മനാമ: മാംസത്തിനും മാംസ  ഉത്പന്നങ്ങൾക്കും സർക്കാർ നൽകി വന്നിരുന്ന സബ്‌സിഡി പിൻവലിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ ഒന്നുമുതൽ മാംസത്തിന് സബ്‌സിഡി ലഭിക്കുകയില്ല. എണ്ണ വില കുറഞ്ഞതു മൂലമുണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ സബ്‌സിഡികൾ ഓരോന്നായി പിൻവലിച്ചുകൊണ്ടിരിക്കുന്നത്.

മറ്റെതു ജിസിസി രാജ്യത്തേയും പോലെ തന്നെ വർഷങ്ങളായി ബഹ്‌റിനും ഇന്ധനം, ഭക്ഷണപദാർഥങ്ങൾ, ചില സേവനങ്ങൾ തുടങ്ങിയവയ്ക്ക് സബ്‌സിഡി നൽകി വരുന്നുണ്ട്. വിലക്കയറ്റത്തെ ഒരുപരിധി വരെ പിടിച്ചു നിർത്തുന്നതും ഇത്തരം സബ്‌സിഡികളാണ്. എന്നാൽ എണ്ണവില ഇടിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റിൻ.
ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചു കൊണ്ട് യുഎഇ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റിനും മാംസത്തിന്റെ സബ്‌സിഡി പിൻവലിക്കാൻ തീരുമാനിച്ചത്. യുഎഇയിൽ ഇന്ധന സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഈ മാസം തന്നെ ഗ്യാസ് വിലയിൽ 24 ശതമാനത്തോളം വർധന ഉണ്ടായിരുന്നു.

മാംസത്തിന്റെ സബ്‌സിഡി പിൻവലിക്കുന്നതിനു പിന്നാലെ മറ്റു പല സബ്‌സിഡികളും സർക്കാർ പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതുമൂലം പൗരന്മാർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിഹാരം നൽകുമെന്ന് വ്യവസായ മന്ത്രി സയ്യിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒട്ടേറെ പ്രവാസികളുള്ള ബഹ്‌റിനിൽ സ്വദേശികൾക്കാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുക. ജനസംഖ്യയിൽ പകുതിയോളം വരുന്ന വിദേശികൾക്ക് പക്ഷേ, ഇത്തരം നടപടികൾ കടുത്ത സാമ്പത്തിക ബാധ്യത തീർത്തേക്കും.