മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ വർണ്ണശബളമായ പരിപാടികളോടെ ബഹറിൻ ദേശീയ ദിനം ആഘോഷിച്ചു. ചൊവ്വാഴ്‌ച്ച രാവിലെ നടന്ന പരിപാടിയിൽ രാജ്യത്തോടുള്ള സ്‌നേഹാദരങ്ങളുമായി ഏകദേശം അയ്യായിരത്തോളം കുരുന്നുകൾ അണിനിരന്നു. റിഫ കാമ്പസിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥികളും പ്രൈമറി വിദ്യാർത്ഥികളുമാണ് ദേശീയ ദിനാഘോഷത്തിൽ അണിനിരന്നത്. ബഹറിന്റെ പതാകയെ സൂചിപ്പിക്കുന്ന ചുവപ്പും വെള്ളയും അണിഞ്ഞാണ് കുരുന്നുകൾ എത്തിയത്. റിഫ കാമ്പസിലെ വിശാലമായ ഗ്രൗണ്ടിൽ കരുന്നുകൾ ഹൃദയ ചിഹ്നം സൃഷ്ടിച്ചു.

ബഹറിനെ നെഞ്ചിലേറ്റുന്ന സൂചകങ്ങളുമായി മാനവ സ്‌നേഹം വിളിച്ചോതി ഇതു മൂന്നാം വർഷമാണ് റിഫ കാമ്പസിൽ കുട്ടികൾ മനുഷ്യ ഹൃദയം തീർക്കുന്നത്. പതാകയ്ക്ക് ചുവടെ ഇന്ത്യൻ സ്‌കൂൾ ബഹറിൻ 2018 എന്നും അവർ അണിനിരന്നു. കുരുന്നുകളുടെ കലാപരിപാടികൾ വീക്ഷിക്കാൻ ധാരാളം രക്ഷിതാക്കളും എത്തിയിരുന്നു.ബഹറിന്റെ നാൽപ്പത്തി ഏഴാമത് ദേശീയ ദിനാഘോഷ പരിപാടികൾ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ബഹ്‌റിൻ ഭരണാധികാരികൾക്ക് അദ്ദേഹം ദേശീയ ദിന ആശംസകൾ നേർന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച റിഫ കാമ്പസ് ടീമിനെ പ്രിൻസ് നടരാജൻ അഭിനന്ദിച്ചു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷീദ് ആലം, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്‌കൂൾ അദ്ധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.സ്‌കൂൾ ഗായക വൃന്ദം ദേശീയ ഗാനം ആലപിച്ചു. അറബിക് നൃത്തവും നാടോടി നൃത്തവും ബഹറിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതി. ദേശീയ ദിനാഘോഷ പരിപാടികൾ വൻ വ്യജയമാക്കിയ ഏവരെയും പ്രിൻസിപ്പൽ അഭിനന്ദിച്ചു.