ദോഹ: പ്രമേഹത്തിനെതിരേ ബോധവത്ക്കരണവുമായി ബീറ്റ് ഡയബറ്റീസ് വോക്കത്തോൺ 14ന് സംഘടിപ്പിക്കും. ആസ്പയർ പാർക്കിൽ നടക്കുന്ന വോക്കത്തോൺ സംഘടിപ്പിക്കുന്നത് ലാൻഡ് മാർക്ക് ഗ്രൂപ്പാണ്. പ്രമേഹത്തിനെതിരേ ലാൻഡ് മാർക്ക് നടത്തിവരുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് വോക്കത്തോൺ സംഘടിപ്പിക്കുന്നത്. ഏഴു രാജ്യങ്ങളിൽ വർഷം മുഴുവൻ പ്രമേഹത്തിനെതിരേ ബോധവത്ക്കരണം നടത്തിവരികയാണ് ലാൻഡ് മാർക്ക് ഗ്രൂപ്പ്. കഴിഞ്ഞ വർഷം നടത്തിയ വോക്കത്തോണിൽ 60,000 പേർ പങ്കെടുത്തുവെന്നും സൗജന്യ പ്രമേഹ രക്തപരിശോധന ക്യാമ്പിൽ 75,0000ത്തിലധികം പേർ എത്തിയെന്നും ഗ്രൂപ്പ് വക്താവ് വെളിപ്പെടുത്തുന്നു.

ആസ്പയർ പാർക്കിൽ കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ എത്തുന്ന ആർക്കുവേണമെങ്കിലും വോക്കത്തോണിൽ പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ഇവിടെ തന്നെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആസ്പയർ പാർക്കിനു ചുറ്റുമുള്ള  ഒരു കിലോമീറ്റർ ദൂരം മാത്രമാണ് വോക്കത്തോണിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആസ്പയർ മാനേജ്‌മെന്റും ഖത്തർ ഡയബറ്റീസ് അസോസിയേഷനും പരിപാടിക്ക് പിന്തുണയേകുന്നുണ്ട്.