മനാമ: ബഹറിൻ കേരളീയ സമാജം വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി 13 വ്യാഴാഴ്ച രാത്രി 8മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് കോഴിക്കോട് അകം നാടകവേദിയുടെ തുന്നൽക്കാരൻ എന്ന് നാടകമാണ് അരങ്ങേറുന്നതെന്ന് സമാജം പ്രസിഡന്റ് ശ്രീ പി.വി രാധാകൃഷ്ണപ്പിള്ള, സെക്രട്ടറി എൻ. കെ വീരമണി എന്നിവർ അറിയിച്ചു.

ഗ്രാമകേളി അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഈ നാടകത്തിന്റെ രചന കാലടി സംസകൃതസർവ്വകലാശാലാ പ്രഫസർ പ്രദീപൻ പാമ്പിരിക്കുന്നിന്റെതാണ്. കേരളത്തിനകത്തും പുറത്തുമായി 2300ൽ പരം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് എം.കെ സുരേഷ് ബാബുവാണ്. അശാന്തമായ ജീവിതവ്യവഹാരങ്ങൾക്കിടയിൽ ചുറ്റും നടക്കുന്ന ചെറുതും വലുതുമായ അനീതികളെ നാം കാണാതിരിക്കുകയോ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. അതിവേഗം പ്രതികരണശേഷി നഷ്ടപ്പെട്ട് ഒരു ജനതയായി നാം മാറികൊണ്ടിരിക്കുന്നു. എങ്ങും ഇരുട്ട് പരക്കുമ്പോൾ ഹൃദയത്തിൽ കൊളുത്തിയ ഒരു മൺചിരാതായി പ്രകാശം പരത്തുന്നതാണ് തുന്നൽക്കാരൻ എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

പാർശ്വവൽക്കരിക്കപ്പെട്ട് പോകുന്ന ഒരു സമൂഹത്തിന്റെ കഥയിൽ തയ്യൽക്കാരനായ ഒരു ചെറിയമനുഷ്യന്റെ വലിയ ജീവചരിത്രം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കപ്പെടുന്നു.
കഴിഞ്ഞ ഇരുപത് വർഷക്കാലമായി അമേച്വർ, പ്രഫഷണൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന അശോകൻ പതിയാരക്കര, മുരളി നമ്പ്യാർ എന്നിവർ കഥാപാത്രങ്ങളായി രംഗത്തെത്തുന്ന ഈ നാടകത്തിന്റെ പിന്നണിയിൽ സായ്കൃഷ്ണയും പ്രവർത്തിക്കുന്നു.
ബഹറിൽ കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ നാടകത്തിന്റെ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്തിനെ 33364417 ബന്ധപ്പെടാവുന്നതാണ്.