ന്യൂഡൽഹി: ബോളിവുഡിൽ നിന്ന് തമിഴിലേക്ക് തിരിച്ചുവരാൻ കാരണം കള്ളപ്പണത്തോടുള്ള വെറുപ്പാണെന്ന് പ്രമുഖ നടൻ കമൽ ഹാസൻ. സംവിധായകനും ഛായാഗ്രാഹകനുമായ എ. വിൻസന്റ് കള്ളപ്പണം ഉപയോഗിക്കാത്ത അപൂർവം സിനിമാക്കാരിൽ ഒരാളായിരുന്നുവെന്നും ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവ് 2017 ൽ കമൽ പറഞ്ഞു.

ബോളിവുഡിൽ നിന്ന് തമിഴ്സിനിമയിലേക്ക് മടങ്ങിവരാൻ എന്നെ പ്രരിപ്പിച്ചത് അവിടുത്തെ കള്ളപ്പണത്തിന്റെ ഒഴുക്കാണ്. അന്നത്തെ കാലത്ത് അധോലോകവുമായി പല സിനിമാ പ്രവർത്തകർക്കും ബന്ധമുണ്ടായിരുന്നു. അതിന് വഴങ്ങിക്കൊടുക്കാനോ അല്ലെങ്കിൽ എതിർക്കാനോ ഞാൻ നിന്നില്ല. എനിക്ക് കള്ളപ്പണം ആവശ്യമില്ലായിരുന്നു. കള്ളപ്പണം തൊടാതെ ജീവിക്കുന്നവനാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. അതുപോലെ തന്നെയായിരുന്നു ഛായാഗ്രാഹകൻ എ. വിൻസന്റും- കമൽ പറഞ്ഞു.

സിനിമയിൽ അഭിനേതാക്കൾ പുകവലിക്കുന്നത് കാണിക്കുന്നതിനെക്കുറിച്ചും കമൽ തന്റ നിലപാട് വ്യക്തമാക്കി. ഞാൻ പുകവലി തുടങ്ങാൻ കാരണം മറ്റാരുമല്ല സാക്ഷാൽ ശിവാജി ഗണേശനാണ്. അത്രയും സ്വാഭാവികമായ പുകവലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്റെ ഒരുപാട് സുഹൃത്തുക്കൾ പുകവലി മൂലം കാൻസർ ബാധിച്ച് മരിച്ചിട്ടുണ്ട്. അതുകണ്ട് പുകവലി അവസാനിപ്പിച്ചതാണ് ഞാൻ. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ മാത്രം ഞാൻ സിനിമയിൽ പുകവലിക്കും- കമൽ കൂട്ടിച്ചേർത്തു.