മനാമ: സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള നടപടികളുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി. സ്വദേശികളെ നിയമിക്കാൻ മടികാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും നാല് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോൾ ഒരു സ്വദേശിക്ക് ജോലി നൽകണമെന്ന വ്യവസ്ഥ നിരന്തരം സ്ഥാപനങ്ങൾ ലംഘിക്കുകയാണെന്നും എൽഎംആർഎ വ്യക്തമാക്കി.

സ്വദേശിവത്ക്കരണത്തിന്റെ പേരിൽ ചില സ്ഥാപനങ്ങൾ സ്വദേശികളുടെ പേര് ശമ്പളപട്ടികയിൽ വെറുതെ ഉൾപ്പെടുത്തുകയാണ് പതിവ്. എന്നാൽ മറ്റു ചിലർ സ്വദേശികളെ നിയമിച്ച ശേഷം പ്രവാസികളെ നിയമിക്കാനുള്ള അനുമതി നേടിയെടുത്ത ശേഷം ഇവരെ പിരിച്ചുവിടുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് നടത്തുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്. അനുപാതം മറികടന്നുള്ള പ്രവാസി നിയമനത്തിന് 300 ദിനാർ വീതം ഫീസ് ഈടാക്കാനും നിയമമുണ്ട്. ഇക്കൊല്ലം അവസാനത്തോടെ വൻ തോതിൽ പരിശോധനകൾക്കും അധികൃതർ നീക്കം നടത്തുന്നുണ്ട്. പഴുതുകൾ തടയുന്ന വിധത്തിലാണ് പുതിയ നിയമം നിർമ്മിച്ചിട്ടുള്ളത്. രേഖകളിൽ പേരുള്ള ബഹ്റൈൻ പൗരന്മാർ യഥാർത്ഥത്തിൽ ഉണ്ടോയെന്നും പരിശോധിക്കും. ഒരു വർഷം കഴിഞ്ഞാകും കർശന പരിശോധനകളും നടപടികളും. 2017 ഏപ്രിൽ മുതൽ സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പെർമിറ്റ് പുതുക്കി നൽകില്ല.

പ്രത്യേക സാഹചര്യത്തിൽ പൊടുന്നനെ സ്വദേശിയായ തൊഴിലാളി രാജിവച്ചുപോയാൽ ഉണ്ടാകുന്ന സ്വദേശി ജീവനക്കാരുടെ കുറവും മറ്റും എൽഎംആർഎ പരിഗണിക്കും. ഈ ഒഴിവിലേക്ക് പുതിയ ആളെ കണ്ടത്തൊൻ സഹായിക്കുകയും ചെയ്യും. എന്നാൽ സ്വദേശികളെ നിയമിച്ചതിനും ഇവർക്ക് ശമ്പളം നൽകിയതിനും ജോലി ചെയ്തതിനും രേഖകളില്ലെങ്കിൽ പിഴ ചുമത്തുമെന്നും എൽഎംആർഎ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.