കൊച്ചി: ബ്യൂട്ടി പാർലറിൽ വെടിവയ്പ് കേസിൽ രാജ്യാന്തര അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) നെടുമ്പാശേരിയിലുള്ള ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.

പനമ്പള്ളിനഗറിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടന്ന സംഭവത്തിൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഇയാളെ വെടിവയ്പു നടന്ന സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പിൽ രവി പൂജാരിക്കുള്ള പങ്ക് എന്താണെന്നതിലേക്കാണ് പ്രധാന അന്വേഷണം.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ രണ്ടു പേരെ ഇതുവരെയും കണ്ടെത്താൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ഇവരുടെ വിവരങ്ങൾ ഇയാളിൽ നിന്നു ലഭിക്കുമോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇയാൾ സംസ്ഥാനത്തു നടത്തിയിട്ടുള്ള മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും ചോദ്യം ചെയ്യുന്നുണ്ട്.

കമാൻഡോ വിങ്ങിന്റെ കടുത്ത സുരക്ഷയിലാണ് എടിഎസ് ആസ്ഥാനം ഇപ്പോൾ. ഇയാൾക്ക് പല പ്രമുഖരിൽ നിന്നും ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. എടിഎസ് ഉദ്യോഗസ്ഥർക്കു പുറമേ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 16 ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് ഇയാളെ കൊച്ചിയിൽ എത്തിച്ചത്.

നേരത്തെ അന്വേഷണ സംഘം രവി പൂജാരിയെ ബെംഗളുരുവിൽ ചോദ്യം ചെയ്യുമ്പോൾ പത്തു വർഷം മുമ്പ് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർക്കുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു.

വ്യവസായിയിൽനിന്നു തട്ടിയെടുത്ത രണ്ടരക്കോടിയിൽ 50 ലക്ഷം രൂപ മാത്രമാണ് തനിക്കു നൽകിയതെന്നും ബാക്കി തുക ഒരു ഐപിഎസ് ഓഫിസർ ഉൾപ്പടെ പൊലീസിലെ രണ്ടു പേർ തട്ടിയെടുത്തെന്നുമാണ് ആരോപണം. ഇടനിലക്കാർക്കുള്ള കമ്മിഷൻ എന്ന നിലയിലാണ് ഇവർ പണം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത പ്രമുഖരുടെ പേര് രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച തുടർ ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നാണ് വിവരം.

ഈ മാസം എട്ടാംതീയതി വരെയാണ് പ്രതിയെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. പനമ്പള്ളിനഗറിലെ വെടിവയ്പിൽ രവി പൂജാരി ഒരു വാർത്താ ചാനലിലേക്കു വിളിച്ചാണ് തന്റെ പങ്ക് വെളിപ്പെടുത്തിയത്. ചാനൽ ജീവനക്കാരനിൽനിന്ന് ഈ ശബ്ദസാംപിൾ ശേഖരിച്ചിട്ടുള്ള അന്വേഷണ സംഘം രവി പൂജാരിയുടെ ശബ്ദം റെക്കോർഡ് ചെയ്ത് ഇതിനെ താരതമ്യം ചെയ്ത് ഉറപ്പു വരുത്തും.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽനിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വിമാനത്താവളത്തിലെത്തിച്ച് 7.45നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. എടിഎസ് നിരീക്ഷണത്തിൽ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ഇയാളെ താമസിപ്പിച്ചത്. കർണാടകയ്ക്കും കേരളത്തിനും പുറമേ മഹാരാഷ്ട്രയിലും ഗുജറാത്തിലും രവി പൂജാരിക്കെതിരെ കേസുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ സെനഗലിൽ നിന്ന് അറസ്റ്റിലായ രവി പൂജാരിയെ 2019 ഓഗസ്റ്റ് 19നാണ് ഇന്ത്യയ്ക്കു വിട്ടു നൽകിയത്.