തിരുവനന്തപുരം: ജൂൺ 30-നു സർവീസിൽനിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പിൻഗാമിയെ കണ്ടെത്താനായി പന്ത്രണ്ടംഗ പട്ടിക തയാറാകുന്നുവെന്ന് റിപ്പോർട്ട്. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഡി.ജി.പി. റാങ്കിലുള്ള അരുൺ കുമാർ സിൻഹ (എസ്‌പി.ജി. ഡയറക്ടർ), ടോമിൻ ജെ. തച്ചങ്കരി (കെ.എഫ്.സി: സി.എം.ഡി), സുധേഷ് കുമാർ (വിജിലൻസ് മേധാവി) എന്നിവരുടെ പേരുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാനാണു തീരുമാനിച്ചിരുന്നത്. കേന്ദ്ര പഴ്സണൽ മന്ത്രാലയം പുതിയ നിർദേശങ്ങൾ വച്ചതോടെയാണു പട്ടിക വിപുലമാക്കുന്നത്. സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ളയാളെ പൊലീസ് മേധാവിയായി നിയമിക്കാൻ ഇപ്പോൾ സാധ്യമല്ല. സുപ്രീം കോടതി വിധിയനുസരിച്ചുള്ള മാനദണ്ഡങ്ങൾ പാലിച്ച് യു.പി.എസ്.സിക്കു പട്ടിക സമർപ്പിക്കണം. എംപാനൽമെന്റ് സമിതി യോഗം ചേർന്നു തയാറാക്കുന്ന അന്തിമ പട്ടികയിൽനിന്നു മൂന്നുപേരെ കേന്ദ്ര സർക്കാർ നിർദേശിക്കും. അവരിലൊരാളെ സംസ്ഥാന സർക്കാരിനു പൊലീസ് മേധാവിയായി നിയമിക്കാം.

30 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരും ശിക്ഷണ നടപടികൾക്കു വിധേയരാകാത്തവരുമായ ഐ.പി.എസുകാരെയാണു പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിയമനം കിട്ടുന്നയാൾക്ക് ആറു മാസമെങ്കിലും സർവീസ് ബാക്കിയുണ്ടാകണം. പത്തു വർഷത്തെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് (എ.സി.ആർ) അടക്കം ഉേദ്യാഗസ്ഥരുടെ സർവീസ് സംബന്ധിച്ച സമഗ്രമായ വിവരങ്ങളാണ് ഇപ്പോഴത്തെ പൊലീസ് മേധാവി നൽകേണ്ടത്. ജോലി സംബന്ധമായ കൃത്യത, ആത്മാർഥത, സത്യസന്ധത തുടങ്ങിയവയെല്ലാം എ.സി.ആറിൽ വേണം.

12 ഉദ്യോഗസ്ഥർക്കു സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള സർവീസുണ്ടെന്നു കണ്ടെത്തി. അരുൺ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർക്കു പുറമേ, എ.ഡി.ജി.പി. റാങ്കിലുള്ള ബി. സന്ധ്യ (ഫയർ ഫോഴ്സ് മേധാവി), അനിൽ കാന്ത് (റോഡ് സേഫ്റ്റി കമ്മിഷണർ ), നിതിൻ അഗർവാൾ (കേന്ദ്ര ഡെപ്യൂട്ടേഷൻ), എസ്. ആനന്ദകൃഷ്ണൻ (എക്സൈസ് കമ്മിഷണർ), കെ. പത്മകുമാർ (ആംഡ് ബറ്റാലിയൻ), ഷെയ്ക്ക് ദർവേഷ് സാഹബ് (ഡയറക്ടർ, പൊലീസ് അക്കാദമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷൻ). രവത എ. ചന്ദ്രശേഖർ (ഇന്റലിജൻസ് ബ്യൂറോ), ഡോ. സൻജീബ് കുമാർ പട്ജോഷി (ജോയിന്റ് സെക്രട്ടറി, പഞ്ചായത്തിരാജ് മന്ത്രാലയം, ഡൽഹി) എന്നിവരാണു മറ്റുള്ളവർ.

മാർച്ച് 30നു മുമ്പു യോഗ്യതാ പട്ടിക നൽകേണ്ടിയിരുന്നെങ്കിലും നടപടിക്രമങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. മേയിൽ നിലവിൽ വരുന്ന സർക്കാരാണ് പൊലീസ് മേധാവിയെ നിശ്ചയിക്കേണ്ടത്. വിരമിക്കലിനു മുമ്പ് ബെഹ്റ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാനുള്ള സാധ്യതയും തള്ളാനാകില്ല.