വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ് ചിത്രം ഏപ്രിൽ 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് കാഴ്‌ച്ചക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മാസ്സും ഫൈറ്റും ഒത്തുചേർന്ന ട്രെയിലർ ഇതിനോടകം തരംഗം തീർത്തു കഴിഞ്ഞു.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 22 മില്യണിലധികം കാഴ്‌ച്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 13 മണിക്കൂറ് ആയപ്പോൾ തന്നെ 21 മില്യൺ വ്യൂസ് കഴിഞ്ഞിരുന്നു. വീരരാഘവൻ എന്ന സ്‌പൈ ഏജന്റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിങ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികൾ. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.