ചെന്നൈ: ഒടിടി റിലീസിന് ശേഷവും ബീസ്റ്റ് സിനിമയ്‌ക്കെതിരെയുള്ള വിമർശനങ്ങൾക്ക് കുറവില്ല.വിജയ് അവതരിപ്പിച്ച വീരരാഘവൻ എന്ന കഥാപാത്രത്തെ ട്രോളന്മാർ വിടാതെ പിന്തുടരുന്നുണ്ട്.ഇതിന് പുറമെയാണ് നിരവധി പേർ സീരിയസായ കുറിപ്പുമായി രംഗത്ത് വരുന്നത്.

ചിത്രത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട രംഗങ്ങളിലൊന്നാണ് പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റർ ജെറ്റിൽ കടത്തികൊണ്ടുവരുന്ന രംഗം. വിജയ് തന്നെയാണ് ഫൈറ്റർ ജെറ്റിന്റെ പൈലറ്റ്. പാക്കിസ്ഥാൻ പട്ടാളം ഫൈറ്റർ ജെറ്റിൽ നിന്ന് വിജയിന്റെ ഫൈറ്റർ ജെറ്റിന് നേരേ മിസൈൽ വിടുമ്പോൾ അനായാസേന വിജയ് ഒഴിഞ്ഞുമാറുന്നതും കാണാം. സാമാന്യ യുക്തിക്ക് നിരക്കാത്ത രംഗമാണിതെന്നാണ് പ്രധാനവിമർശനം.

ഈ രംഗത്തെ പരാമർശിച്ച് ഒരു ഐഎഎഫ് പൈലറ്റ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഒട്ടേറയാളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തത്.

 

സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും യുക്തിക്ക് നിരക്കാത്ത രംഗങ്ങൾ ഒഴിവാക്കാൻ സംവിധായകർ ബുദ്ധിപ്രയോഗിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും വിജയ് നടൻ മാത്രമാണെന്നും ഈ രംഗത്തിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കുന്നതിൽ അർഥമില്ലെന്നും മറുഭാഗം പറയുന്നു.

വിജയിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് കഴിഞ്ഞ ഏപ്രിൽ 13 നാണ് പുറത്തിറങ്ങിയത്. വിജയ് ഒരു റോ ഏജന്റിന്റേ വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.