കൊച്ചി: കൊച്ചി മെട്രോ അതിവേഗ റെയിൽ പദ്ധതിക്ക് വേണ്ടി സ്ഥലം വിട്ടു നൽകാത്ത പ്രമുഖ വസ്ത്ര സ്ഥാപനമായ ശീമാട്ടിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി സംവിധായകൻ ആഷിഖ് അബുവും രംഗത്തെത്തി. 'മെട്രോ അവിടെ നിൽക്കട്ടെ, ശീമാട്ടി പറ !' എന്ന ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബു തന്റെ പ്രതിഷേധം അറിയിച്ചത്. ഇതിനോടകം നിരവധി കമന്റുകളും, ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചത്. പോസ്റ്റ് വൈറലുമായി. വലിയ പ്രതിഷേധമാണ് വികസന സ്വപ്‌നങ്ങൾക്കെതിരെ നിലപാട് എടുത്ത ബീനാ കണ്ണനെതിരെ സോഷ്യൽ മീഡിയ ഉയർത്തിയത്.

മെട്രോ വികസനത്തിന്റെ പേരിൽ സ്ഥലമേറ്റെടുപ്പ് നടത്തിയ സർക്കാർ ശീമാട്ടയുടെ സ്ഥലം ഇതുവരെ ഏറ്റെടുക്കാൻ വൈകിയതാണ് പ്രതിഷേധത്തിന് ഇടയായത്. ബലമായി ഭൂമി പിടിച്ചെടുക്കാമായിരുന്നിട്ടും ഉടമസ്ഥത നിലനിർത്തിക്കൊണ്ട് ധാരണാ പത്രത്തിൽ ഒപ്പ് വെയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിഷേധകരുടെ ആരോപണം. 32 സെന്റ് ഭൂമിയാണ് ശീമാട്ടി വിട്ടു നൽകേണ്ടത്. സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ആഷിക്കിന്റെ പ്രതികരണം. ബാർകോഴയുമായി ബന്ധപ്പെട്ട് മാണിയ്‌ക്കെതിരെ ആഷിഖ് നടത്തിയ 'എന്റെ വക 500' ഹാഷ് ടാഗും വൈറലായിരുന്നു.

അതിനിടെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ മുന്നോട്ടുള്ള നിർമ്മാണത്തിന് വിലങ്ങുതടിയായി നിന്ന പ്രമുഖ ടെക്‌സ്റ്റെയിൽ ശീമാട്ടിയുടെ സ്ഥലം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. എം ജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് ഭൂമിയാണ് റവന്യൂവകുപ്പ് ഏറ്റെടുത്തത്. നേരത്തെ ഇവർക്ക് വേണ്ടി പ്രത്യേകം പാക്കേജ് തയ്യാറാക്കിയത് കടുത്ത എതിർപ്പിനെ ക്ഷണിച്ചു വരുത്തിയിരുന്നു. രണ്ട് വർഷത്തിൽ ഏറെയായി മെട്രോയ്ക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ വേണ്ടി കെഎംആർഎൽ ശ്രമം നടത്തിയിട്ടും സാധിക്കാത്ത കാര്യം സൈബർ ലോകത്തിന്റെ പ്രതിഷേധ ജ്വാലയിൽ സാധിക്കുകയായിരുന്നു.

പ്രമുഖ വ്യവസായിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാത്ത വിധത്തിൽ ധാരണ ഉണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു. സിപിഐ(എം) അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയപ്പോൾ ഗതികെട്ടാണ് ശീമാട്ടി സൽ വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. അല്ലാത്ത പക്ഷം ബലംപ്രയോഗിച്ച് ഏറ്റെടുക്കാൻ റവന്യൂവകുപ്പ് നിർബന്ധിതരാകുമായിരുന്നു. എന്നാൽ ശിമാട്ടിയുടെ സ്ഥലം ബീനാകണ്ണൻ വിട്ടുകൊടുത്തു എന്ന നിലയിൽ മാദ്ധ്യമങ്ങൾ വാർത്ത നൽകിയെന്നതും ശ്രദ്ധേയമാണ്. വികസനത്തിന് എതിരെ ബീനാ കണ്ണൻ നിൽക്കുന്നില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമം.

സ്വമേധയാ ശീമാട്ടിയുടെ സ്ഥലം നിർമ്മാണത്തിന് വിട്ടുകൊടുത്തതു പോലെയാണ് വാർത്തകൾ. എന്നാൽ കൊച്ചി മെട്രോയുടെ സമ്മർദ്ദം മാത്രമാണ് ഇത് സാധ്യമാക്കിയത്. ശീമാട്ടിയുടെ സ്ഥലം ഏറ്റുടുക്കുന്നതിലെ വിവാദം ആദ്യ ഘട്ടത്തിൽ വാർത്തയായി പോലും ഒരു മാദ്ധ്യമവും നൽകില്ല. എന്നാൽ കോടികളുടെ പരസ്യങ്ങൾ നൽകുന്ന വ്യവസായിയെ സന്തോഷിപ്പിക്കാനായി വിട്ടുനൽകലിനെ പൊലിപ്പിക്കുകയാണ് ചില മാദ്ധ്യമങ്ങൾ. കൊച്ചി മെട്രോയുടെ ഒന്നാംഘട്ട വികസനത്തിന് പ്രധാന തടസമായി നിന്നത് ശീമാട്ടിയായിരുന്നു. ഈ ഭാഗത്ത് മാത്രമാണ് ഇനി മെട്രോ തൂണുകൾ ഉയരാനുള്ളത്. അഞ്ച് തൂണുകളാണ് ഇവിടെ ഉയരാനുള്ളത്.

ശീമാട്ടിയുടെ ഭൂമി വിട്ടുകിട്ടിയതോടെ ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഭാഗങ്ങളിൽ മുടങ്ങിക്കിടക്കുന്ന നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആർ.എൽ. പരസ്പര ചർച്ചകൾ ഫലവത്താകാത്തതിനെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബർ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആർ.എൽ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നൽകണമെന്ന് കാണിച്ച് ജില്ലാ കലക്ടർ എം.ജി രാജമാണിക്യത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് നിർദ്ദേശവും നൽകി.

എന്നാൽ ജില്ലാ ഭരണകൂടം മൂന്ന് മാസം കൂടുതൽ നടപടിയൊന്നും കൈക്കൊണ്ടില്ല. മൂന്നുമാസത്തെ ചർച്ചകൾ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനൽകാൻ ഒരുമാസത്തെ സമയം അനുവദിച്ച് ജില്ലാ ഭരണകൂടം കഴിഞ്ഞ മാസം ശീമാട്ടിക്ക് നോട്ടീസ് നൽകിയത്. എന്നാൽ മുൻ നിലപാടുകളിൽ ഉറച്ചുനിന്ന ശീമാട്ടി മാനേജ്‌മെന്റ് സ്ഥലം സ്വമേധയാ വിട്ടുനൽകാൻ തയാറായില്ല. തുടർന്നാണ് ഉന്നത കോൺഗ്രസ് നേതാക്കളുടെ കൂടി താൽപ്പര്യത്തിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം പാക്കേജ് തയ്യാറാക്കിയതും ഭൂമി ഏറ്റെടുക്കൽ യാഥാർത്ഥ്യമായതും.