മൊസൂൾ: മൊസൂളിൽ ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും സൗന്ദര്യം എത്ര വേണമെങ്കിലും കൂട്ടാം. ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് തല മുതൽ പാദം വരെ മൂടുന്ന കറുത്ത വസ്ത്രം ധരിക്കണമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്ന ദുരവസ്ഥയിൽ നിന്നും ബോട്ടോക്‌സ് ഇൻജക്ഷൻ മുതൽ പല്ലു വെളുപ്പിക്കുന്നതിന് വരെ യുവതീ യുവാക്കൾ ബ്യൂട്ടി സ്പാകളിലേക്ക് ഇടിച്ചു കയറുകയാണ്. ഐഎസിന്റെ പിൻവാങ്ങലിന് പിന്നാലെ അഞ്ച് കോസ്മറ്റിക്ക് ക്ലിനിക്കുകളാണ് മൊസൂളിൽ ആരംഭിച്ചത്.

ആഗസ്റ്റിലാണ് മൊസൂളിൽ നിന്നും ഐഎസ് മടങ്ങിയത്. സൗന്ദര്യ സംരക്ഷണത്തിനോ പ്ലാസ്റ്റിക്ക് സർജറി അടക്കമുള്ളവയ്‌ക്കോ ഇവിടെ അനുവാദമുണ്ടായിരുന്നില്ല. മുടി കൊഴിച്ചിലടക്കമുള്ളവർക്ക് ചികിത്സയ്ക്ക് പകരം തുണികൊണ്ട് തല മൂടി വയ്ക്കുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. എന്നാൽ അതിൽ നിന്നും മാറി ഇപ്പോൾ തങ്ങളിലെ സൗന്ദര്യത്തെ മോടി പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊസൂളിലെ നല്ലൊരു ഭാഗം ജനതയും.

പഴയതിൽ നിന്നും സ്ഥിതി മാറിയതോടെ ഈ ഭാഗത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് വേണ്ടിയുള്ള ക്ലിനിക്കുകളും കോസ്‌മെറ്റിക്‌സ് ഷോപ്പുകളും ആരംഭിച്ചിരിക്കുകയാണ്. വനിതാ കസ്റ്റമേഴ്‌സാണ് ഇവിടെ അധികമായി എത്തുന്നതെന്നാണ് വിവരം. മീശവയ്ക്കാതെ താടി നീട്ടി വളർത്തണമെന്ന ഐഎസ് നിർദ്ദേശത്തിൽ നിന്നും വിടുതൽ കിട്ടിയതിന്റെ സന്തോഷം ഇന്നാട്ടിലെ പുരുഷന്മാർക്കുമുണ്ട്.