വിജയിച്ചത് ഒറ്റ സീറ്റിൽ മാത്രം; ജോസ് കെ മാണിയും തുഷാർ വെള്ളാപ്പള്ളിയും പിണറായിയുടെ രക്ഷകരായത് ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഗുണകരമായി മാറിയത് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മറുകണ്ടം ചാട്ടം തന്നെയായിരുന്നു. ജോസ് കെ മാണിയെ വിജയതാരമായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുമ്പോഴും അദ്ദേഹത്തിന് നേരിട്ട് അഭിനന്ദനം ചൊരിയാൻ സാധിക്കാത്ത മറ്റൊരാളുണ്ട്, മറ്റാരുമല്ല അത് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ്! കാരണം എൻഡിഎ മുന്നണിയിലാണെങ്കിലും ഇടതുപക്ഷ വിജയിക്കാൻ പ്രധാന കാരണക്കാരിൽ ഒരാൾ തുഷാറാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്നിട്ടും ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് പോയതെന്നാണ് ഉയരുന്ന വിമർശനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് മുൻപ് പാലാ ഉപതിരഞ്ഞെടുപ്പിലേതു പോലെ ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം. ഫലമോ ഈഴവ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നതിന് പകരം എൽഡിഎഫിന് ഒപ്പം നിൽക്കുകയും ചെയ്തു.
എൻഡിഎയിലെ മുഖ്യപാർട്ടിയായ ബിജെപിക്ക് മൊത്തം 1596 സീറ്റുകൾ കിട്ടിയപ്പോൾ എൻഡിഎ യിലെ മറ്റു ഘടകകക്ഷികൾക്ക് എല്ലാം കൂടി കിട്ടിയത് വെറും നാലു സീറ്റുകൾ മാത്രമായിരുന്നു. ഇതിൽ തന്നെ രണ്ടാമത്തെ ഘടക കക്ഷിയായ ബിഡിജെഎസിന് ലഭിച്ചത് ഒരു സീറ്റ് മാത്രം. എൻഡിഎ യുടെ ഭാഗമായ കേരളാകോൺഗ്രസ് പോലും രണ്ടു മുനിസിപ്പാലിറ്റി പിടിച്ചപ്പോഴാണ് ബിഡിജെഎസ് കേവലം ഒരു വാർഡിൽ മാത്രം ഒതുങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ മറ്റുള്ളവരിൽ പെടുത്തിയിട്ടുള്ള സ്വതന്ത്രന്മാർ പോലും 1870 സീറ്റുകളിൽ വിജയം നേടിയിട്ടുണ്ട്. 1425 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും 36 ബ്ളോക്ക് പഞ്ചായത്തും മൂന്ന ജില്ലാ പഞ്ചായത്തും 382 മുനിസിപ്പാലിറ്റിയും 24 കോർപ്പഷേൻ വാർഡുകളിലും സ്വതന്ത്രന്മാരായി മത്സരിച്ച സ്ഥാനാർത്ഥികൾ വിജയം നേടി.
ഗ്രാമ പഞ്ചായത്തിൽ 1181 സീറ്റുകളിൽ വിജയം നേടിയ ബിജെപി 37 ബ്ളോക്ക് പഞ്ചായത്തും രണ്ടു ജില്ലാ പഞ്ചായത്തും 317 മുനിസിപ്പാലിറ്റി വാർഡുകളും പിടിച്ചപ്പോൾ എൻഡിഎയിൽ പെടുന്ന ശിവസേനയ്ക്കും കേരളാ കാമരാജ് കോൺഗ്രസിനും ഒറ്റ സീറ്റുകളിൽ പോലും ജയം നേടാനായില്ല. പി.സി. തോമസിന്റെ കേരളാകോൺഗ്രസിന് രണ്ടു മുനിസിപ്പാലിറ്റിയും ലോക് ജനശക്തി പാർട്ടിക്ക് ഒരു മുനിപ്പാലിറ്റിയും കിട്ടിയപ്പോൾ മറ്റുള്ളവർ മത്സരരംഗത്ത് പോലും ഉണ്ടായിരുന്നില്ല.
വൻ മുന്നേറ്റം നടത്തിയ എൽഡിഎഫ് 7262 ഗ്രാമപഞ്ചായത്ത് വാർഡുകളാണ് പിടിച്ചത്. 2080 ബ്ളോക്ക് പഞ്ചായത്തും 331 ജില്ലാ പഞ്ചായത്തും 3078 മുനിസിപ്പാലിറ്റികളും 414 കോർപ്പറേഷൻ വാർഡുകളും അവർ കൈപ്പിടയിൽ ഒതുക്കി. എൽിഡഎഫിലെ പ്രമുഖരായ സിപിഎം 8190 സീറ്റുകളിലാണ് വിജയം നേടിയത്. 5947 ഗ്രാമ പഞ്ചായത്തും 960 ബ്ളോക്കു പഞ്ചായത്ത്് വാർഡുകളും 141 ജില്ലാ പഞ്ചായത്തും 972 മുനിസിപ്പാലിറ്റികളും 170 കോർപ്പറേഷൻ വാർഡുകളിലും സിപിഎം ജയിച്ചപ്പോൾ സിപിഐ 885 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, 211 ബ്ളോക്ക് പഞ്ചായത്ത് 46 ജില്ലാ പഞ്ചായത്ത് 113 മുനിസിപ്പാലിറ്റി , 28 കോർപ്പറേഷൻ വാർഡുകളും നേടി.
മറുവശത്ത് യുഡിഎഫ് 5893 ഗ്രാമ പഞ്ചായത്ത് വാർഡ്, 727 ബ്ളോക്ക് പഞ്ചായത്ത്് 110 ജില്ലാ പഞ്ചായത്ത്, 1172 മുനിസിപ്പാലിറ്റി, 120 കോർപ്പറേഷൻ എന്നാണ് കണക്കുകൾ. കോൺഗ്രസ് മൊത്തം 5551 വാർഡുകളിലാണ് വിജയിച്ചത്. ഗ്രാമ പഞ്ചായത്തിൽ 4197 സീറ്റുകളും ബ്ളോക്കിൽ 479 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 66 വാർഡുകളും മുനിസിപ്പാലിറ്റിയിൽ 716 വാർഡുകളും കോർപ്പറേഷനിൽ 93 വാർഡുകളുമായിരുന്നു നേടിയപ്പോൾ മുസ്ലിം ലീഗ് 2131 സീറ്റുകളിൽ ജയിച്ചു. 1457, 204,36,413,21 എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാമം, ബ്ളോക്ക്, ജില്ലാ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ അവർ വിജയം നേടിയത്.
കേളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന് 255 സീറ്റുകളിൽ ജയിക്കാനായി. ഗ്രാമ പഞ്ചായത്തിൽ 178 വാർഡുകൾ ജയിച്ച അവർ ബ്ളോക്ക് പഞ്ചായത്തിൽ 35, ജില്ലാ പഞ്ചായത്തിൽ ഏഴ്, മുനിസിപ്പാലിറ്റിയിൽ 34, കോർപ്പറേഷനിൽ ഒന്ന്, എന്നിങ്ങനെയാണ് അവരുടെ വിജയം. ആർഎസ്പി ഗ്രാമ പഞ്ചായത്തിൽ 38 വാർഡുകളിലും ബ്ളോക്കിൽ ആറിടത്തും ജില്ലാ പഞ്ചായത്തിൽ ഒരിടത്തും മുനിസിപ്പാലിറ്റിയിൽ നാലു സീറ്റിലും വിജയം നേടിയപ്പോൾ കോർപ്പറേഷനിൽ അഞ്ച് വാർഡും നേടി. ജേക്കബ് വിഭാഗം 18 ഗ്രാമപഞ്ചായത്ത് വാർഡുകൾ നേടിയപ്പോൾ ആറ് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളും അഞ്ച് മുനിസിപ്പാലിറ്റികളും ഉൾപ്പെടെ 29 സീറ്റുകളിലും ജയം നേടി. അഞ്ച് പഞ്ചായത്ത്് വാർഡുകൾ നേടിയ ബിഎൻജെഡിയാണ് യുഡിഎഫിൽ ജയം കണ്ട മറ്റൊരു മുന്നണി.
അതേസമയം ആകെ ഒരു വാർഡ് മെമ്പർ എന്നതിലേക്ക് ജയം ചുരുങ്ങിയെങ്കിലും എൻഡിഎയുടെ മിക്ക സ്ഥാനാർത്ഥികളുടെയും വിജയത്തിന് പിന്നിൽ ബിഡിജെഎസിന്റെ വോട്ടുബാങ്ക് ഉപയോഗിക്കപ്പെട്ടെന്നാണ് അവരുടെ നേതാക്കൾ കരുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലെല്ലാം പാർട്ടിക്ക് കരുത്തുകാട്ടാനായെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. ബിജെപിയിലേക്ക് പോകേണ്ടാ വോട്ടുകൾ സിപിഎമ്മിലേക്ക് പോകുകയാണ് ഉണ്ടായത്.
അതേസമയം ബി.ഡി.ജെ.എസ് സംസ്്ഥാന നേതൃയോഗവും മാറ്റി വെച്ചിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയ, പരാജയങ്ങൾ അവലോകനം ചെയ്യുന്നതിനായി കണിച്ചുകുളങ്ങരയിൽ ഇന്നലെ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് അസൗകര്യം നേരിട്ടതിനെ തുടർന്നാണ് യോഗം മാറ്റിയതെന്നാണ് വിവരം. യോഗം ചേരുന്നത് സംബന്ധിച്ച് മുഴുവൻ ഭാരവാഹികൾക്കും നേരത്തെ അറിയിപ്പ് നൽകിയിരുന്നു. വോട്ടുമറിക്കൽ ചർച്ചയാകാതിരിക്കാനാണ് യോഗം നീട്ടിവെക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ