- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി കെ.പി.യോഹന്നാനും ബിലീവേഴ്സ് ചർച്ചും; മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അല്ലാതെ ഷാജ് കിരണുമായി ബന്ധമില്ല; സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചാൽ നിയമനടപടി; യോഹന്നാനുമായി തനിക്ക് ബന്ധമില്ലെന്ന് ഷാജ് കിരൺ
കൊച്ചി: മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ ഇടനിലക്കാരനായി സമീപിച്ചുവെന്നും, മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. യുപി രജിസ്ട്രേഷൻ കാറിൽ എത്തിയത് കെ പി യോഹന്നാന്റെ ആളാണെന്ന് പരിചയപ്പടുത്തിയെന്നും സ്വപ്ന ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നു.
ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് ഷാജി പാലക്കാട്ടെ ഓഫീസിൽ എത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ശിവശങ്കർ മുഖേന പിണറായിയുടെ അടുപ്പക്കാരനെന്ന് അറിയാവുന്ന ആളാണ് ഷാജി കിരണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. ഗോസ്പൽ ഫോർ ഏഷ്യയുടെ ഡയറക്ടർമാരിൽ ഒരാളാണ് ഇദ്ദേഹമെന്നും കോടിയേരിയും പിണറായി വിജയനുമായി അടുത്ത ബന്ധവും ഇയാൾക്കുണ്ടെന്നും സ്വപ്ന ആരോപിച്ചു. എന്നാൽ, ഷാജി കിരൺ എന്ന വ്യക്തിയുമായി മാധ്യമ പ്രവർത്തകൻ എന്നതിന് അപ്പുറം ഒരുബന്ധവും ഇല്ലെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അറിയിച്ചു.
ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ ഒരുട്രസറ്റ് 2015 മുതൽ നിലവിലില്ല. ഷാജി കിരണിന് ട്രസ്റ്റുമായി ഒരുബന്ധവുമില്ല. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സഭാ പിആർഒയുമായി ഉള്ള ബന്ധം മാത്രമാണ് അദ്ദേഹത്തിനുള്ളത്. നിലവിൽ അദ്ദേഹം മാധ്യമ പ്രവർത്തനത്തിൽ ഇല്ല എന്ന വസ്തുതയാണ് മനസ്സിലാക്കുന്നത്. സഭയുടെയും മെത്രാപൊലീത്തയുടെയും പേരുകൾ അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടത് സംബന്ധിച്ച് നിയമ നടപടികൾ എടുക്കണമോ എന്ന് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പിആർഒയും ഔദ്യോഗിക വക്താവുമായ ഫാ.സിജോ പന്തപ്പള്ളിൽ വ്യക്തമാക്കി.
ആരോപണങ്ങൾ തള്ളി ഷാജ് കിരൺ
അതേസമയം, കെപി യോഹന്നാനുമായി തനിക്ക് ബന്ധമില്ലെന്ന് ഷാജ് കിരൺ പറഞ്ഞു. ഒരു വിശ്വാസി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയിട്ടുണ്ട്. മുമ്പ് പി ആർ വർക്കും ചെയ്തിട്ടുണ്ട്. ഗോസ്പൽ ഫോർ ഏഷ്യയിൽ ഭാര്യ ആറേഴു മാസം ജോലി ചെയ്തിട്ടുണ്ട് എന്നതല്ലാതെ വേറെ ബന്ധമുണ്ടെന്ന് അതു പറഞ്ഞവർ തെളിയിക്കണമെന്ന് ഷാജ് കിരൺ പ്രതികരിച്ചു. താൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ചെയ്യുന്നതിന്റെ അനന്തരഫലം ഗൗരവമുള്ളതായിരിക്കുമെന്ന് ഒരു സുഹൃത്തെന്ന നിലയിൽ അവരെ ഉപദേശിച്ചെന്ന് മാത്രം.
നിങ്ങൾ നിങ്ങളുടെ സുരക്ഷ നോക്കി കാര്യങ്ങൾ ചെയ്യണമെന്നാണ് ഞാൻ സ്വപ്നാ സുരേഷിനോട് പറഞ്ഞത്. മറ്റ് കാര്യങ്ങളെല്ലാം സ്വപ്നാ സുരേഷ് പറയട്ടെ. ശബ്ദ രേഖയുണ്ടെങ്കിൽ പുറത്ത് വിടട്ടെ. മൊഴി തിരുത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അതിന്റെ ആവശ്യമില്ല.
അത് ഭീഷണിയല്ല. 2014ലാണ് താൻ അവസാനമായി മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതെന്നും അല്ലാതെ യാതൊരു ബന്ധവുമില്ലെന്നും ഷാജ് മാധ്യമങ്ങളോടു പ്രതികരിച്ചു. മുഖ്യമന്ത്രിക്കായി എന്തെങ്കിലും പറയണമെങ്കിൽ മുഖ്യമന്ത്രിയുമായി ബന്ധം വേണ്ടേ എന്നും ഷാജ് ചോദിച്ചു.
സ്വപ്ന സുരേഷ് വിളിച്ചിട്ടാണ് കഴിഞ്ഞ ദിവസം താൻ പാലക്കാട് അവർ താമസിക്കുന്ന സ്ഥലത്തു പോത്. സരിത്തിനെ ആരോ തട്ടിക്കൊണ്ടു പോയി ഇവിടെ വരാമോ എന്നു പറഞ്ഞാണ് വിളിച്ചത്. അവിടെ ചെന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. വൈകിട്ട് ആറു വരെ അവർക്കൊപ്പമുണ്ടായിരുന്നു.
തനിക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത് സ്വപ്നയാണെന്നു കരുതുന്നില്ല. സ്വപ്നയിൽ നിന്നു തന്നെ അകറ്റാൻ ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. 52 ദിവസമായി സ്വപ്നയുമായി അടുപ്പവും സൗഹൃദവുമുണ്ട്. അവരുമായി താൻ അടുക്കുന്നതിൽ താൽപര്യമില്ലാത്ത ആരോ ആണ് സത്യവാങ്മൂലത്തിനു പിന്നിലെന്നാണ് കരുതുന്നത്. അല്ലെങ്കിൽ താൻ അവരെ ഭീഷണിപ്പെടുത്തി എന്നത് അവരുടെ വായിൽ നിന്നു കേൾക്കണമെന്നും ഷാജ് കിരൺ പറഞ്ഞു.
ഇന്നലെ അവർ പറഞ്ഞതനുസരിച്ചു വൈകുന്നേരം വരെ പാലക്കാട്ടുണ്ടായിരുന്നു. അപ്പോഴൊന്നും സ്റ്റേറ്റ്മെന്റ് കൊടുക്കുന്നുണ്ടെന്നു പറഞ്ഞില്ല. സ്വപ്ന കോടതിയിൽ 164 സ്റ്റേറ്റ്മെന്റ് കൊടുത്ത ദിവസം രാവിലെയും കൊടുത്ത ശേഷവും സംസാരിച്ചിരുന്നു. സ്വപ്നയുമായി എല്ലായ്പോഴും സ്വകാര്യമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്. സ്വപ്ന വെളിപ്പെടുത്തിയ കാര്യങ്ങൾ ശരിയാണോ എന്ന് ഒരിക്കൽ പോലും അവരോടു ചോദിച്ചിട്ടില്ല. അതിൽ ഉൾപ്പെടാൻ താൽപര്യമില്ലാതിരുന്നതിനാലാണ് ചോദിക്കാതിരുന്നത്. സ്വപ്നയുമായുള്ള സൗഹൃദം ഭാര്യയ്ക്കും പിതാവിനും അറിയാം.
താൻ ഫെബ്രുവരിയിൽ ആകെ ഒരു തവണയാണ് വിദേശത്തു പോയത്. അതു സ്വപ്നയെ പരിചയപ്പെടുന്നതിനുമുമ്പ് ഭാര്യയുമായാണു പോയത്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മധ്യസ്ഥ ചർച്ചയ്ക്കു വിളിച്ചപ്പോൾ ഗസ്റ്റ്ഹൗസിൽ വച്ചാണ് മുഖ്യമന്ത്രിയെ അവസാനം കണ്ടത്. അല്ലാതെ യാതൊരു ബന്ധവുമില്ല. ശിവശങ്കറിനെ ടിവിയിലല്ലാതെ കണ്ടിട്ടില്ല. സിപിഎമ്മിന്റെ നേതാക്കളെ കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിളിച്ചിട്ടുണ്ടോ എന്നു ഫോണിൽ ആർക്കു വേണമെങ്കിലും പരിശോധിക്കാം.
സ്വപ്നയുടെ തിരുവനന്തപുരത്തുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലല്ല. ഇവരുടെ പക്കൽ പണം ഇല്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കായാലും വിൽക്കാൻ തയാറാണെന്നു പറഞ്ഞു. എന്നാൽ അല്ലാതെ പണം സംഘടിപ്പിക്കാമെന്നും ഭൂമി ഇപ്പോൾ വിറ്റാൽ വില കിട്ടില്ലെന്നും പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല. അവരുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഉണ്ടെങ്കിൽ പുറത്തു വിടണം. സ്വപ്നയെ കാണാൻ പോയത് സരിത്തിനെ തട്ടിക്കൊണ്ടു പോയി എന്നു പല മാധ്യമ പ്രവർത്തകരെയും വിളിച്ച് അറിയിച്ച ശേഷമാണ്. മണ്ണുത്തി എത്തിയപ്പോഴാണ് വിജിലൻസാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയുന്നത്. പിന്നെ അവിടെ എത്തിയതുകൊണ്ടു പാലക്കാട്ടേയ്ക്കു പോകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ