- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവത്തിന് വീണ്ടും യുഎൻ അംഗീകാരം; ഐക്യരാഷ്ട്രസഭ സംഘടിപ്പിപ്പിച്ച വിർച്വൽ സമ്മിറ്റിൽ പങ്കെടുത്ത് റെഡ് ക്രോസ് ആശുപത്രി എഴുതിയത് പുതു ചരിത്രം; മഹബലേശ്വറിലെ ആരോഗ്യ മോഡൽ സ്ത്രീ ശാക്തീകരണത്തിലും കൈയടി നേടുമ്പോൾ
മുംബൈ: ഐക്യരാഷ്ട്രസഭയുടെ കമ്മീഷൻ ഫോർ സ്റ്റാറ്റസ് ഓഫ് വിമിൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രീയ വിർച്വൽ സമ്മിറ്റിൽ പങ്കെടുത്ത് പുതു ചരിത്രമെഴുതി പാഞ്ചഗണിയിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ കോളേജ് ഓഫ് നേഴ്സിങ്. ഇന്ത്യയിലെ മറ്റൊരു നേഴ്സിങ് കോളേജിനും കിട്ടാത്ത അംഗീകാരമാണിത്. ഇതിന്റെ പാരലൽ സെഷൻസ് ഹോസ്റ്റ് ചെയ്യുകയായിരുന്നു പാഞ്ചഗണിയിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി.
ഐക്യരാഷ്ട്രസഭയുടെ സ്ര്തീശാക്തീകരണത്തിനു വേണ്ടിയുള്ള കമ്മീഷൻ നടത്തുന്ന 65-ാമത്തെ കോൺഫറൻസ് കോവിഡ് കാരണത്താൽ ഈ വർഷം വിർച്വൽ സമ്മിറ്റ് ആയിട്ടാണ് നടത്തിയത്. 2021 മാർച്ച് 18 മുതൽ 24 വരെ യു.എൻ. വിർച്വൽ ആയിട്ട് നടത്തുന്ന ഈ കോൺഫറൻസിന്റെ പ്രധാനപ്പെട്ട സെഷൻസിന്റെ പാരലലായി സെഷൻസ് ഹോസ്റ്റ് ചെയ്യുവാൻ യു.എൻ. കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരുന്നു. ലോകമെമ്പാടുമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും കിട്ടിയ അപേക്ഷകൾ പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏക കോളേജായ പാഞ്ചഗണിയിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ കോളേജ് ഓഫ് നേഴ്സിങ്.
മഹാബലേശ്വരിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്രയിലെ ആരോഗ്യ രംഗത്ത് പുതിയ മാതൃക തീർക്കുകയാണ്. വിപ്ലവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന ആശുപത്രിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സന്ദർശിച്ചത് വലിയ വർത്താ പ്രാധാന്യം നേടിയിരുന്നു. ആശുപത്രിയെ മുന്നോട്ടു നയിക്കുന്ന ഫാ. ടോമി കരിയിലക്കുളത്തെയും കൂട്ടരെയും അഭിനന്ദിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്. ഉദ്ധവ് താക്കറെയുടെ സന്ദർശനത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിൽ ഇന്ത്യർ റെഡ് ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയും സന്ദർശിച്ചിരുന്നു. അത്തരത്തിൽ പ്രസിദ്ധമായ സ്ഥാപനത്തിന് കീഴിലാണ് ഈ നേഴ്സിങ് കോളേജും പ്രവർത്തിക്കുന്നത്.
എം.സി.ബി.എസ്. സഭയുടെ നേതൃത്വത്തിൽ ഫാ.ടോമി കരിയിലക്കുളം നടത്തുന്ന ബെൽ എയർ ഹോസ്പിറ്റലിനു ലഭിക്കുന്ന മറ്റൊരംഗീകാരമാണ് ഇത്. അബ്ദുൾ കലാം രാഷ്ട്രപതി ആയിരിക്കുമ്പോൾ സന്ദർശനം നടത്തി അനുഗ്രഹിച്ചതാണ് ബെൽ എയർ. അതുകൊണ്ടുതന്നെയാണ് ഈ പ്രവർത്തനരഹിതമായിരുന്ന ഗവണ്മെന്റ് ആശുപത്രിയെ ബെൽ എയർ ഹോസ്പിറ്റലിനെയും ഫാ.ടോമിയെയും ഏൽപ്പിക്കുവാൻ മഹാരാഷ്ട്ര ഗവണ്മെന്റ് തീരുമാനിച്ചത്. ഇന്ത്യയിൽതന്നെ ആദ്യമായിട്ടാണ് ഒരു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഒരു എൻജിഒയെ ഏൽപ്പിച്ചത്. മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിച്ച വൈദികനാണ് മലയാളിയായ ഫാ ടോമി കരിയിലുക്കുളം. മഹരാഷ്ട്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുത്തത്.
മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് നഴ്സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്. ഫാ ടോമി കോട്ടയം ജില്ലയിലെ എടക്കടത്തി സ്വദേശിയാണ്.
സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും അവ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ ബെൽ എയർ കോളേജ് ഓഫ് നേഴ്സിംഗിന് ആഗോള തലത്തിൽ തന്നെ അംഗീകാരമുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു അവസരം യുഎൻ നൽകിയത്. ഇന്ത്യൻ നേഴ്സിങ് കാൺസിൽ പ്രസിഡന്റ്, അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ ഹെൽത് ഓഫീസ് ഡയറക്ടർ ഡോ.ജെന്നിഫർ, ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ ഹെൽത് ഓഫീസ് ഡയറക്ടർ ഡോ. ലിന്റ, തുടങ്ങിയ നിരവധി പ്രഗത്ഭർ അമേരിക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പരിപാടിയിൽ പങ്കെടുത്തു. ഒരു ഇന്ത്യൻ നേഴ്സിങ് കോളേജിനെ സംബന്ധിച്ച് ഇങ്ങനെ ഒരു പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഒരു വലിയ അംഗീകാരമാണ്.
ഇന്ത്യയിൽ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ നേഴ്സിങ് വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനമാണ് ഇത്. അമേരിക്കയിലെ ഷിക്കാഗോയിൽ ഉള്ള ഇല്ലിനോയിസ് സർവ്വകലാശാലയുമായി കൊളാബൊറേഷനും സഹകരണവുമുള്ള കോളേജാണിത്. ഒബാമ - സിങ് ഗ്രാന്റ് എന്ന പേരിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉള്ള ഗ്രാന്റ് അമേരിക്കയിൽ നിന്നും ലഭിക്കുന്നു. ആ ഗ്രാന്റ് കൊണ്ട് ബെൽ എയർ കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അമേരിക്കയിൽ ഗവേഷണത്തിനും കോൺഫറൻസിനും ഒക്കെ വിടാനും അങ്ങനെ അവരുടെ വികാസത്തിനു സഹായിക്കാനുള്ള അവസരം കിട്ടിയ കോളേജാണ്.
ഇപ്പോൾ ലോകപ്രസിദ്ധമായ ന്യുയോർക്കിലെ കൊളംബിയ സർവ്വകലാശാലയുമായുള്ള സഹകരണത്തിൽ സിമുലേഷൻ, സ്റ്റുഡന്റ് എക്സ്ചേഞ്ച് എന്നീ പരിപാടികളും നടത്തുന്നു. അതുകൂടാതെ ലീല പൂനവാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലും ഗോദ് റേജ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും ഫൗണ്ടേഷനുകളുടെയും ആഭിമുഖ്യത്തിലും പാവപ്പെട്ട കുട്ടികൾക്ക് വലിയ സ്കോളർഷിപ്പുകളും മറ്റും കൊടുക്കുന്നു. കോളേജിൽ അഡ്മിഷൻ എടുക്കുന്ന എല്ലാ കുട്ടികൾക്കുംതന്നെ ഒന്നുകിൽ ഗവണ്മെന്റിന്റെ അല്ലെങ്കിൽ ഫൗണ്ടേഷന്റെ സ്കോളർഷിപ്പുകൾ കൊടുത്ത് സൗജന്യമായ നേഴ്സിങ് വിദ്യാഭ്യാസത്തിനു അവസരം ഒരുക്കുന്നു.
ജോൺസൺ + ജോൺസൺന്റെ സഹായത്തോടു കൂടി പാവപ്പെട്ട മഹാരാഷ്ട്രീയൻ കുട്ടികൾക്ക് 2 വർഷത്തെ ഓക്സിലറി നേഴ്സിങ് കോഴ്സ് പൂർണ്ണമായും സൗജന്യമായി പഠിക്കുവാൻ അവസരം ഒരുക്കുന്നു. ഇതു കൂടാതെ, കുട്ടികളുടെ പരിപൂർണ്ണമായ ശാരീരിക, മാനസിക, വ്യക്തിത്വ വികസനത്തിനുതുകുന്ന, കലാ, കായിക അവസരങ്ങൾ കുട്ടികൾക്കായി ഒരുക്കുന്നു. ഇങ്ങനെ പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനു വലിയ തോതിലുള്ള അവസരങ്ങൾ നൽകുന്ന സ്ഥാപനമെന്ന നിലയിൽ ശ്രദ്ധേയമാണ് ഈ സ്ഥാപനം. വേറിട്ട വഴിയിലൂടെ സുവിശേഷ പ്രസംഗ നടത്തിയും വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലുന്ന വൈദികൻ. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.
1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു. ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്.
മറുനാടന് മലയാളി ബ്യൂറോ