പാരീസ്: ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തിന് യൂറോ കപ്പിൽ തകർപ്പൻ ജയം. അയർലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളിനാണു ബെൽജിയം തോൽപ്പിച്ചത്.

റൊമേലു ലുക്കാക്കുവിന്റെ ഇരട്ടഗോളാണു മത്സരത്തിന്റെ പ്രത്യേകത. യൂറോ കപ്പിൽ ബെൽജിയത്തിന്റെ ആദ്യ ജയമാണിത്. അതേസമയം തോൽവിയോടെ പുറത്തേക്കുള്ള വഴിയിലാണ് അയർലൻഡ്.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ആദ്യമൽസരത്തിൽ ഇറ്റലിക്കെതിരെ മങ്ങിയ ലുക്കാക്കു 48, 70 മിനിറ്റുകൾ അയർലൻഡ് ഗോൾവല ചലിപ്പിച്ചു. 61-ാം മിനിറ്റിൽ ആക്‌സൽ വിറ്റ്‌സലിന്റെ വകയായിരുന്നു ബൽജിയത്തിന്റെ മറ്റൊരു ഗോൾ.

കരുത്തരായ ഇറ്റലിയോടെ എതിരില്ലാത്ത രണ്ടു ഗോളിന് ആദ്യ മത്സരത്തിൽ തോറ്റ ബൽജിയം ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി. ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇറ്റലി പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ മൽസരത്തിൽ സ്വീഡനെ സമനിലയിൽ തളച്ച അയർലൻഡിന് ഒരു പോയിന്റുണ്ട്. ഇതോടെ സ്വീഡനെതിരായ അവസാന ഗ്രൂപ്പ് മൽസരം ബൽജിയത്തിന് നിർണായകമായി. ഈ മൽസരത്തിൽ സ്വീഡനെ തോൽപ്പിച്ചാൽ അവർക്ക് പ്രീക്വാർട്ടറിൽ കടക്കാം. സമനില നേടിയാലും പ്രീക്വാർട്ടർ സാധ്യതയുണ്ടെങ്കിലും അവസാന മൽസരത്തിൽ അയർലൻഡ് വൻ മാർജിനിൽ ഇറ്റലിയെ തോൽപ്പിച്ചാൽ ബൽജിയത്തിന്റെ പ്രതീക്ഷകൾ മങ്ങും.