തിരുവനന്തപുരം: സർക്കാറിന്റെ മദ്യനയം നിരുപാധികം അംഗീകരിക്കുക വഴി നയം ഭംഗിയായി നടത്താനുള്ള ക്ലീൻ ചീട്ടാണ് ഹൈക്കോടതി സർക്കാറിന് നൽകിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമ്പലം. ജനങ്ങൾക്ക് മുമ്പിലും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും പ്രഖ്യാപിച്ച നയം നടപ്പിലാക്കാനുള്ള ആത്മാർത്ഥതയും നിശ്ചയദാർഢ്യവുമാണ് ഇനി സർക്കാർ കാണിക്കേണ്ടത്. മദ്യനയം പ്രഖ്യാപിച്ച ശേഷം പലപ്പോഴും അതിൽ നിന്ന് പിന്നാക്കം പോവാനുള്ള ശ്രമം ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തുകയുണ്ടായി. സമ്പൂർണ്ണ മദ്യ നിരോധനമല്ല സർക്കാറിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം കോടതിയിൽ അഫിഡവിറ്റ് നൽകിയതും ഇന്ന് അടച്ചുപൂട്ടുന്ന മുഴുവൻ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിക്കുമെന്നതും സർക്കാറിന് ആത്മാർത്ഥതിയില്ലാത്തതിന്റെ തെളിവാണ്. കോടതി വിധി അഭിമാനകരമെന്ന് ഊറ്റം കൊള്ളുന്ന കെ ബാബു ബിയർ-വൈൻ പാർലറുകളുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണ്.

മദ്യനിരോധനത്തിന് തടസ്സമായി ഉന്നയിക്കുന്ന മുഴുവൻ തൊടുന്യായങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞ് ഹൈക്കോടതി നൽകിയ വിധി തികച്ചും സ്വാഗതാർഹമാണ്. പൊതുജനങ്ങളുടെ നന്മ മുൻനിർത്തി നയനിലപാടുകൾ കൈക്കൊള്ളാനുള്ള സർക്കാറിന്റെ അധികാരത്തെ മാനിക്കുക വഴി ജനാധിപത്യത്തിന്റെ കാവലാളാവുകയാണ് കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.