മനാമ: ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ജന. കൗൺസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.വി.ജലീൽ പ്രസിഡന്റ് സ്ഥാനത്തും അസൈനാർ കളത്തിങ്ങൽ ജനറൽ സെക്രട്ടറി സ്ഥാനത്തും തുടരും.

ഹബീബ് റഹ്മാൻ ട്രഷററും ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഓർഗനൈസിങ് സെക്രട്ടറിയുമാണ്. മറ്റ് ഭാരവാഹികൾ: കരീം കുളമുള്ളതിൽ, പി.വി സിദ്ദീഖ്, ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട (വൈസ് പ്രസിഡന്റുമാർ), ഗഫൂർ കൈപ്പമംഗലം, കെ.എം.സെയ്ഫുദ്ദീൻ,മൊയ്തീൻ കുട്ടി കൊണ്ടോട്ടി, കെ.പി.മുസ്തഫ (സെക്രട്ടറിമാർ). ഗഫൂർ കൈപ്പമംഗലം മീഡിയ ചുമതലയുള്ള സെക്രട്ടറിയാണ്.

മനാമ സമസ്ത ഹാളിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റികൾ നിശ്ചയിച്ച 400ഓളം അംഗങ്ങളാണ് പങ്കെടുത്തത്. വിവിധ പാനലുകളിൽ നിന്നായി ജനാധിപത്യ രീതിയിലായിരുന്നു തെരഞ്ഞെടുപ്പെന്ന് ഭാരവാഹികൾ പറഞ്ഞു.റിട്ടേണിങ് ഓഫിസറായി നാട്ടിൽ നിന്നത്തെിയ അബ്ദുൽ റഹ്മാൻ രണ്ടത്താണി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

കേരള വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ജന. കൗൺസിൽ ഉദ്ഘടാനം ചെയ്തു. സമസ്ത അധ്യക്ഷൻ ഫഖ്‌റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി.
ഇന്ത്യയിലും പ്രവാസ ഭൂമിയിലും രൂപപ്പെട്ടുവരുന്ന പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ തക്കവണ്ണം ബഹ്‌റൈൻ കെ.എം.സി.സിയെ കൂടുതൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുമെന്ന് പ്രസിഡന്റ് എസ്.വി. ജലീലും ജന.സെക്രട്ടറി അസൈനാർ കളത്തിങ്ങലും പറഞ്ഞു.

പ്രവാസികളുടെ ജീവിതത്തിന്റെ സമസ്തമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തെ ഐക്യത്തോടെ മുന്നോട്ടു നയിക്കേണ്ട സവിശേഷമായ സാഹചര്യമാണുള്ളത്. 'പ്രവാസി ബൈത്തുറഹ്മ' പോലുള്ള സുപ്രധാന പദ്ധതികൾ ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തും. പ്രവാസി ക്ഷേമത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് നേതാക്കൾ നന്ദി അറിയിച്ചു.