തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ മാറ്റില്ലെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റണോയെന്നതിൽ തീരുമാനം അടുത്ത മാസത്തോടെ എടുക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നൽകി ബെഹ്‌റയെ നിലനിർത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാകും നിർണായകം.

സംസ്ഥാന പൊലീസ് മേധാവി പദവിയിൽ ലോക്‌നാഥ് ബെഹ്‌റ നാല് വർഷമാവുകയാണ്. മൂന്ന് വർഷം ഒരേ പദവിയിൽ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റണമെന്ന് നിയമമുണ്ടെന്നാണ് വിലയിരുത്തലുകൾ. ഇതാണ് ബെഹ്‌റയുടെ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നത്. എന്നാൽ പൊലീസ് മേധാവിയെ ഈ നിയമം ബാധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം സർക്കാർ പരിശോധിക്കുന്നുണ്ട്. സർക്കാർ മാറ്റാതിരിക്കുകയും കമ്മീഷൻ ബെഹ്‌റയ്ക്ക് പകരം ആളെ നിയമിക്കുകയും ചെയ്താൽ അത് വിവാദമാകും. അതു കൊണ്ട് തന്നെ കരുതലോടെ ഈ വിഷയത്തിൽ തീരുമാനം എടുക്കും.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ചീഫ് സെക്രട്ടറിയുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയെങ്കിലും ഔദ്യോഗിക ചർച്ചകൾ ജനുവരിയിലേ തുടങ്ങു. ബെഹ്‌റയെ മാറ്റുന്നതിൽ സർക്കാരും അന്തിമ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നൽകി ബെഹ്‌റയെ നിലനിർത്താനാണ് ആലോചന. മാത്രവുമല്ല, അടുത്ത ജൂണിൽ അദേഹം വിരമിക്കും. വിരമിക്കാൻ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്‌റയ്ക്ക് അനുഗ്രഹമായേക്കും. അങ്ങനെയെങ്കിൽ ഭരണത്തിന്റെ തുടക്കം മുതൽ ഒപ്പമുള്ള ബെഹ്‌റയെ തെരഞ്ഞെടുപ്പിലും കൂടെ നിർത്താനാവും സർക്കാർ ശ്രമിക്കുക.

തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചില്ലങ്കിൽ മാത്രം മാറ്റത്തിലേക്കു കടക്കും. ബെഹ്‌റ മാറിയാൽ ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി, അരുൺകുമാർ സിൻഹ, സുദേഷ്‌കുമാർ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണനയിലുള്ളവർ. ബി സന്ധ്യയേയും പരിഗണിച്ചേക്കും. ഡിജിപി റാങ്കിലുള്ള ശ്രീലേഖ ഈ മാസം വിരമിക്കും. ഋഷിരാജ് സിങ് ജൂലായിൽ വിരമിക്കുന്നതിനാൽ ആറ് മാസമെങ്കിലും കാലാവധിയുള്ളരെ പൊലീസ് മേധാവിയാകാവൂവെന്ന മാനദണ്ഡം അദേഹത്തിന് തടസമായേക്കാം. ഇതോടെ സീനിയർ ടോമിൻ തച്ചങ്കരിയാകും.

പ്രധാനമന്ത്രിയുടെ ഉൾപ്പെടെ സുരക്ഷാചുമതലയുള്ള എസ്‌പിജി ഡയറക്ടറായി തുടരുന്ന അരുൺകുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങാനും സാധ്യതയില്ല. അതോടെ ടോമിൻ തച്ചങ്കരിക്കോ സുദേഷ്‌കുമാറിനോ നറുക്ക് വീഴുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ചട്ടം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബെഹ്റയെ മാറ്റണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടികാറാം മീണ സർക്കാരിന് നൽകിയിരുന്നു. പൊലീസ് മേധാവിയായി ബെഹ്റ മൂന്ന് കൊല്ലം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്.

എന്നാൽ അത്തരമൊരു മാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ പക്ഷം. ബെഹ്റയെ അതുകൊണ്ട് തന്നെ വിരമിക്കും വരെ തുടരാൻ അനുവദിക്കാനാണ് നീക്കം. അപ്പോഴും കമ്മീഷൻ ഉറച്ച നിലപാടുമായി മുമ്പോട്ട് പോയാൽ സർക്കാരിന് വിട്ടു വീഴ്ച ചെയ്യേണ്ടി വരും. പുതിയ ഡിജിപിയെ കമ്മീഷൻ നിയമിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഋഷിരാജ് സിംഗിന് മേധാവി കസേര കിട്ടാനും സാധ്യതയുണ്ട്. ഇത് സർക്കാർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം ഉണ്ടാകൂ.

സീനിയോറിട്ടി കണക്കാക്കിയാൽ ബെഹ്‌റ വിരമിക്കുമ്പോൾ ഡിജിപിയാകേണ്ടത് തച്ചങ്കരിയാണ്. നിലവിൽ കെ എഫ് സിയുടെ ചെയർമാനും എംഡിയുമാണ് തച്ചങ്കരി.