മനാമ: ലോകത്തിൽ പ്രവാസികൾക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച രാജ്യമാണ് ബഹ്‌റിൻ എന്ന് സർവേ റിപ്പോർട്ട്. ഹോംങ്കോഗ് ആൻഡ് ഷാംങ്കായ് ബാങ്കിങ് കോർപറേഷൻ (എച്ച്എസ്‌ബിസി) നടത്തിയ സർവേയിലാണ് ബഹ്‌റിനെ പ്രവാസികളുടെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്.

പല കാരണങ്ങൾ കൊണ്ട് തങ്ങൾ ബഹ്‌റിനിൽ ജീവിക്കാൻ ഏറെ സന്തോഷിക്കുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരോട് ബഹ്‌റിനികൾക്കുള്ള മനോഭാവവും അവരെ സ്വീകരിക്കാൻ രാജ്യം കാട്ടുന്ന തുറന്ന മനസും പ്രവാസികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന സഹിഷ്ണുതാ മനോഭാവവും സൗഹാർദപരമായ അന്തരീക്ഷവും പ്രവാസികൾക്ക് ബഹ്‌റിൻ പ്രിയങ്കമാക്കുകയണ്.

സ്വദേശം വിട്ട് ഇവിടെയെത്തുന്നവരെ അകറ്റി നിർത്താതെ സമൂഹത്തിന്റെ ഒരു ഭാഗമായി കാണാൻ ബഹ്‌റിനികൾക്കാകുന്നുണ്ട്. വിവിധ സംസ്‌ക്കാരത്തിലുള്ളവരേയും വിവിധ മതവിഭാഗത്തിലുള്ളവരേയും മറ്റും ഒരേ മനസോടെ കാണാനും സാധിക്കുന്നതു കൊണ്ടു തന്നെയാണ് പ്രവാസികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ജോലി സ്ഥലങ്ങളിലും സേവനങ്ങൾ ലഭ്യമാകുന്നതിലും പ്രവാസികളോടുള്ള മനോഭാവവും മെച്ചപ്പെട്ട രീതിയിൽ കാത്തുസൂക്ഷിക്കാൻ ബഹ്‌റിനികൾക്കാവുന്നുണ്ട്. 21,950 പ്രവാസികളാണ് എച്ച്എസ്‌ബിസി നടത്തിയ സർവേയിൽ പങ്കെടുത്തത്.