തിരുവനന്തപുരം: സിനിമയിലെ വനിതാ കൂട്ടായ്മ തകർന്നില്ലെന്ന് എഡിറ്റർ ബീനാപോൾ. സിനിമയിലെ വനിതാ കൂട്ടായ്മയുടെ സംഘടന പിളർന്നുവെന്നും മഞ്ജു സംഘടന വിട്ടുവെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കൂടാതെ കെ.പി.എ.സി ലളിതയുടെ നേതൃത്വത്തിൽ ഒരു പുതിയ വനിതാ കൂട്ടായ്മ രൂപപ്പെടുന്നുവെന്നും സൂചനയുണ്ട്. ഇതിനിടെയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറുമായ ബീന പോൾ ദേശീയ മാധ്യമത്തോട് നിലപാട് വിശദീകരിക്കുന്നത്.

'പ്രചരണങ്ങളിലൊന്നും യാതൊരു സത്യവുമില്ല. എല്ലാം ഞാൻ നിഷേധിക്കുന്നു. ഡബ്യൂസിസി തകർന്നിട്ടില്ല'- ബീന പോൾ പറഞ്ഞു. എന്നാൽ മറ്റ് കാര്യങ്ങളിലേക്കൊന്നും കടക്കുന്നുമില്ല. ഒരു ദേശീയ മാധ്യമത്തോടാണ് ബീന പോളിന്റെ പ്രതികരണം. സിനിമയിലെ സ്ത്രീവിരുദ്ധതയെ വളരെയേറെ വിമർശിക്കുന്ന വിമൺ ഇൻ സിനിമാ കളക്ടീവ് മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചുള്ള ലേഖനം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത് വിവാദമായിരുന്നു. പിന്നീട് ലേഖനം പിൻവലിച്ചെങ്കിലും ഇതിനെതിരെ കടുത്ത പ്രതിഷേധം അരങ്ങേറി. ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിങ് കുറച്ചാണ് ആരാധകർ പ്രതിഷേധിച്ചത്. അഞ്ചിന് മുകളിൽ റേറ്റിങ് ഉണ്ടായിരുന്ന ഡബ്ല്യുസിസിയുടെ എഫ്ബി പേജ് മണിക്കൂറുകൾ കൊണ്ടാണ് 2.2 റേറ്റിങ്ങിലേക്ക് വീണത്.

കസബയിലെ ലേഖനത്തോട് മഞ്ജു വാര്യരും അനുകൂലമായി പ്രതികരിക്കുന്നില്ല. താൻ വനിതാ കൂട്ടായ്മയിൽ നിന്ന് പിന്മാറുമെന്ന സൂചന മഞ്ജു അടുത്ത വൃത്തങ്ങൾക്ക് നൽകി കഴിഞ്ഞു. ഒരു പ്രശസ്ത നടി യാത്രമധ്യേ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഡബ്ല്യൂസിസി രൂപീകരിക്കപ്പെടുന്നത്. മലയാള സിനിമയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളാണ് ഇതിലെ അംഗങ്ങൾ. എന്നാൽ മലയാള സിനിമയിലെ എല്ലാ വനിതാ പ്രവർത്തകരെയും ഡബ്ല്യൂസിസിയുടെ കുടക്കീഴിൽ കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല.