ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. അച്ഛനും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞാണ് തുഷാർ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്നായിരുന്നു നടേശൻ നേരത്തേ പറഞ്ഞിരുന്നത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തുഷാർ തന്റെ നിലപാട് വ്യക്തമാക്കിയത്. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള തർക്കം പരിഹരിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം.

ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പും അമിത് ഷാ നൽകി. ഇതോടെയാണ് അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാർ പ്രഖ്യാപിച്ചതെന്നാണ് സൂചന.

എൻഡിഎ സഖ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ 10 ദിവസത്തിനകം കേരളത്തിലെ നേതാക്കളുടെ യോഗം അമിത് ഷാ വിളിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നാളികേര വികസന ബോർഡ് അധ്യക്ഷ സ്ഥാനമടക്കം 15 സ്ഥാനങ്ങളാണ് ബിഡിജെഎസ് നോട്ടമിട്ടിരിക്കുന്നത്.

മലപ്പുറത്ത് എൻഡിഎക്ക് സ്ഥാനാർത്ഥിയില്ലെന്നും ബിജെപി പ്രഖ്യാപിച്ച അവരുടെ സ്ഥാനാർത്ഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ലെന്നുമായിരുന്നു നേരത്തെ ബിജെപിയുമായി ഉടക്കിയ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസിനോട് ആലോചിക്കാതെ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയെ പിന്തുണക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ല. ബിഡിജെഎസ് കേരളത്തിൽ ബിജെപിയെക്കാൾ കരുത്തുള്ള പാർട്ടിയാണ്. തങ്ങളുടെ അണികൾ ബിജെപിയിൽ ലയിക്കുമെന്ന് കരുതേണ്ട. ഭാവിയിൽ ഏത് മുന്നണിയുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്നുമാണ് നടേശൻ പറഞ്ഞത്.