ന്നലെ കീചകന് നല്ല തിരക്കായിരുന്നു. അതുകൊണ്ട് പത്രകക്ഷണവുമെടുത്തുകൊണ്ട് രാവിലെ നേരെ അപ്പിയിടാനായി പോയി. ആരെന്തെങ്കിലും പറഞ്ഞാലും ആച്ചായന്റെ മനോരമയാണ് കേട്ടോ നുമ്മ ആദ്യം വായിക്കുന്നത്. മനോരമ വായിച്ച് അപ്പിയിടുക എന്നത് പണ്ട് മുതലേയുള്ള ഒരു ശീലമാണ്. അതുകൊണ്ട് തന്നെ മനോരമ ഇല്ലാത്ത കാലത്തെ കുറിച്ച് കീചകന് ആലോചിക്കാനേ വയ്യ.

മനോരമയുടെ രണ്ടാം പേജ് തുറന്ന് നോക്കിയപ്പോൾ ദേ കാണാം ഒരു വാർത്ത. ടെക്‌നോപാർക്കിൽ ബിയർ പാർലർ തുടങ്ങാനുള്ള നീക്കം എന്തു വില കൊടുത്തും നമ്മുടെ യൂത്ത് കോൺഗ്രസ്സുകാർ തടയുമത്രേ. കീചകന് ആകെ വിഷമമായി. നല്ല കാര്യത്തിനെല്ലാം ഉടക്ക് വയ്ക്കുന്നത് കോൺഗ്രസ്സുകാരാണ് എന്നാണ് ഞാൻ മനോരമയിൽ വായിക്കാറ്. ഇവിടെ ഇതു കോൺഗ്രസ്സുകാരനല്ലോ എന്ന ചിന്തയാണ് കീചകനെ ആദ്യം വിഷമിപ്പിച്ചത്. മുൻപ് മുതലേ ഇങ്ങനെ ഒരു നീക്കം ഉണ്ടായിരുന്നെന്നും അതു അന്നത്തെ നഗരസഭാ ഇടപെട്ട് തടഞ്ഞെന്നും എന്നിട്ടും യാതൊരുവിധ ധാർമ്മിക മൂല്യത്തിലും വിശ്വസിക്കാത്ത കെറ്റിഡിസി നമ്മുടെ ടെക്കി പിള്ളേർക്കിട്ട് പാര പണിയാനായി കണ്ണി ചോരയില്ലാതെ ബിയർ പാർലർ കൊണ്ടു വരുന്നു എന്നുമാണ് യൂതന്മാർ പറയുന്നത്. യൂതന്മാരുടെ പ്രധാന വറി ടെക്‌നോ പാർക്കിലെ ടെക്കി പെണ്ണുങ്ങളെ കുറിച്ചാണ്. ഇപ്പോൾ തന്നെ ടെക്കികൾ എന്നും പറഞ്ഞ് കഴുകൻ കണ്ണുമായി നടക്കുന്ന കശ്മലന്മാരെ പേടിച്ച് ഡ്യൂട്ടി കഴിഞ്ഞു വെളിയിൽ ഇറങ്ങാൻ വയ്യാത്ത തരുണീമണികൾക്ക് ഇനി ബിയറിന്റെ ആശങ്ക കൂടിയായാൽ എന്തായിരിക്കും സ്ഥിതിയെന്നാണ് യൂതന്മാരുടെ ചോദ്യം.

എല്ലാ ദിവസവും മനോരമ മുടങ്ങാതെ വായിക്കാറുണ്ടെങ്കിലും കീചകൻ ആദ്യമാണ് ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നത് കേട്ടോ. ഇങ്ങനെ ഒരു ഐഡിയ തോന്നിയ കെറ്റിഡിസിയോട് ആദ്യമേ തന്നെ ഒരു പ്രത്യേക സ്‌നേഹം കീചകന് തോന്നി. ആ സ്‌നേഹം മൂത്തപ്പോൾ ആണ് യൂതന്മാരെ പത്ത് തെറി വിളിക്കണമെന്ന് തോന്നിയത്. അതിനു വേണ്ടി ഫോണിൽ ഉള്ള കഴക്കൂട്ടത്തെ ഒരു യൂതനെ വിളിച്ചു. ഫോൺ എടുത്തപാടെ നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ മദ്യം എന്ന വിപണനത്തിനെ കുറിച്ച് തമ്പി സ്‌പെഷ്യൽ ക്ലാസ്സ് തുടങ്ങി. ടെക്കി സ്ത്രീകളുടെ ഭാവിയെ കുറിച്ചുള്ള വേവലാതികൾ തമ്പി അക്കം ഇട്ടു നിരത്തി. ആദ്യം വിശ്വസിക്കാനാവാതെ കീചകൻ കണ്ണു മിഴിച്ചിരുന്നു. ബാറ് പൂട്ടുന്നതിന് തൊട്ട് മുൻപ് വരെ സെക്രട്ടറിയേറ്റിന്റെ പടിഞ്ഞാറെ വശത്തുള്ള കയറി സ്ഥിരം രണ്ടെണ്ണം വിശികൊണ്ടിരുന്ന ആശാനാണ് ഈ പറയുന്നത്. ബാർ പൂട്ടിയ ശേഷം കൂട്ടുകാരുമായി വീട്ടിൽ മിനുങ്ങാൻ കൂടുന്നതിനെതിരെ ടിയാന്റെ ശ്രീമതി കീചകനോട് തന്നെ പരാതി പെട്ടിട്ടുണ്ട്.

എന്നാലും സത്യം പറയണമല്ലോ ടെക്കി പെണ്ണുങ്ങളുടെ വേദന പറഞ്ഞ് കേട്ടപ്പോൾ സത്യമായിട്ടും കീചകനും തോന്നി നിലപാട് മാറ്റിയാലോ എന്ന്. രാവിലെ എട്ടുമണിക്കും ഒൻപത് മണിക്കും ഒക്കെ തുടങ്ങുന്ന പണികളാണ്. പ്രോജക്റ്റിന്റെ ബിസി അനുസരിച്ച് വർക്കിങ് ടൈം ചെയ്ഞ്ച് ചെയ്തു കൊണ്ടേയിരിക്കും. വെളിയിൽ പറയുമ്പോൾ കൈ നിറയെ കായാണെങ്കിലും കഷ്ടപ്പാടിന്റെ വില അറിയാമോ. ഇതൊക്കെ കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ നീണ്ടു നിവർന്നു ബിയർ പാർലർ കണ്ടാൽ രണ്ടെണ്ണം അടിച്ചിട്ടു പോകണം എന്നു തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?

രണ്ടെണ്ണം അടിക്കാൻ കേറിയാൽ അതു രണ്ടിൽ തന്നെ നിൽക്കുമെന്ന് ആർക്കെങ്കിലും ഉറപ്പിച്ചു പറയാമോ? അതാണ് പ്രശ്‌നം. വെളിയിൽ ഒരു ബിയർ പാർലറിൽ പോയി ക്യൂ നിൽക്കാൻ നമ്മുടെ സദാചാര പൊലീസുകാർ സമ്മതിക്കില്ല. ഇവിടാകുമ്പോൾ ആ പ്രശ്‌നമില്ല. പുറത്തു നിന്നാരെയും അങ്ങോട്ട് കേറ്റാതിരുന്നാൽ പോരെ. കൂട്ടത്തിൽ ഉള്ള കമ്പനിക്കാരെ ആരെയെങ്കിലും കൂട്ടി കയറിയിരുന്നു വീശാം. പെണ്ണുങ്ങളെ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം നോട്ടങ്ങൾ ഒന്നും പേടിക്കേണ്ട. ഇത്തരം അനുകൂല സാഹചര്യങ്ങൾ ഒത്തു വരുമ്പോൾ അവരൊരു സ്ഥിരം മദ്യപാനികൾ ആയി പോയാൽ എന്തു ചെയ്യും?

യൂതൻ അണിയാത്ത സമയം ന്യായമല്ലേ? നമ്മുടെ അനിയത്തിമാർ ഇങ്ങനെ വഴി പിഴച്ചു പോകുന്നത് സമ്മതിക്കാൻ ആവുമോ? അതുകൊണ്ടല്ലോ അണ്ണന്മാർ ഇതിനെതിരെ പ്രതിഷേധിക്കുന്നത്. ഇങ്ങനെ ആശ്വസിച്ച് നിലപാട് മാറ്റണം എന്നു കരുതി ഇരിക്കുമ്പോഴാണ് അപ്പുറത്ത് താമസിക്കുന്ന കേശവൻ ടെക്കിൽ കയറി വന്നത്. കേശവൻ എന്നു ആരോ ഇട്ട പേരാണ് കേട്ടോ. ഒറിജിനൽ പേര് അടിപൊളി തന്നെയാണ്. എന്തുവാടാ രാവിലെ കത്തി വയ്ക്കാനാണോ പ്ലാൻ എന്നു ചോദിച്ചു ഉമ്മറത്തേക്ക് ഇറങ്ങുമ്പോൾ കേശവന്റെ കണ്ണുകൾ നിറയുന്നത് കണ്ടു.

കയ്യിൽ മനോരമയുണ്ട്. വിഷയം ബിയർ പാർലർ തന്നെയാണ്. പഴയ എൻആർഐ ചെയർമാനെ പലതവണ പോയി കണ്ടു നടക്കാത്ത കാര്യം വിജയകുമാർ സഖാവ് അധികാരമേറ്റ ഉടൻ അനുവദിച്ചിട്ടും ലെവന്മാരിങ്ങനെ ഉടക്കുന്നതിന്റെ വേദന പങ്ക് വയ്ക്കാൻ വന്നതാണ് കേശവൻ. സത്യത്തിൽ ഇങ്ങനെ ഒരു ആശയം തന്നെ കൊണ്ട് വന്നത് നമ്മുടെ നാടു നേരിടുന്ന സ്ത്രീ സമത്വ വിഷയത്തിന്റെ ഭാഗമായാണ് എന്നു കേശവൻ പറഞ്ഞു.

സ്ത്രീകൾക്ക് മനസമാധാനത്തോടെ ഒരു ബിയർ പോലും അടിക്കാൻ വയ്യാത്ത ഈ നാട്ടിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് രണ്ടെണ്ണം വീശണം എങ്കിൽ എന്തു ചെയ്യണം? അതുകൊണ്ട് വിജയകുമാർ സഖാവിനെ പോയി കണ്ടു കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയത് ഈ സ്ത്രീജനങ്ങൾ തന്നെയായിരന്നു. അപ്പോഴാണ് ഇവന്മാർ നിലപാടുമായി എത്തിയിരിക്കുന്നത്. എങ്ങനെയെങ്കിലും ഇടപെട്ട് പരിഹാരം ഉണ്ടാക്കണം എന്നാണ് ആവശ്യം.

കീചകൻ നേരെ ഫോണെടുത്ത് യൂതന്മാരുടെ വലിയ കാർന്നോരെ തന്നെ നേരിട്ടു വിളിച്ചു. തലസ്ഥാനത്ത് എന്തു ഡീൽ വേണമെങ്കിലും ആശാനോട് പറഞ്ഞാൽ മതി. ആശാൻ ആരുമായും അതുണ്ടാക്കി തരും. എത്ര ഭരണവിരുദ്ധ വികാരം ഉണ്ടായാലും എത്ര അഴിമതി കേസുണ്ടായാലും പുഷ്പം പോലെ ജയിക്കും. ജയിക്കാനിടയുള്ള സ്ഥാനാർത്ഥികളെ കപ്പം കൊടുത്ത് പിൻവലിപ്പിക്കും. ഏതു സ്ഥാനാർത്ഥിയുടെ വീട്ടിൽ വോട്ടു പോലും നേടിയെടുക്കും.

കീചകന്റെ പതിവില്ലാത്ത കോളു കണ്ടപ്പോഴേ അണ്ണന് സന്തോഷമായി. അതു ഞാൻ ശരിയാക്കാമെന്നു പറഞ്ഞു വച്ചു. കേശവനും ഈ ലേഖകനും കൂടി പരസ്പരം കണ്ണിൽ നോക്കി ഇരിക്കുമ്പോൾ നേതാവ് അണ്ണൻ വിളിച്ചു. എല്ലാം കോപ്ലിമെന്റാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. അതെങ്ങനെ ഇത്ര വേഗം. ടെക്കി പെണ്ണുങ്ങൾ രണ്ടെണ്ണം അടിച്ചു വെളിയിലേക്ക് വരുമ്പോൾ ഒന്നു കാണാനും ഉരിയിടാനും ആ പരിസരത്ത് നിൽക്കാനുള്ള അവസരം നഷ്ടമാക്കരുതെന്ന് പറഞ്ഞപ്പോൾ യൂതന്മാർ സമ്മതിച്ചത്രേ. ആ അവസരം കാത്തിരിക്കുന്ന പിള്ളേര് നിങ്ങൾ ഇങ്ങനെ ഉടക്കിട്ടാൽ ഡിവൈഎഫ്‌ഐയിൽ ചേരുമെന്ന് പറഞ്ഞപ്പോഴേ അവർക്ക് കാര്യങ്ങൾ മനസ്സിലായി.

അല്ലെങ്കിലും അതു ശരിയാ? ഈ യൂതന്മാർക്ക് ഇതു എന്തിന്റെ കേടാണ്. ബിയർ പാർലർ എത്രയും വേഗം തുറക്കട്ടെ എന്നു മാത്രമാണ് കീചകന്റെ പ്രാർത്ഥന.