ദ്ധവൈരികൾ തമ്മിലുള്ള കളികളെ കുറിച്ച് ഇന്ത്യക്കാർക്ക് കൂടുതലായി പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യയുടെ ബദ്ധവൈരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാനുമായി നടന്ന ഏതൊരു കളിയിലും പക്ഷേ കളിക്കാർ തമ്മിൽ ഇരുരാജ്യങ്ങളുടെയും വികാരങ്ങളെ വൃണപ്പെടുത്തുന്ന ഒന്നും ഇന്നു വരെ ചെയ്തിട്ടില്ല. രാഷ്ട്രീയം കളിക്കളത്തിനു പുറത്തു മാത്രമായിരുന്നു. പക്ഷേ ബെൽഗ്രേഡിൽ കഴിഞ്ഞ ദിവസം നടന്ന ബദ്ധവൈരികളായ രണ്ട് ടീമുകളുടെ ഫുട്‌ബോൾ മത്സരത്തിനിടെ സംഭവിച്ചത് മറ്റൊന്നാണ്. 2016-ലെ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയയും അൽബേനിയയും തമ്മിൽ കളിക്കളത്തിൽ പോരാട്ടം തന്നെ നടന്നു.

കളിക്കളത്തിനു മുകളിലൂടെ പറക്കുകയായിരുന്ന ഒരു ഡ്രോൺ യന്ത്രത്തിൽ കെട്ടിത്തൂക്കിയ അൽബേനിയയുടെ പതാക സെർബിയൻ താരമായ സ്റ്റെഫാൻ മിട്രോവിക് പിടിച്ചു വലിച്ച് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത് പ്രശ്‌നമായതോടെ യുവേഫയ്ക്ക് മാച്ച് ഉപേക്ഷിക്കേണ്ടി വന്നു. സംഭവത്തെ തുടർന്ന് കളിക്കാർ തമ്മിൽ ചേരിതിരിഞ്ഞ് അടിപിടയായതോടെയാണ് മത്സരം ഉപേക്ഷിച്ചത്. യൂറോപ്യൻ ഫുട്‌ബോൾ ഭരിക്കുന്ന സംഘടനായയ യുവേഫ അൽബേനിയൻ ആരാധകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ സംഘർഷത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു ഡ്രോണിലാണ് കൊസോവൊയുടെ മാപ്പും കൂടി അടങ്ങിയ അൽബേനിയൻ പതാക കളിക്കളത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ രംഗം വഷളാകുകയായിരുന്നു. പ്രകോപനമുണ്ടാക്കി എന്ന് സംശയിക്കപ്പെട്ടതിനെ തുടർന്ന് വിഐപി ബോക്‌സിലിരിക്കുകയായിരുന്ന അൽബേനിയൻ പ്രധാനമന്ത്രിയുടെ സഹോദരൻ ഒസ്ലി റമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് സംഭവത്തിനു പിന്നിലെന്നും റിമോട്ട് റമയുടെ പക്കൽ നിന്ന് പിടിച്ചെടുത്തെന്നും സെർബിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഒസ്ലി റമ സ്റ്റേഡിയത്തിൽ നിന്നും വിമാനത്താവളത്തിലേക്കാണ് പോയതെന്നാണ് സെർബിയൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരമെന്ന് അൽബേനിയൻ ആഭ്യന്ത മന്ത്രി സൈമിർ താഹിരി പറഞ്ഞു. റമയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് തന്റെ അറിവ്. അത് ഊഹാപോഹമാണ് എന്നാണ് താഹിരി റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

സ്റ്റേഡിയം ആകെ കലുഷിതമായതോടെ രംഗം ശാന്താമാക്കാൻ അനൗൺസർ 1998-ലെ ഒരു ഹിറ്റ് ഗാനം സ്പീക്കറിലൂടെ കേൾപ്പിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. അരമണിക്കൂറോളം തർക്കം തുടർന്നപ്പോൾ ഇംഗ്ലീഷുകാരനായ റഫറി മാർട്ടിൻ അറ്റ്കിൻസൺ മത്സം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അൽബേനിയൻ ദേശീയ ഗാനം ആലപിക്കുമ്പോൾ സെർബിയൻ ആരാധകർ സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ചു അലങ്കോലപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നം കണക്കിലെടുത്ത് അൽബേനിയൻ കാണികളെ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു.

അൽബേനിയൻ വംശജരുടെ ഭൂരിപക്ഷമുള്ള സെർബിയയിലെ പ്രവിശ്യയായ കൊസോവോയെ ചൊല്ലിയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയപ്പോര്. 2008-ൽ കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇത് സെർബിയ അംഗീകരിച്ചിട്ടില്ല. 1999-ൽ നാറ്റോ സേന 78 ദിവസം നീണ്ടു നിന്ന വ്യോമ യുദ്ധത്തിലൂടെയാണ് കൊസോവോയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തിയത്. സെർബിയൻ സേന ഇവിടെ അൽബേനിയൻ വംശജർക്കെതിരേ രണ്ടു വർഷത്തോളം നടത്തിവന്ന നീക്കത്തിനാണ് ഇതോടെ അവസാനമായത്.