- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർക്കു പിന്തുണയുമായി സോഷ്യൽ മീഡിയ; ദീപ നിശാന്തിനെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നു യൂത്ത് കോൺഗ്രസും
തൃശൂർ: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത പ്രതിഷേധം ഇപ്പോൾ സമൂഹത്തിലെ വിവിധ കോണുകളിലുള്ളവരും പിന്തുണയ്ക്കുന്നുണ്ട്. എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ
തൃശൂർ: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത പ്രതിഷേധം ഇപ്പോൾ സമൂഹത്തിലെ വിവിധ കോണുകളിലുള്ളവരും പിന്തുണയ്ക്കുന്നുണ്ട്.
എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് അസിസ്റ്റന്റ് പ്രൊഫസറായ ദീപ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ പുറത്താക്കാൻ ആവശ്യപ്പെട്ട് ചില കോണുകളിൽ നിന്നും ശബ്ദമുയർന്നിരുന്നു.
എന്നാൽ, വിവിധ കോണിൽ നിന്നു ഭീഷണി ഉയരുമ്പോഴും സോഷ്യൽ മീഡിയയും സാംസ്‌കാരിക കേരളവും ദീപയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കാലഘട്ടം ആവശ്യപ്പെടുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നവരെ വേട്ടയാടാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് അദ്ധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത് അദ്ധ്യാപികയുടെ പരസ്യ പ്രതികരണത്തെ തുടർന്നാണെന്ന നിലപാടാണു കൊച്ചിൻ ദേവസ്വം ബോർഡിനുള്ളത്.
ദാദ്രിയിൽ പശുമാംസം കഴിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ ഹൈന്ദവവാദികൾ വീട്ടിൽകയറി അടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് കേരളവർമ്മ കോളേജിൽ എസ്എഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തിയത്. ഇതിനെ എതിർത്ത് എബിവിപി പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
കേരളവർമ്മ കോളേജിൽ ക്ഷേത്രമുണ്ടെന്ന പ്രചാരണം ഉയർത്തി കോളേജിൽ മാംസം നിഷിദ്ധമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കലാലയങ്ങൾ ക്ഷേത്രങ്ങളെപോലെയല്ല പരിപാലിക്കണ്ടതെന്ന ആഹ്വാനവുമായി കോളേജിലെ അദ്ധ്യാപിക ദീപ നിശാന്ത് രംഗത്തെത്തിയത്.
കലാലയങ്ങൾ അമ്പലങ്ങളാണെന്ന് പറയുന്നവർ 'അശുദ്ധി' സമയത്ത് സ്ത്രീകൾ ഇവിടേക്ക് പ്രവേശിക്കരുതെന്ന് നാളെ പറഞ്ഞേക്കാമെന്നും അദ്ധ്യാപിക ഫേസ്‌ബുക്കിൽ കുറിച്ചു. അഹിന്ദുക്കൾ പുറത്തുനിൽക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെട്ടേക്കാം. ഭൂതകാല ജീർണ്ണതകൾ വരും തലമുറകൾ അതേപടി ചുമക്കേണ്ടതില്ലെന്നും, വലിച്ചെറിയേണ്ടവ വലിച്ചെറിയണമെന്നും അദ്ധ്യാപിക ഫേസ്‌ബുക്കിൽ കുറിച്ചു.
കോളേജിനുള്ളിൽ ക്ഷേത്രമുണ്ടെന്നും, അതിനാൽതന്നെ മാംസം അകത്തുകൊണ്ടു വരുന്നത് നിഷിദ്ധമാണെന്നുമുള്ള പ്രചരണങ്ങളെ ചോദ്യംചെയ്ത് പൂർവ്വ വിദ്യാർത്ഥികളും മാദ്ധ്യമപ്രവർത്തകരുമടക്കം രംഗത്തുവന്നു. അദ്ധ്യാപികയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലും Support_Deepa_Nisanth എന്ന ഹാഷ് ടാഗിലും പിന്തുണയർപ്പിച്ച് നിരവധിപേർ നിലപാടറിയിച്ചിരിക്കുന്നത്.
അതിനിടെ, ദീപ നിശാന്തിനെയും ജോൺസൺ, അരുൺ എന്നീ അദ്ധ്യാപകരെയും പുറത്താക്കണമെന്ന ആവശ്യവുമായി എബിവിപി രംഗത്തെത്തുകയും ചെയ്തു. പുറത്താക്കൽ പട്ടികയിൽ ആദ്യപേര് തന്റെയാവട്ടെയെന്നും ദീപാ നിശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു. നിഷ്പക്ഷത നാട്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കൃത്യമായ പക്ഷം പിടിക്കുന്നുവെന്നും കാലഘട്ടം ആവശ്യപ്പെടുന്ന സമരങ്ങളെ പിന്താങ്ങുന്നുവെന്നും അദ്ധ്യാപിക നിലപാടറിയിച്ചു.
പഠിച്ച കാലത്ത് കോളേജിൽ ഇല്ലാതിരുന്ന അമ്പലം പെട്ടെന്ന് ഒരുനാൾ ഉയർന്നുവന്ന് സംഘർഷങ്ങൾക്ക് ഇടയാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും കൈരളി ന്യൂസ് ഡയറക്ടറുമായ എൻ പി ചന്ദ്രശേഖരനും രംഗത്തുവന്നു. 'കേരള വർമ്മ കോളേജിൽ അമ്പലമില്ല. കോളേജിലുള്ളത് അമ്പലമുണ്ടാക്കാനുള്ള ശ്രമമാണ്. ടീച്ചറെ പുറത്താക്കണമെന്ന മുറവിളി പെൺബലിക്കുള്ള കൊലവിളിയാണ്.' എന്ന് എൻ പി ചന്ദ്രശേഖരൻ കുറിച്ചു.
ബീഫ് ഫെസ്റ്റ് നടത്തിയതുമായി ബന്ധപ്പെട്ട് ആറ് എസ് എഫ് ഐ പ്രവർത്തകരെ സസ്‌പെന്റ് ചെയ്തിരുന്നു. ബീഫ് ഫെസ്റ്റ് തടയുന്നതിനായി അതിക്രമം കാട്ടിയ എബിവിപി കാർക്കെതിരെ നടപടി സ്വീകരിക്കാനും കോളേജ് മാനേജ്‌മെന്റ് തയാറായില്ല. ഇതിനിടയിൽ വിദ്യാർത്ഥി യൂണിയൻ ഓഫീസ് തീയിട്ട സംഭവവും ഉണ്ടായി. അദ്ധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്തുകൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
കോളേജിൽനടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് കോളേജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണു ദീപയ്‌ക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരള വർമ കോളജിനുള്ളിൽ മാംസാഹാരം ഉപയോഗിക്കുന്ന പതിവില്ലെന്നായിരുന്നു ബീഫ് ഫെസ്റ്റ് സംഭവത്തോട് പ്രിൻസിപ്പൽ സി എം ലതയുടെ മറുപടി. ബീഫ് ഫെസ്റ്റ് നടത്തിയതിനെക്കുറിച്ച് കോളജ് മാനേജ്‌മെന്റ് കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് പ്രിൻസിപ്പൽ ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് മാംസാഹാരം വിതരണം ചെയതതിനും ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടാക്കിയതിനുമാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നാണ് അധികൃതരുടെ നിലപാട്.
അതിനിടെയാണു ദീപ നിശാന്തിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ നിരവധി പോസ്റ്റുകൾ വരുന്നത്. എഴുത്തിലൂടെയുംഅദ്ധ്യാപിക എന്ന നിലയിലും നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ ദീപ ഒരു സ്ത്രീയായതിനാലാണ് ഇത്തരത്തിൽ വിരുദ്ധാഭിപ്രായം വരുന്നതെന്നു സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
ദീപയ്ക്കു പിന്തുണയുമായി ഡാർക്ക് ഏജ് എന്ന ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ദീപ നിശാന്തിന്റെ വിദ്യാർത്ഥികൾ ആയിരുന്നവരും സോഷ്യൽമീഡിയയിലെ അവരുടെ സുഹൃത്തുക്കളും തുടങ്ങിവച്ച കാമ്പയിൻ ഇപ്പോൾ സമൂഹത്തിന്റെ നിരവധി മേഖലകളിലുള്ളവർ ഏറ്റെടുത്തു കഴിഞ്ഞു.
തൃശൂർ കേരളവർമ്മ കോളേജിലെ സംഭവത്തിൽ ദേവസ്വം ബോർഡ് നിലപാട് തെറ്റെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുകയല്ല ദേവസ്വം ബോർഡ് ചെയേണ്ടത്. അഭിപ്രായം പറയാനുള്ള അദ്ധ്യാപികയുടെ സ്വാതന്ത്ര്യം ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകൾ പിന്തുടരുന്ന തരത്തിൽ അന്വേഷണം പ്രഖ്യാപിച്ച നടപടി പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് പ്രസ്താവനയിൽ പറഞ്ഞു.