തിരുവനന്തപുരം: ഒടുവിൽ ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആശ്വാസം. വിരമിക്കും വരെ പൊലീസ് മേധാവിയായി ബെഹ്‌റയ്ക്ക് തുടരാനാകും. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ 3 വർഷത്തിലേറെ ഒരേ തസ്തികയിൽ ജോലി ചെയ്ത പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നു സർക്കാരിനോടു നിർദേശിച്ചിട്ടില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തന്നെ അറിയിച്ചതോടെ ആശയക്കുഴപ്പം മാറുകയാണ്.

അങ്ങനെയൊരു നിയമമില്ലെങ്കിലും കീഴ്‌വഴക്കമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇക്കാര്യത്തിൽ പരാതി വന്നാൽ അപ്പോൾ കമ്മിഷൻ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 4 വർഷമായി ഡിജിപിയായി തുടരുന്ന ബെഹ്‌റ അടുത്ത ജൂണിൽ വിരമിക്കും. ബെഹ്‌റയെ മാറ്റിയാൽ ഡിജിപിയാകാൻ സാധ്യത ടോമിൻ തച്ചങ്കരിക്കാണ്. തച്ചങ്കരിക്കെതിരെ വിജിലൻസ് കോടതിയിൽ കേസുണ്ടെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. ഇതിനിടെയാണ് ബെഹ്‌റയെ ഉടൻ മാറ്റേണ്ടി വരുമെന്ന ചർച്ച സജീവമായത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ബെഹ്‌റയെ മാറ്റാൻ താൽപ്പര്യമില്ലായിരുന്നു. അതിവിശ്വസ്തൻ തന്നെ ഡിജിപിയായി തുടരുന്നതിലായിരുന്നു താൽപ്പര്യം. ഇതിന് മീണയുടെ നിലപാട് പ്രതിസന്ധിയാകുമോ എന്ന സംശയവും എത്തി. ഇതിനിടെയാണ് വിശദീകരണവുമായി മീണ എത്തിയത്.

ഇതോടെ തൽകാലം പൊലീസ് മേധാവി മാറില്ല. ബെഹ്‌റ വിരമിക്കുമ്പോൾ തച്ചങ്കരിക്ക് സാധ്യത കൂടുകയും ചെയ്തു. 2007 മുതലുള്ള ഈ കേസ് നിലനിൽക്കെ തന്നെയാണു തച്ചങ്കരിക്കു ഡിജിപി പദവി ലഭിച്ചത്. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന് സീനിയോറിറ്റിയുണ്ടെങ്കിലും ജൂലൈയിൽ വിരമിക്കുന്നതിനാൽ 6 മാസം കാലാവധി ബാക്കി വേണമെന്ന നിബന്ധന അദ്ദേഹത്തിനു തടസ്സമാകും. ഇതാണ് തച്ചങ്കരിക്ക് കൂടുതൽ തുണയാകുന്നത്. ഫയർഫോഴ്‌സ് ഡിജിപി ആർ.ശ്രീലേഖ ഈ മാസം വിരമിക്കുമ്പോൾ ഡിജിപി പദവി ലഭിക്കുന്ന വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെടാം. സർക്കാർ പട്ടികയിൽ നിന്ന് യുപിഎസ്‌സിയാണു അന്തിമ തീരുമാനമെടുക്കുക. അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടുകളും ഇതിൽ നിർണ്ണായകമാണ്.

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതിൽ തീരുമാനം അടുത്ത മാസത്തോടെ എടുക്കാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നൽകി ബെഹ്റയെ നിലനിർത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി പദവിയിൽ ലോക്നാഥ് ബെഹ്റ നാല് വർഷമാവുകയാണ്. മൂന്ന് വർഷം ഒരേ പദവിയിൽ തുടരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മാറ്റണമെന്ന് നിയമമുണ്ടെന്ന ചർച്ചകളായിരുന്നു ഇതിന് കാരണം. ഇതാണ് ബെഹ്റയുടെ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ചീഫ് സെക്രട്ടറിയുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയെങ്കിലും ഔദ്യോഗിക ചർച്ചകൾ ജനുവരിയിലേ തുടങ്ങു. ബെഹ്റയെ മാറ്റുന്നതിൽ സർക്കാരും അന്തിമ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എഡിജിപിക്ക് നൽകി ബെഹ്റയെ നിലനിർത്താനാണ് ആലോചന. മാത്രവുമല്ല, അടുത്ത ജൂണിൽ അദേഹം വിരമിക്കും. വിരമിക്കാൻ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് അനുഗ്രഹമായേക്കും. ഭരണത്തിന്റെ തുടക്കം മുതൽ ഒപ്പമുള്ള ബെഹ്റയെ തെരഞ്ഞെടുപ്പിലും കൂടെ നിർത്താനാണ് പിണറായിക്ക് താൽപ്പര്യം.

തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചില്ലങ്കിൽ മാത്രം മാറ്റത്തിലേക്കു കടക്കും. ബെഹ്റ മാറിയാൽ ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി, അരുൺകുമാർ സിൻഹ, സുദേഷ്‌കുമാർ എന്നിവരാണ് ഡിജിപി പദവിക്കായി പരിഗണനയിലുള്ളവർ. ബി സന്ധ്യയേയും പരിഗണിച്ചേക്കും. പ്രധാനമന്ത്രിയുടെ ഉൾപ്പെടെ സുരക്ഷാചുമതലയുള്ള എസ്‌പിജി ഡയറക്ടറായി തുടരുന്ന അരുൺകുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങാനും സാധ്യതയില്ല. ഇതാണ് തച്ചങ്കരിയുടെ സാധ്യത കൂട്ടുന്നത്.